കൊടിക്കുന്നിലിനെ തകര്‍ക്കാന്‍ പുന്നല ; മാവേലിക്കരയില്‍ ഇടതുപക്ഷം കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ പരീക്ഷിച്ചേക്കും​? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

കൊടിക്കുന്നിലിനെ തകര്‍ക്കാന്‍ പുന്നല ; മാവേലിക്കരയില്‍ ഇടതുപക്ഷം കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ പരീക്ഷിച്ചേക്കും​?

കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്നു മത്സരിപ്പിക്കാന്‍ ഇടതുപക്ഷം കേരളാ പുലയര്‍ മഹാസഭാ നേതാവ് പുന്നല ശ്രീകുമാറിനേയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശബരിമല വിഷയത്തിന് പിന്നാലെ ഇടതുപാളയത്തില്‍ എത്തിയിട്ടുള്ള പുന്നല ശ്രീകുമാറിനെ പരീക്ഷണാര്‍ത്ഥം ഇടതുപക്ഷം ഇറക്കിയേക്കാനാണ് സാധ്യതയെന്നാണ് അറിയുന്നത്. സംവരണമണ്ഡലമായ മാവേലിക്കരയില്‍ കഴിഞ്ഞ രണ്ടു തവണയും വിജയിച്ചത് കൊടിക്കുന്നില്‍ സുരേഷായിരുന്നു. ഇത്തവണയും കൊടിക്കുന്നില്‍ സുരേഷ് തന്നെ മത്സരിച്ചേക്കുമെന്നാണ് യുഡിഎഫില്‍ നിന്നും കേള്‍ക്കുന്നത്.

ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു എന്നതിനപ്പുറത്ത് പുന്നലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഒരു സ്ഥിരീകരണവും ഇടതുപക്ഷമോ സിപിഎമ്മോ നടത്തിയിട്ടില്ല എന്നിരിക്കിലും സിപിഐ യുടെ സീറ്റായ മാവേലിക്കരയില്‍ സിപിഐ കൂടി പച്ചക്കൊടി കാട്ടിയാല്‍ പുന്നലയെ മത്സരിപ്പിക്കാന്‍ വലിയ എതിര്‍പ്പ് ഉയരാനിടയില്ല. ശബരിമല വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി എത്തിയ ബിജെപി ചേരിയിലേക്ക് എന്‍എസ്എസ് ഉള്‍പ്പെടെയുളള സംഘടനകള്‍ ചാഞ്ഞപ്പോള്‍ കെപിഎംഎസിലെ പുന്നല വിഭാഗം സര്‍ക്കാര്‍ അനുകൂല നിലപാടിലാണ് നില കൊണ്ടത്. ശബരിമല വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാര്‍ സര്‍ക്കാര്‍ പിന്നാക്ക സംഘടനകളെ അണി നിരത്തുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കണ്‍വീനറായി സിപിഎം നിയോഗിച്ചതും പുന്നല ശ്രീകുമാറിനെയാണ്. ഇത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും വനിതാമതില്‍ ഉള്‍പ്പെടെയുള്ള പരിപാടികളുടെ പ്രചരണത്തിന് സര്‍ക്കാരിന് വലിയ പിന്തുണ ഉറപ്പാക്കാനുമായി.

പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷക്കാരെയും അല്ലാത്തപ്പോള്‍ യുഡിഎഫിനെയും പുല്‍കുന്നതാണ് മാവേലിക്കരയുടെ സാധാരണ രീതി. 2008 ലെ പുനര്‍നിര്‍ണ്ണയം അനുസരിച്ച് മാവേലിക്കരയ്ക്ക് കീഴില്‍ വന്ന നിയമസഭാ മണ്ഡലങ്ങളില്‍ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നിങ്ങനെ ഏഴില്‍ അഞ്ചിടത്തും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളാണ് ജയിച്ചു കയറിയത് എന്നത് ഇവിടുത്തെ ഇടതുസ്വാധീനം വ്യക്തമാക്കുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മലക്കം മറിഞ്ഞ് ഇവിടം യുഡിഎഫിന്റെ കുത്തകയായി മാറുന്നു എന്ന വൈചിത്ര്യവും നില നില്‍ക്കുന്നു.

