കാഞ്ഞങ്ങാട്:മാതൃഭൂമി ഏജന്റ് ഇരിയ രാധാകൃഷ്ണന്റെ വില്പന സ്റ്റാൾ അജ്ഞാതർ കത്തിച്ചു. ഇരിയ ടൗണിൽ 25 വർഷത്തിലേറെക്കാലമായി പ്രവർത്തിക്കുന്ന സ്റ്റാളാണിത്. ആയിരത്തോളം മാതൃഭൂമി കലണ്ടറും കാൽലക്ഷം രൂപയും 500-ലധികം തൊഴിൽവാർത്ത, ആഴ്ചപ്പതിപ്പ്, ഗൃഹലഷ്മി, മിന്നാമിന്നി, ബാലഭൂമി തുടങ്ങി നൂറുകണക്കിന് മാതൃഭൂമി പ്രസിദ്ധീകരണങ്ങളും കത്തിനശിച്ചു. മാതൃഭൂമിക്കു പുറമെ ഇവിടെ വിൽപ്പനയ്ക്ക് വെച്ചിരുന്ന മറ്റു പ്രസിദ്ധീകരണങ്ങളും കത്തിച്ചാമ്പലായി. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് തീവെച്ചത്. ആളിപ്പടരുന്ന തീ കണ്ട് തൊട്ടടുത്ത സൂപ്പർമാർക്കറ്റ് കച്ചവടക്കാരൻ രാധാകൃഷ്ണനെ വിവരമറിയിക്കുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ഓടിയെത്തിയ രാധാകൃഷ്ണൻ ഉടൻ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിശമനസേനയുമെത്തി തീയണച്ചു. പത്രങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും പുറമെ വിൽപ്പനയ്ക്കുവെച്ച ബിസ്കറ്റുകളുൾപ്പെടെയുള്ളവ, മോരുംവെള്ളവും നാരങ്ങാവെള്ളവും വിൽക്കുന്ന പാത്രങ്ങൾ, പൈസയും മറ്റും സൂക്ഷിച്ച അലമാര എന്നിവയെല്ലാം നശിച്ചു. ഇരുമ്പുപൈപ്പുകൾക്കു മേൽ ആസ്ബസ്റ്റോസ് ഷീറ്റ് പാകിയതാണ് സ്റ്റാളിന്റെ മേൽക്കൂര. സിങ്ക് ഷീറ്റുകൾ കൊണ്ടാണ് ചുറ്റിലും മറച്ചിട്ടുള്ളത്. രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മറ്റു പത്രങ്ങളുടെയും കെ.എസ്.എഫ്.ഇ.യുടെയും ഏജന്റാണ് രാധാകൃഷ്ണൻ. കെ.എസ്.എഫ്.ഇ.യിൽ അടയ്ക്കാനായി ഇടപാടുകാർ നൽകിയ പണമാണ് ഇതിനകത്തു വെച്ചിരുന്നതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. രാധാകൃഷ്ണന്റെ ഭാര്യ രമയാണ് സ്റ്റാളിൽ ഇരിക്കാറുള്ളത്. അമ്പലത്തറ പോലീസ് കേസെടുത്തു. എസ്.ഐ. കെ.പി.സതീഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പ്രതികളെ എത്രയും പെട്ടെന്ന് പിടിക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ.സുധാകരൻ പറഞ്ഞു. Content Highlight: fire accident mathrubhumi agent shop
from mathrubhumi.latestnews.rssfeed https://ift.tt/2ANyP3Y
via
IFTTT
No comments:
Post a Comment