ന്യൂഡൽഹി: ചത്തീസ്ഗഢ് തിരഞ്ഞെടുപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടം നടന്ന മണ്ഡലമായിരുന്നു മുഖ്യമന്ത്രി രമൺസിംഗ് മത്സരിച്ച രാജ്നന്ദ് ഗാവ്. 15 വർഷത്തിന് ശേഷം ആഞ്ഞടിച്ച കോൺഗ്രസ് കൊടുങ്കാറ്റിൽ ചത്തീസ്ഗഢിലെ ബി.ജെ.പി തുടച്ച് മാറ്റപ്പെട്ടപ്പോഴാണ് രമൺസിംഗിനെ കൈവിടാതെ രാജ്നന്ദ് ഗാവ് ബി.ജെ.പിക്കൊപ്പം നിന്നത്. മുൻ ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രി വാജ്പേയുടെ മരുമകളുമായ കരുണ ശുക്ല കോൺഗ്രസ് ടിക്കറ്റിൽ രമൺ സിംഗിനെതിരേ മത്സരിച്ചപ്പോഴാണ് മണ്ഡലത്തിന് ഗ്ലാമർ പരിവേഷം ലഭിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ കരുണ ശുക്ല ലീഡ് നിലയിൽ മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് രമൺസിംഗ് കൃത്യമായ ലീഡ് നിലനിർത്തുകയായിരുന്നു. നിലവിൽ 8990 വോട്ടിന്റെ ലീഡാണ് രമൺ സിംഗിനുള്ളത്. നീണ്ട 32 വർഷത്തെ ബി.ജെ.പി ബന്ധം അവസാനിപ്പിച്ചായിരുന്നു കരുണ ശുക്ല 2014-ൽ കോൺഗ്രസിൽ ചേർന്നത്. തുടർന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ലക്ഹാൻ ലാൽ സാഹുവിനെ 176,436 വോട്ടിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് സാക്ഷാൽ രമൺസിംഗിനെതിരെ തന്നെ മത്സരിക്കാനായി കരുണ ശുക്ല രാജ്നന്ദ് ഗാവിലെത്തിയത്. അതുകൊണ്ടു തന്നെ മണ്ഡലത്തിൽ രമൺ സിംഗിന് വിജയത്തിനപ്പുറം ഒന്നും ചിന്തിക്കാനുമുണ്ടായിരുന്നില്ല. വർധിച്ച് വരുന്ന മാവോവാദി അക്രമങ്ങൾ, മോദി വിരുദ്ധ അനുകൂല ഘടകങ്ങൾ, 15 വർഷത്തോളമായുള്ള ബി.ജെ.പി സർക്കാരിനെതിരേയുള്ള ഭരണ വിരുദ്ധ പ്രചാരണങ്ങൾ എന്നിവയെല്ലാം വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് സാധിച്ചുവെന്നതാണ് ചത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന മുന്നറിയിപ്പ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ആഴത്തിൽ ചിന്തിപ്പിക്കുന്നതായിരിക്കും ചത്തീസ്ഗഢിൽ നിന്ന് അടക്കം പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ.
from mathrubhumi.latestnews.rssfeed https://ift.tt/2C34Tmj
via
IFTTT
No comments:
Post a Comment