ലഖ്നൗ:നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാന് പുറമേ മധ്യപ്രദേശും അപ്രതീക്ഷിതമായി ഛത്തീസ്ഗഢും പിടിച്ച കോൺഗ്രസിനുമേൽ സമ്മർദതന്ത്രവുമായി ഉത്തർപ്രദേശിലെ പ്രബലകക്ഷികളായ ബി.എസ്.പി.യും എസ്.പി.യും. യു.പി.യിലെ സാഹചര്യം വ്യത്യസ്തമായതിനാൽ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള സീറ്റ്ചർച്ചകളിലാണ് ഇരുപാർട്ടികളും. ഉത്തർപ്രദേശിൽ തകർച്ച നേരിടുന്ന കോൺഗ്രസിന് ഇപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലുണ്ടായ വിജയം പ്രതീക്ഷയും ആത്മവിശ്വാസവും നൽകിയ സാഹചര്യത്തിലാണ് മായാവതിയും അഖിലേഷും സമ്മർദം ശക്തമാക്കിയത്. എസ്.പിയും ബി.എസ്.പിയും ഒരുമിച്ചു മത്സരിക്കുമെന്നും ജനുവരി 15-ന് മായാവതിയുടെ ജന്മദിനത്തിൽ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ഒരു മുതിർന്ന ബി.എസ്.പി. നേതാവ് പറഞ്ഞു. ജാട്ട് വിഭാഗങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ യു.പി.യിൽ സ്വാധീനമുള്ള പാർട്ടിയായ ആർ.എൽ.ഡി.യും സഖ്യത്തിലുണ്ടാകുമെന്നാണ് സൂചന. ആകെയുള്ള 80 സീറ്റുകളിൽ 37 സീറ്റിൽ എസ്.പി.യും 38 സീറ്റിൽ ബി.എസ്.പി.യും ആർ.എൽ.ഡി. മൂന്ന് സീറ്റിലും മത്സരിക്കട്ടെയെന്നാണ് നേതാക്കൾ പ്രാഥമികചർച്ചകളിൽ പറഞ്ഞത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽതന്നെ അമേഠി, റായ്ബറേലി സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്നും എസ്.പി.-ബി.എസ്.പി.. നേതാക്കൾ വാദിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസിനേക്കാൾ ഒരു സീറ്റ് കൂടുതൽ അജിത് സിങ്ങിന്റെ പാർട്ടിക്ക് ലഭിക്കുന്ന സാഹചര്യമൊരുങ്ങും. എന്നാൽ ഇക്കാര്യത്തിന് ഔദ്യോഗികസ്ഥിരീകരണമായിട്ടില്ല. പ്രാഥമിക ചർച്ചകൾ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂവെന്നാണ് യു.പിയിലെ കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചത്. മൂന്ന് സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തിൽ മുസ്ലിം വോട്ടുകൾ കോൺഗ്രസിലേക്ക് കൂടുതലായി പോകുമെന്ന ആശങ്കയാണ് എസ്.പി.-ബി.എസ്.പി. കക്ഷികൾക്ക്. 80 ലോക്സഭാ സീറ്റിൽ 35 സീറ്റുകളിലെങ്കിലും മുസ്ലിം വോട്ടുകൾ നിർണായകമാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടന്ന മൂന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി. തോറ്റിരുന്നു. ഗോരഖ്പുർ, ഫുൽപുർ, കൈരാന എന്നീ മണ്ഡലങ്ങളിൽ എസ്.പിയും ബി.എസ്.പിയും ഒരുമിച്ചുനിന്നാണ് ബി.ജെ.പി.യെ തോൽപ്പിച്ചത്. മൂന്നിടത്തും എസ്.പി.-ബി.എസ്.പി. സഖ്യത്തിനൊപ്പമില്ലാതെ സ്വന്തം നിലയ്ക്കാണ് കോൺഗ്രസ് മത്സരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.പിയും കോൺഗ്രസും ഒരുമിച്ച് മത്സരിച്ചുവെങ്കിലും പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കാനായില്ല. ഇത് കോൺഗ്രസിനെതിരായ വികാരം സമാജ് വാദി പാർട്ടിയിൽ ശക്തമാക്കിയിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഢ് സർക്കാരുകൾ അധികാരമേറ്റെടുക്കുന്ന ചടങ്ങിൽ മായാവതിയോ അഖിലേഷ് യാദവോ പങ്കെടുത്തിരുന്നില്ല. മധ്യപ്രദേശിൽ പിന്തുണ നൽകിയെങ്കിലും കോൺഗ്രസിനെതിരേ വിമർശനം ഉന്നയിക്കാനും ബി.എസ്.പി. നേതാവ് മായാവതി മറന്നില്ല എന്നത് ശ്രദ്ധേയമാണ്. മറുനാടൻ തൊഴിലാളികൾകാരണം സംസ്ഥാനത്തുള്ളവർക്ക് തൊഴിൽ നഷ്ടമാകുന്നെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ ആദ്യ പ്രസ്താവന വിവാദമായപ്പോൾ അതിനെതിരെ ആദ്യം രംഗത്തുവന്നതും അഖിലേഷ് യാദവാണ്. അതേസമയം മഹാസഖ്യം വരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അതിൽ മാറ്റമില്ലെന്നും ചർച്ചകൾ മുന്നോട്ടുപോകുകയാണെന്നും കോൺഗ്രസ് യു.പി. ഘടകം വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന നേതാക്കളുടെ പ്രതികരണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രം മാത്രമാണെന്നും സീറ്റ് ചർച്ചകളിൽ കൂടുതൽ മേൽക്കൈ ലഭിക്കാൻ ഇരുപാർട്ടികളും കോൺഗ്രസിനുമേൽ സമ്മർദം ചെലുത്തുകയാണെന്നും രാഷ്ട്രീയ നീരീക്ഷകർ പറയുന്നു. ഇപ്പോൾ നടക്കുന്നത് പ്രാഥമിക ചർച്ചകളാണ്. ഇത്തരം വാർത്തകളിലൂടെ സമർദമുണ്ടാക്കുകയാണ് പാർട്ടികളുടെ ലക്ഷ്യം-രാഷ്ട്രീയനിരീക്ഷകൻ ജെ.പി. ശുക്ല പറഞ്ഞു. content highlights:Mayawatis BSP, Akhileshs SP finalise seat sharing in UP for Lok Sabha elections
from mathrubhumi.latestnews.rssfeed https://ift.tt/2SUlIoQ
via
IFTTT
No comments:
Post a Comment