ഹിന്ദി മേഖലയിലെ തട്ടകത്തിൽ ബി.ജെ.പി.യുമായി നേരിട്ടേറ്റുമുട്ടി മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമ്പോൾ രാജ്യമൊട്ടുക്കും പ്രസക്തമാവുന്ന ചോദ്യമിതാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തു സംഭവിക്കും? ദേശീയരാഷ്ട്രീയം തീവ്രവലതുപക്ഷത്തുനിന്ന് കോൺഗ്രസിനെ കേന്ദ്രബിന്ദുവാക്കി വഴിമാറുമോ? കോൺഗ്രസിനെ കശക്കിയെറിഞ്ഞ് വെറും 44 സീറ്റുകൾ മാത്രം നൽകിയാണ് 2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബി.ജെ.പി. ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടിയത്. മൂന്നുപതിറ്റാണ്ടിനു ശേഷമാണ് ആദ്യമായി ഒരുപാർട്ടി തനിച്ച് ഭൂരിപക്ഷത്തിലെത്തിയത്. യു.പി.എ. ഭരണത്തിലെ അഴിമതി മാത്രമല്ല, മോദി ഉയർത്തിയ വികസനരാഷ്ട്രീയവും നല്ലഭരണമെന്ന വാഗ്ദാനവും ഹിന്ദുത്വ അജൻഡയും അതിനു കാരണമായി. ഉത്തരേന്ത്യയിലെ പൂർണ തകർച്ചയിൽനിന്ന് കോൺഗ്രസ് ഇപ്പോൾ കരകയറുമ്പോൾ ബി.ജെ.പി.യുടെ വികസനമുഖവും ഹിന്ദുത്വ അജൻഡയും ഒരുപോലെ ഇടിഞ്ഞിരിക്കുന്നുവെന്നുവേണം അനുമാനിക്കാൻ. ബി.ജെ.പി.യെയും മോദിയെയും ഹിന്ദി മേഖലയിൽത്തന്നെ തകർത്തെറിയാൻ കോൺഗ്രസിനു സാധിച്ചത് സുപ്രധാനമായ സന്ദേശമാണ് പ്രതിപക്ഷ പാർട്ടികൾക്കു നൽകുന്നത്. ഭരണവിരുദ്ധ വികാരത്തെ പതിനഞ്ചുവർഷത്തോളം അതിജീവിച്ചതിനും വികസനത്തിനും നല്ലഭരണത്തിനും മികച്ച മാതൃകകളായി മോദിയും ബി.ജെ.പി.യും ഉയർത്തിക്കാട്ടിയ സംസ്ഥാനങ്ങളായിരുന്നു മധ്യപ്രദേശും ഛത്തീസ്ഗഢും. യഥാർഥത്തിൽ അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രതിച്ഛായയ്ക്കു വലിയ കോട്ടം തട്ടിയിട്ടുമില്ല. രാജസ്ഥാനിലേതുപോലെ ഭരണവിരുദ്ധ വികാരം ഇല്ലാതിരുന്നിട്ടും അവർക്ക് അടിയറവു പറയേണ്ടിവന്നിരിക്കുന്നു. ജനവിധി സ്വാഭാവികമായും ദേശീയതലത്തിലുള്ള ബി.ജെ.പി.യുടെയും മോദിയുടെയും നിലപാടുകളോടുള്ള പ്രതികരണം കൂടിയാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ സംസ്ഥാനങ്ങളിൽ നടത്തിയ വ്യാപകമായ പ്രചാരണവും വിലപ്പോയില്ല. പ്രാദേശിക കാരണങ്ങൾക്കു പുറമേ നോട്ടസാധുവാക്കലിനും ജി.എസ്.ടി.ക്കും ശേഷമുണ്ടായ സാമ്പത്തികമാന്ദ്യവും ഗ്രാമീണ-കാർഷിക പ്രതിസന്ധിയും ബി.ജെ.പി. നേരിട്ട തിരിച്ചടിക്കു കാരണങ്ങളാണ്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം 21 നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പു നടന്നതിൽ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തിയത്. ബി.ജെ.പി.യും സഖ്യകക്ഷികളും അധികാരം പിടിച്ച സംസ്ഥാനങ്ങളിലെല്ലാം അത് മോദിയുടെ വ്യക്തിപ്രഭാവത്തിന്റെയും വികസനരാഷ്ട്രീയത്തിന്റെയും നേട്ടമായാണ് ബി.ജെ.പി. ഉയർത്തിക്കാട്ടിയത്. എന്നാൽ, ചൊവ്വാഴ്ചത്തെ പരാജയം മോദിയുടെ മേൽ ആരും ചാർത്തിക്കൊടുക്കില്ലെന്ന് ഉറപ്പാണ്. ഒരു പാർട്ടിയെയും നേതാവിനെയും തള്ളാനാവില്ലെന്ന പാഠമാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. 2019-ൽ മോദിക്കു ബദലാരെന്ന് ഇനി പഴയ ചങ്കുറപ്പോടെ ചോദിക്കാൻ ബി.