ഇത്ര ഭയാനകമായ തോൽവി സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിട്ടില്ല ഛത്തിസ്ഗഢിൽ ബി.ജെ.പി. അക്ഷരാർത്ഥത്തിൽ ബി.ജെ.പിക്കിത് നവംബറിന്റെ നഷ്ടം. പല തലങ്ങളുണ്ട് ഈ പരാജയത്തിന്. ഒക്ടോബറിൽ ഛത്തിസ്ഗഢിൽ ചെന്നപ്പോൾ ഇത്രത്തോളം പ്രകടമായതേയില്ല ജനരോഷം. ബദൽ ഇല്ലെന്ന സങ്കടമാണ് പലയിടത്തും ഗ്രാമവാസികൾ പങ്കുവച്ചത്. ഒപ്പം അരി കിട്ടുന്നത് നിലയ്ക്കുമോ എന്ന സംശയവും. ഛത്തിസ്ഗഢിന് ഒറ്റമുഖമേയുള്ളൂ എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രമൺ സിങ്. പോസ്റ്ററുകളിലെല്ലാം മോദിയുടേയും അമിത് ഷായുടേയും മുഖങ്ങൾ. വികസന വാഗ്ധോരണികൾ. ചത്വരങ്ങളിൽ അടൽജിയുടെ മുഖമില്ലാത്ത പീഠങ്ങൾ. പുതുമ നശിച്ച് തുടങ്ങിയിരുന്നു ഗ്രാമീണർക്ക്. റായ്പുറിലെ ചെറുകിട കച്ചവടക്കാരാണ് അന്നേ ഉറപ്പിച്ച് പറഞ്ഞത്. ഇത്തവണ ബി.ജെ.പിക്കില്ല. നോട്ട് നിരോധിച്ചതോടെ അന്നം മുട്ടി. ജി.എസ്.ടി. കട പൂട്ടിക്കുന്നു. ബില്ലില്ലാത്ത കച്ചവടം കൊണ്ട് നേട്ടം ഞങ്ങൾക്കല്ല. കടകൾ പൂട്ടുകയാണ്. അപ്പോഴും ഗ്രാമീണർ മനസ്സു തുറന്നില്ല. സംശയക്കണ്ണിലൂടെ അവർ മുഖം തന്നു. നഗരങ്ങളിൽ പലയിടത്തും കുറേക്കൂടി ഉണ്ടായി തുറന്നുപറച്ചിലുകൾ. എല്ലാം ഇന്ധനവില വർദ്ധനയ്ക്ക് എതിരേ. പെട്രോളിന് നൂറു രൂപയാക്കുന്നതാണോ വികസനം. ഭാര്യക്കും മക്കൾക്കുമൊപ്പം റായ്പുറിലെ തടാകക്കരയിൽ കണ്ട സർക്കാർ ഉദ്യോഗസ്ഥൻ ദിലീപ് സാഹു ചോദിച്ചു. ബിലാസ്പുരിലും റായ്ഗഢിലും എന്തിന് ദംതരിയിലും സർഗൂജയിലും വരെ ഇത് കേട്ടു. വർഷങ്ങളായി നടപ്പാക്കാത്ത ശമ്പള പരിഷ്കരണത്തെ പറ്റി പറഞ്ഞത് വിജിലൻസ് ഉദ്യോഗസ്ഥനായ വിനോദ് സിങ്ങാണ്. മേലുദ്യോഗസ്ഥർക്ക് നടപ്പാക്കാത്ത ശമ്പള പരിഷ്കരണം കീഴുദ്യോഗസ്ഥർക്ക് നടപ്പാക്കിയതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിന് പരാതി. തന്റെ ജൂനിയറിന് തന്നേക്കാൾ ശമ്പളം കിട്ടുന്ന വൈരുദ്ധ്യത്തെ പറ്റിയും. സർക്കാർ ഉദ്യോഗസ്ഥരുടെ നിരാശ പ്രകടമാക്കി അദ്ദേഹവും കൂട്ടുകാരും. ഖനിഗ്രാമങ്ങളിൽ കടുത്ത എതിർപ്പായിരുന്നു ബി.ജെ.പിക്കെതിരേ. പക്ഷേ കോൺഗ്രസിന് വോട്ടു ചെയ്തിട്ട് എന്തു കാര്യം എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. കൽക്കരി മേഖല സ്വകാര്യവൽക്കരിച്ചപ്പോൾ ഉള്ളതും പോയി എന്ന ദുഃഖവും പങ്കുവച്ചു പലരും. തെണ്ടു പത്തയാണ് ആദിവാസികളുടെ പ്രധാന വരുമാനമാർഗം. ബീഡിയില. മരത്തിൽനിന്ന് വെട്ടിയിറക്കി കൊണ്ടു