2019 തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് കേന്ദ്ര നിരീക്ഷക സമിതിയുടെ സര്‍വേ പ്രകാരം കേരളത്തില്‍ 13 സീറ്റുകള്‍ യുഡിഎഫിന് കിട്ടിയേക്കും എന്നാണ് വിലയിരുത്തല്‍. ഇതില്‍ അവര്‍ ഒന്നാം സ്ഥാനത്ത് കാണുന്നതാകട്ടെ മാവേലിക്കരയും. മണ്ഡല പുനനിര്‍ണ്ണയം വരുന്നതിന് മുമ്പും പിമ്പുമായി മാവേലിക്കരയില്‍ 15 ല്‍ 13 തവണയും യുഡിഎഫുകാര്‍ വിജയിച്ചു. അഞ്ചു തവണ ജയിച്ച പിജെ കുര്യനും രണ്ടു തവണ ജയിച്ച കൊടിക്കുന്നിലും ഒരു തവണ രമേശ് ചെന്നിത്തലയും ജയിച്ചപ്പോള്‍ 2004 ല്‍ സിഎസ് സുജാത ജയിച്ചത് മാത്രമായിരുന്നു ഇതിന് ഏക അപവാദം. അതാകട്ടെ രമേശ് ചെന്നിത്തലയ്ക്ക് മേല്‍ വെറും 7000 വോട്ടുകളുടെ ഭൂരിപക്ഷത്തിനും. അഞ്ചു തവണ ജയിച്ചു പാര്‍ലമെന്റില്‍ എത്തിയ കൊടിക്കുന്നില്‍ സുരേഷിന് 2008 ല്‍ മണ്ഡലം പുനര്‍നിര്‍ണ്ണയം ചെയ്ത ശേഷവും 2009 ലും 2014 ലും ജയിച്ചു. കൊടിക്കുന്നില്‍ കഴിഞ്ഞ തവണ ചെങ്ങറ സുരേന്ദ്രനെ 32,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. കൊടിക്കുന്നില്‍ ഇത്തവണയും മത്സരിച്ചാല്‍ അതിനെ മറികടക്കാന്‍ ശേഷിയുള്ള ശക്തമായ ജനസ്വാധീനമുള്ള ഒരാളെയാണ് ഇടതുപക്ഷം തേടുന്നത്. പട്ടിക വിഭാഗങ്ങളില്‍ കനത്ത സ്വാധീനമുള്ള പുന്നല വഴി പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയ അടിസ്ഥാന വര്‍ഗ്ഗത്തെ കൂടി കൂടെ കൂട്ടാമെന്ന് സിപിഎം കാണുന്നു.

നിലവില്‍ സിപിഐ യുടെ സീറ്റായ മാവേലിക്കരയില്‍ അവര്‍ സമ്മതിക്കുന്ന പക്ഷം പുന്നലയെ ഇടതുപക്ഷം രംഗത്തിറക്കിയേക്കും. 2006 ല്‍ കെപിഎംഎസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തിയ പുന്നല ശ്രീകുമാര്‍ കെപിഎംഎസിനെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. 2008 ല്‍ 10 ലക്ഷം സമുദായക്കാര്‍ പങ്കെടുത്ത മഹാത്മ അയ്യന്‍കാളിയുടെ കാര്‍ഷിക സമരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മറൈന്‍ഡ്രൈവില്‍ സോണിയാഗാന്ധിയെയും പിറ്റേ വര്‍ഷം തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടത്തിയ 39 ാം സംസ്ഥാന സമ്മേളനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനെയും പങ്കെടുപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ അതിന് ശേഷം കോണ്‍ഗ്രസിനോട് അകലം പാലിച്ച പുന്നല ശബരിമലയോടെയാണ് സിപിഎമ്മിനോട് അടുക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശമാകാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത പുന്നല കെപിഎംഎഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. വില്ലുവണ്ടി പ്രയാണത്തിന്റെ 125 ാം വാര്‍ഷികത്തില്‍ പ്രതിപക്ഷ നേതാവ് അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ രീതിയിലാണ് സംസാരിക്കുന്നതെന്നും തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു. പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതില്‍ വിജയിപ്പിക്കാനുള്ള തിരക്കിലാണ് പുന്നല ശ്രീകുമാര്‍ ഇപ്പോള്‍.



from mangalam.com http://bit.ly/2EPZnWC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages