ഒരിക്കലും നടക്കില്ലെന്ന് അറിയാമായിരുന്നിട്ടും പ്രതീക്ഷയുടെ ചെറിയ കണികയുണ്ടായിരുന്നു അന്ന് ആർച്ചന രാജ് എന്ന കോഴിക്കോട് പെരുവണ്ണാമൂഴിയിലെ 23 വയസ്സുകാരി ആ തീരുമാനം എടുക്കുമ്പോൾ. രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെ വീട്ടുകാരും സമൂഹവും അംഗീകരിക്കില്ല ഏന്ന ഉറച്ച ബോധ്യമുണ്ടായപ്പോൾ അവൾ ആണാവാൻ തീരുമാനിച്ചു. അർച്ചന അങ്ങനെ ദീപുവായി. കടുത്ത വേദനയിലും തന്റെ പ്രണയത്തെ അവൾ ആവോളം സ്വപ്നം കണ്ടു. പെണ്ണായിട്ടും ആണിന്റെ മാനസികാവസ്ഥയോടെ ജീവിക്കേണ്ടി വരുന്നത് കൊണ്ടല്ല, മറിച്ച് തന്റെ പ്രണയത്തെ മുറുകെ പിടിച്ച് കൂട്ടുകാരിയോടൊപ്പം ഒരുമിച്ച് ജീവിക്കാൻ അവൾ ആണായി. പക്ഷെ ശസ്ത്രക്രിയയുടെ വേദന മാറുന്നതിന് മുമ്പെ തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്ന് കൂട്ടുകാരി തിട്ടൂരം പറഞ്ഞപ്പോൾ തകർന്ന് പോയത് ഒരു പ്രണയം മാത്രമായിരുന്നില്ല, മറിച്ച് ഒരു ജീവിതം തന്നെയായിരുന്നു. നാട്ടിലെ ഒരുഹോ അപ്ലയൻസസ് കടയിൽ ജോലി നോക്കുന്നതിനിടെയായിരുന്നു അർച്ചനയും വടകര സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയും പരിചയത്തിലാവുന്നത്. പരിചയം അങ്ങനെ പ്രണയത്തിലേക്കും ഒരുമിച്ച് ജീവിക്കുക എന്ന സ്വപ്നത്തിലേക്കും എത്തുകയായിരുന്നു. രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെ ലോകം അംഗീകരിക്കില്ലെന്നറിഞ്ഞതോടെ കൂട്ടുകാരിയാണ് തന്നെ ലിംഗമാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് അർച്ചന പറയുന്നു. കൂട്ടുകാരിയോടൊപ്പമുള്ള ജീവിതം സ്വപ്നം കണ്ട് അങ്ങനെ അർച്ചന ചെന്നൈയ്ക്ക് വണ്ടികയറി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും ചെയ്തു. വീട്ടകാർ പോലും അറിഞ്ഞത് ശസ്ത്രക്രിയയ്ക്ക് ശേഷം. എങ്കിലും സ്വന്തം വീട്ടുകാർ അംഗീകരിക്കുമെന്ന പ്രതീക്ഷയായിരുന്നു ദീപുവായി മാറിയ അർച്ചനയ്ക്ക്. ദീപുവായി മാറിയ അർച്ചന (പഴയ ചിത്രം) ഒക്ടോബറിൽ ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടിലെത്തി കൂട്ടുകാരിയെ വിളിച്ചെങ്കിലും പിന്നീട് അവൾ ഫോൺ എടുക്കാതെയായതോടെയാണ് ചതിയുടെ സൂചന ദീപുവിന് നൽകിയത്. പോലീസ് സ്റ്റേഷനിൽ അടക്കം ബന്ധപ്പെട്ട് കൂട്ടകാരിയെ കാണാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ദീപു ആവശ്യപ്പെട്ടതനുസരിച്ച് അവർ സ്റ്റേഷനിലെത്തിയെങ്കിലും കോടതിയിൽ അടക്കം തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് ദീപു പറയുന്നു. അടുത്തമാസം അവൾ മറ്റൊരു വിവാഹത്തിന് കൂടി അവൾ ഒരുങ്ങുമ്പോൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നത് ദീപുവിനും കുടുംബത്തിനും മാത്രമാണ്. ഇപ്പോൾ തന്നെ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സാ ചെലവ് വന്നിട്ടുണ്ട്. തുടർ ചികിത്സ ഇനിയുമെടുക്കേണ്ടതുമുണ്ട്. ലിംഗ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞാൽ മാസങ്ങളോളം കൃത്യമായ വിശ്രമവും മരുന്നുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പക്ഷെ കൂട്ടുകാരിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി പോലീസ് സ്റ്റേഷനിലും കോടതിയിലുമായി ഇന്നും ഓടി നടക്കുകയാണ് ദീപു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതുമായി ബന്ധപ്പെട്ടും തങ്ങളുടെ പ്രണയവുമായി ബന്ധപ്പെട്ടും സുഹൃത്തുമായി നടത്തിയ വാട്സാപ്പ് സന്ദേശങ്ങളും വീഡിയോ സന്ദേശങ്ങളും അടക്കം ദീപു കാണിക്കുന്നുണ്ടെങ്കിലും തനിക്കെതിരെ പറഞ്ഞ മൊഴിയാണ് എല്ലാവരും വിശ്വസിക്കുന്നതെന്ന് ദീപു പറയുന്നു. എങ്കിലും ഒരു പ്രണയത്തിന്റെ രക്തസാക്ഷി എന്ന നിലയ്ക്ക് ഇനി അർച്ചനയിലേക്ക് തിരിച്ച് പോക്കില്ലാതെ ദീപുവായി ജീവിതം തുടരുമെന്ന് പറയുന്നു ഈ 23 കാരി.
from mathrubhumi.latestnews.rssfeed http://bit.ly/2EPlY5Q
via
IFTTT
No comments:
Post a Comment