ജെ.പി.ക്കാവില്ല. കോൺഗ്രസിനോട് അടുത്തും അല്പം അകന്നും നിൽക്കുന്ന സഖ്യകക്ഷികളുടെ രാഹുൽ ഗാന്ധിയോടുള്ള സമീപനത്തിലും നിലപാടിലും മാറ്റംവരുമെന്നും ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേരീതി തുടർന്നുവരുന്ന പൊതുതിരഞ്ഞെടുപ്പിലും ആവർത്തിക്കുന്നതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുപ്രവണത. അതു തുടർന്നാൽ ഏതാനും മാസത്തിനകം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഈ സംസ്ഥാനങ്ങളിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിസന്ധി നേരിടും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ 65 ലോക്സഭാ സീറ്റുകളിൽ 62 -ഉം ബി.െജ.പി.ക്കായിരുന്നു. ഇപ്പോഴത്തെ നിലയിൽ 2019-ൽ അതിൽ പകുതിയും കുറയും. ഇത് ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളായ യു.പി.യിലും ബിഹാറിലും വലിയ ചലനങ്ങളുണ്ടാക്കിയേക്കാം. ബി.ജെ.പി.ക്ക് 80 -ൽ 71 സീറ്റുകൾ ലഭിച്ച യു.പി.യിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പി.യും സഖ്യമുണ്ടാക്കുന്നതുതന്നെ അവർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ ഗൊരഖ്പുരിൽപോലും ബി.ജെ.പി. തോറ്റത് ഈ കൂട്ടുകെട്ടിന്റെ ഫലമാണ്. എസ്.പി.- ബി.എസ്.പി. സഖ്യത്തോടൊപ്പം തന്ത്രപരമായ സഖ്യം കോൺഗ്രസ് ഉണ്ടാക്കിയാൽ യു.പി.യിൽ ബി.ജെ.പി. തകർന്നടിയും. ബിഹാറിലെ എൻ.ഡി.എ. ഇതിനകം പ്രതിസന്ധിയിലാണ്. കഴിഞ്ഞദിവസം ഉപേന്ദ്ര കുശ്വാഹ രാജിവെക്കുകയും ആർ.എൽ.എസ്.പി. ബി.ജെ.പി. സഖ്യം വിടുകയും ചെയ്തിരുന്നു. അധികാരത്തിലെത്തുന്നതിനു മുമ്പും ശേഷവും കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ബി.ജെ.പി. ഉയർത്തിപ്പിടിച്ചത് ശ്രദ്ധേയമാണ്. സോണിയയ്ക്കും രാഹുലിനുമെതിരേ വ്യക്തിപരമായ പരിഹാസം പ്രധാനമന്ത്രിയിൽനിന്നുതന്നെ ഉണ്ടായി. മാന്യത വിട്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾക്കെതിരേ പലകോണുകളിൽനിന്നും വിമർശനമുയർന്നു. അവയെ ചെറുത്തുകൊണ്ട്, ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ 2014 -നുശേഷം കോൺഗ്രസിനെയും അതിന്റെ രാഷ്ട്രീയനിലപാടുകളെയും പതുക്കെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ വലിയ ഉത്തരവാദിത്വമാണ് രാഹുൽ ഏറ്റെടുത്തത്. രാഹുലും മോദിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി ഈ തിരഞ്ഞെടുപ്പിനെ പലരും വ്യാഖ്യാനിച്ചത് അതിന്റെ പശ്ചാത്തലത്തിൽകൂടിയാണ്. അതിൽ തത്കാലം രാഹുൽ ജയിച്ചുനിൽക്കുകയാണെങ്കിലും അടുത്തഘട്ടത്തിൽ കളിയുടെ ഗതി മാറുമെന്നാണ് ബി.ജെ.പി. നേതാക്കളുടെ അവകാശവാദം. പൊതുതിരഞ്ഞെടുപ്പിന്റെ വിഷയവും പ്രചാരണരീതിയും തന്ത്രങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കുമത്രെ. content highlights:Five State Assembly Elections
from mathrubhumi.latestnews.rssfeed https://ift.tt/2EoCjhF
via
IFTTT
No comments:
Post a Comment