2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് അഞ്ച് സംസ്ഥാന നിയസഭകളിലേക്ക് നടന്ന ഈ തെരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. അതിൽ രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു മധ്യപ്രദേശിലേത്. 5 കോടിയോളം ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് എന്നതും രാജ്യത്തെ ഏറ്റവും പ്രമുഖ പാർട്ടികൾ നേരിട്ട് മത്സരിക്കുന്ന സംസ്ഥാനം എന്നതുമെല്ലാം അതിനുള്ള കാരണങ്ങളാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ സാഹചര്യത്തിൽ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് നൽകുന്ന കരുത്ത് ചെറുതൊന്നുമായിരിക്കില്ല. തുടർച്ചയായി നാലാം തവണയും അധികാരത്തിൽ വരിക എന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് ആത്മവിശ്വാസം ആവശ്യത്തിലേറെയുണ്ടായിരുന്നു. ജനകീയനും കാര്യശേഷി ഉള്ളവനുമായ മുഖ്യമന്ത്രി എന്ന പേരെടുത്ത ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വമാണ് ഇതിൽ ഏറ്റവും പ്രധാനമായി ബി.ജെ.പി ഉയർത്തിക്കാട്ടിയത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം മോദിയെ ഉയർത്തിക്കാട്ടി ബി.ജെ.പി വോട്ട് പിടിച്ചപ്പോൾ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണ കേന്ദ്രം. സവർണരുടെയും ഒ.ബി.സി. വിഭാഗത്തിന്റെയും പിന്തുണ നേരത്തേയുണ്ടായിരുന്ന ബി.ജെ.പിക്ക് പട്ടികജാതി-വർഗ വോട്ടർമാർക്കിടയിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വാധീനമുറപ്പിക്കാൻ സാധിച്ചതും ആത്മവിശ്വാസം കൂട്ടി. സംഘപരിവാറിന്റെ വനവാസി കല്യാൺ ആശ്രമത്തിന്റെ പ്രവർത്തനങ്ങളിലൂടെയായിരുന്നൂ ആദിവാസി മേഖലയിൽ ബി.ജെ.പി.യുടെ കടന്നുകയറ്റം. സമസ്ത മേഖലയിലും വേരുറപ്പുള്ള ബി.ജെ.പിയുടെ സംഘടനാ കരുത്തും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കരുത്താകുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചു. എന്നാൽ മറുപക്ഷത്ത് സ്ഥിതിഗതികൾ ഒട്ടും ശുഭകരമായിരുന്നില്ല. തമ്മിലടിക്കും ഗ്രൂപ്പ് രാഷ്ട്രീയത്തിനും പേര് കേട്ട മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വം. റിബലുകളുടെ ഭീഷണി, ബി.ജെ.പിയുടെ സംഘടനാ കരുത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിനും മുന്നിൽ പകച്ചു നിൽക്കുന്ന കോൺഗ്രസ് കമ്മറ്റി- ഈ കോൺഗ്രസാണ് ഈ മധ്യപ്രദേശിൽനേട്ടം ഉണ്ടാക്കിയതെന്ന കാര്യം പ്രവർത്തകർക്ക് പോലും ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. കമൽനാഥ് എഫക്ട് ഈ സാഹചര്യത്തിൽ തമ്മിലടിച്ചു നിൽക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ- ദിഗ്വിജയ് സിങ്മാർക്ക് പകരം നേതൃത്വമായി കമൽനാഥിനെ എത്തിച്ച രാഹുൽ ഗാന്ധിയുടെ പൂഴിക്കടകനാണ് മധ്യപ്രദേശ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായത്. കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയത് അക്ഷരാർത്ഥത്തിൽ ഉയിർത്തെഴുന്നേൽപ്പ് തന്നെയായിരുന്നു. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമൽനാഥിന്റെ നേതൃത്വം അത്രമേൽ കോൺഗ്രസിന് കരുത്തായി. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിന് കീറാമുട്ടിയായിരുന്ന സീറ്റ് വിഭജനം പരാതികളൊന്നുമില്ലാതെ പൂർത്തിയാക്കിയാണ് കമൽനാഥ് തന്റെ പ്രവർത്തനം ആരംഭിച്ചത്. പതിനഞ്ചുവർഷത്തെ ബി.ജെ.പി. ഭരണത്തിനെതിരേ കർഷകർക്കും ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും യുവജനങ്ങൾക്കുമിടയിൽ രൂപപ്പെട്ടിട്ടുള്ള ശക്തമായ വികാരം വോട്ടാക്കി മാറ്റാൻ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് കഴിഞ്ഞു. ജനവികാരം മനസ്സിലാക്കാൻ സംസ്ഥാനത്തുടനീളം സർവേകൾ നടത്താൻകമൽനാഥ് തയ്യാറായി. കമൽനാഥിൽനിന്ന് തങ്ങളുടെ വിഹിതം ചോദിച്ചുവാങ്ങാൻ സിന്ധ്യയ്ക്കും ദിഗ്വിജയ് സിങ്ങിനും കഴിഞ്ഞു. ഇനിയും പ്രതിപക്ഷത്ത് ഇരുന്നിട്ട് കാര്യമില്ലെന്നുള്ള തിരിച്ചറിഞ്ഞ നേതാക്കന്മാർ തമ്മിലടി മാറ്റിവെച്ച് പോരാടാൻ തയ്യാറായി. ഹിന്ദുവിരുദ്ധ പാർട്ടിയെന്ന ബി.ജെ.പിയുടെ ആരോപണം മൃദു ഹിന്ദുനയങ്ങൾ എടുത്തണിയണമെന്നായിരുന്നു കമൽനാഥിന്റെ പക്ഷം. എല്ലാ പഞ്ചായത്തിലും ഗോശാലയും ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്കായുള്ള പദ്ധതികളും പ്രഖ്യാപിച്ച് കോൺഗ്രസ് പ്രകടനപത്രികയിറങ്ങി. അമ്പലങ്ങൾ കയറിയിറങ്ങി രാഹുൽ ഗാന്ധിയും അതിന് ശക്തി പകർന്നു. ഹിന്ദുവിനെ ബി.ജെ.പിക്ക് വിട്ട് കൊടുക്കില്ല എന്ന്പ്രഖ്യാപിക്കാൻ കോൺഗ്രസ് മടിച്ചില്ല. താഴ്ന്നജാതിക്കാരെ പിണക്കാതെ സവർണരെ പ്രീണിപ്പിക്കാനുള്ള ഞാണിൻമേൽക്കളിയാണ് ഇരുകക്ഷികളും നടത്തിയത്. അതിൽ കോൺഗ്രസ് വിജയിക്കുകയും ബി.ജെ.പി പരാജയപ്പെടുകയും ചെയ്തു. ബി.ജെ.പി ഉയർന്ന ജാതിക്കാരെ അവഗണിക്കുന്നു എന്ന് പറഞ്ഞ് തന്നിച്ച് മത്സരിച്ച സവർണരുടെ സംഘടനയായ സാപക്സ് സ്ഥാനാർത്ഥികളുടെ സാന്നിധ്യമാണ് പല മണ്ഡലങ്ങളിലും ബി.ജെ.പി പരാജയത്തിന് കാരണമായത്. അവസാനം ആ കമൽനാഥ് തന്ത്രങ്ങൾ വിജയിച്ചിരിക്കയാണ്. ബി.ജെ.പി കോട്ടകൾ പോലും ബി.ജെ.പിയെ കൈവിട്ടു. മാൾവ, ചമ്പൽ എന്നീ റീജിയണുകളിലെ ബി.ജെ.പി തിരിച്ചടികൾ കോൺഗ്രസിനെ പോലും അത്ഭുതപ്പെടുത്തി. നഗരങ്ങൾ ബി.ജെ.പിയെ സഹായിച്ചപ്പോൾ ഗ്രാമങ്ങൾ കോൺഗ്രസിനൊപ്പം നിന്നു. സർക്കാർ ആര് രൂപീകരിച്ചാലും കോൺഗ്രസിന് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസിന് ഈ നേട്ടം മാത്രം മതി. തങ്ങളെ രാജ്യത്തിന്റെ അധികാരത്തിൽ എത്തിച്ച ഹിന്ദി ഹൃദയഭൂമികയിൽ ഉണ്ടായ ഈ തിരിച്ചടിക്ക് ബി.ജെ.പി കനത്ത വിലനൽകേണ്ടി വരും. Five state election 2018 result, Madhyapradesh assembly election result 2018, Shivraj Singh, Kamalnath, jyotiraditya scindia, Digvijay Singh, BJP, Congress
from mathrubhumi.latestnews.rssfeed https://ift.tt/2zTk8wK
via
IFTTT
No comments:
Post a Comment