ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപിയെ പരാജയപ്പെടുത്തക എന്നത് ചെറിയ കളിയായിരുന്നില്ല കോൺഗ്രസിന്. സംഘടനാശേഷിപാടെ തകർന്ന പാർട്ടിയിൽ നിന്ന് ഒരുവേള ബിജെപിയിലേക്ക് ചേക്കേറുമെന്ന് വരെ പറഞ്ഞുകേട്ടിരുന്ന കമൽനാഥിനെ ഈ വർഷം ഏപ്രിലിൽ രാഹുൽ പാർട്ടിയെ ഏൽപ്പിച്ചതോടെയാണ് കോൺഗ്രസ് ഉണർന്നത്. 15 വർഷമായി വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുന്ന ശിവരാജ് സിങ് ചൗഹാനെ പരാജയപ്പെടുത്താൻ കമൽനാഥിനൊപ്പം രാഹുൽ ജ്യോതിരാദിത്യസിന്ധ്യയെ കൂടി രംഗത്തേക്കിറക്കിയതോടെ പാർട്ടി സടകുടഞ്ഞെഴുന്നേറ്റു. പഴയ പ്രതാപങ്ങളോടെ അണിയറ നീക്കങ്ങളിൽ ദിഗ് വിജയ് സിങും സജീവമായതോടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരെ മുന്നിൽ നിർത്തുമെന്ന അനിശ്ചിതത്വത്തിലായി. മൂന്ന് പേരേയും മത്സരത്തിനിറക്കാതെ തങ്ങളുടെ ശക്തിമേഖലകളിൽ പരാമവധി വോട്ടുകൾ സമാഹരിക്കാൻ വിട്ട് രാഹുലും നേതൃത്വമികവ് കാട്ടി. ഒരു അഭിപ്രായഭിന്നതയും തുറന്നുകാട്ടാതെ മൂവരും ഒറ്റക്കെട്ടായി ബിജെപിയിൽ നിന്ന് സംസ്ഥനം തിരിച്ച് പിടിച്ചതോടെ വീണ്ടും അനിശ്ചിതത്വത്തിലാണ് കോൺഗ്രസ്. ആരെ മുഖ്യമന്ത്രിയാക്കും. പിസിസി അധ്യക്ഷനും ചിന്ദ് വാര എംപിയുമായ കമൽനാഥിനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ദിഗ് വിജയ് സിങിന്റെ പിന്തുണകൂടിയുള്ളത് കമൽനാഥിന് സഹായകരമാകുമെന്നാണ് കരുതുന്നത്. എല്ലാം രാഹുൽ തീരുമാനിക്കും എന്ന് കമൽനാഥും സിന്ധ്യയും ദിഗ് വിജയ് സിങും പറയുന്നുണ്ടെങ്കിലും പലതരത്തിലുള്ള സമ്മർദ്ദങ്ങളും അണിയറയിൽ നടത്തിവരികയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സാമുദായിക-ജാതി സമവാക്യങ്ങൾ ഏറെ നിർണായകമാകും. കേന്ദ്ര നേതൃത്വത്തിനും രാഹുലിനും വലിയ താത്പര്യമില്ലാത്തയാളാണ് ദിഗ് വിജയ് സിങെങ്കിലും ജയിച്ച സ്ഥാനാർത്ഥികളിൽ നല്ലൊരു ശതമാനം അദ്ദേഹത്തിന്റെ അനുഭാവികളാണ്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മാറ്റിനിർത്തിയ ദിഗ് വിജയ് സിങിന് മുഖ്യമന്ത്രിപദം നൽകാനുള്ള സാധ്യത വിദൂരമാണ്. അതേ സമയം തന്നെ അദ്ദേഹം അനുകൂലിക്കുന്ന കമൽനാഥിനോട് രാഹുലിന് എതിർപ്പുമില്ല. എന്നാൽ സംസ്ഥാനത്ത് പൂർണ്ണമായി സ്വാധീനമില്ല എന്നതാണ് കമൽനാഥിന് തടസ്സമായി നിൽക്കുന്ന ഘടകം. ജ്യോതിരാദിത്യ സിന്ധ്യയും തന്റെ മേഖലകളിൽ മാത്രമെ അറിയപ്പെടുന്നുള്ളൂ എന്നതാണ് കമൽനാഥിന് ആശ്വാസം. ഗ്വാളിയാർ എംപിയായ ജ്യോതിരാദിത്യ സിന്ധ്യ നിലവിൽ കോൺഗ്രസ് പ്രചരണ കമ്മിറ്റി അധ്യക്ഷനാണ്. ഒരു വർഷംകൊണ്ട് കോൺഗ്രസിനെ അധികാരത്തിലേത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സിന്ധ്യക്ക് വൻ ജനസമ്മിതിയുണ്ട്. യുവാക്കളെ പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കാൻ സിന്ധ്യയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ സാധിക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ഹിന്ദുവിരുദ്ധപാർട്ടിയെന്ന ബി.ജെ.പി.യുടെ ആരോപണം മറികടക്കാൻ കോൺഗ്രസ് മൃദുഹിന്ദു നയങ്ങൾ എടുത്തണിഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒബിസി വിഭാഗത്തിനായി അവർ 40 ശതമാനം സീറ്റുകളും നീക്കിവെച്ചിരുന്നു. അതുക്കൊണ്ടുതന്നെ ജാതിസമവാക്യങ്ങൾ നിർണായകമായെന്ന് തിരഞ്ഞെടുപ്പ് ഫലവും കാണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോഴും ഈയൊരു ഘടകത്തിനായിരിക്കും കോൺഗ്രസ് മുൻഗണ നൽകുക. 230 അംഗസഭയിൽ 34 സീറ്റ് പട്ടികജാതിക്കും 41 സീറ്റ് പട്ടികവർഗത്തിനും സംവരണം ചെയ്തിരിക്കുകയാണ്. പൊതുവിഭാഗത്തിലുള്ള സീറ്റുകളിൽ 39 ശതമാനം ഒ.ബി.സി. വിഭാഗത്തിനാണ് ബി.ജെ.പി. നൽകിയിട്ടുള്ളത്. 24 ശതമാനം ഠാക്കൂറുകൾക്കും 23 ശതമാനം ബ്രാഹ്മണർക്കും നൽകി. കോൺഗ്രസ് ആകട്ടെ 40 ശതമാനത്തോളം സീറ്റ് ഒ.ബി.സി.ക്ക് നൽകി. 27 ശതമാനം ഠാക്കൂറുകൾക്കും 23 ശതമാനം ബ്രാഹ്മണർക്കും നീക്കിവെച്ചു. താഴ്ന്നജാതിക്കാരെ പിണക്കാതെ സവർണരെ പ്രീണിപ്പിക്കാനുള്ള ഞാണിൻമേൽക്കളിയാണ് ഇരുകക്ഷികളും നടത്തിയത്. Content Highlights:madhya pradesh election result 2018 kamal nath and jyothiraditya scindiahave chances for cm post
from mathrubhumi.latestnews.rssfeed https://ift.tt/2UDkvEq
via
IFTTT
No comments:
Post a Comment