വരുന്നത് പ്രധാനമായും ഇടനിലക്കാരിലേക്കായിരുന്നു. പിന്നീട് സർക്കാർ ഇതു വാങ്ങി വിൽക്കാൻ കോർപറേഷൻ സ്ഥാപിച്ചു. താങ്ങുവില ഉയർത്തണമെന്നത് എക്കാലത്തേയും ആവശ്യം. ഏറെക്കാലത്തെ അസംതൃപ്തിക്ക് ശേഷം ആവശ്യം ഇത്തവണ സർക്കാർ ചെവിക്കൊണ്ടു. കാംകേറിലും ജഗ്ദാൽപൂരിലും പക്ഷേ പരാതി നിലനിന്നു. അടൽ വികാസ് യാത്രയും കഴിഞ്ഞ് അമിത ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി. നിലവിലുള്ള എം.എൽ.എമാരിൽ മിക്കവർക്കും അവർ സീറ്റ് നൽകി. ജനങ്ങൾക്ക് അവരോടുള്ള പേടി കലർന്ന ആദരവ് വോട്ടാകുമെന്നായിരുന്നു വിലയിരുത്തൽ. മറുവശത്ത് കോൺഗ്രസ് കുറേക്കൂടി പ്രതിപക്ഷമായി തെരുവിൽ നിരന്നു. കോൺഗ്രസിനെ മാലിന്യമെന്ന് വിളിച്ച മന്ത്രി അമർ അഗർവാളിന്റെ വീട്ടിലേക്ക് കോൺഗ്രസുകാർ മാലിന്യമെറിഞ്ഞു. ബിലാസ്പുറിലെ കോൺഗ്രസ് ഓഫീസിൽ വരെ കയറി പോലീസ് അടിച്ച് നിരത്തി. പിന്നാലെ പിസിസി പ്രസിഡന്റ് ഭൂപേഷ് ബാഗേലിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. മുമ്പൊരിക്കലും ഇല്ലാത്തത്ര ശക്തമായി അടിച്ചമർത്തൽ നടപടികൾ ആരംഭിച്ചു. സ്ത്രീകൾക്ക് മൊബൈൽ, ഒരു രൂപയ്ക്ക് അരി, മികച്ച റോഡുകൾ, വിദൂരഗ്രാമങ്ങളിൽ സോളാർ വൈദ്യുതി. മാവോയിസ്റ്റുകളെ നേരിടാനാണെങ്കിലും നാട്ടിൽ വന്ന കാര്യങ്ങൾ നേട്ടം നൽകുമെന്ന് ബി.ജെ.പി. വിശ്വസിച്ചു.ബസ്തർ അടങ്ങുന്ന മാവോയിസ്റ്റ് മേഖലകളിലായിരുന്നു ഒന്നാം ഘട്ടം. 18 മണ്ഡലങ്ങൾ. പതിവു പോലെ മാവോയിസ്റ്റുകൾ ആരും വോട്ടു ചെയ്യാൻ പോകേണ്ടന്ന് ഉത്തരവിട്ടു. ഇത്തവണ കൽപനയിൽ ചെറിയ ഭേദഗതി കൂടി വന്നു. ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ ആരും പോകണ്ട. ബിജെപിക്ക് വലിയ തിരിച്ചടിയായി നിർദേശം. ജീവനിൽ കൊതിയുള്ളവർ ഗ്രാമങ്ങളിൽ ബി.ജെ.പിക്ക് കുത്തില്ലെന്ന അവസ്ഥയായി. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ പറഞ്ഞത് ഒറ്റക്കാര്യമാണ്. കാർഷിക കടം എഴുതിത്തള്ളും. മറ്റെന്തിനേക്കാൾ കർഷകന് പ്രതീക്ഷയായതും അതു മാത്രമാണ്. നവംബറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിന് പിന്നാലെ ഛത്തീസ്ഗഢ് ഇളകി മറിഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രചാരണം വലിയ ഇളക്കങ്ങളുണ്ടാക്കി. റായ്പൂരിലെ മൈതാനമണ്ഡലങ്ങളിൽ കൃഷിയായിരുന്നു പ്രധാനം. അതും നെൽക്കൃഷി. നെല്ലിന് 1700 രൂപയാണ് ക്വിന്റലിന് ബി.ജെ.പി. സർക്കാരിന്റെ താങ്ങുവില. കോൺഗ്രസ് വന്നാൽ താങ്ങുവില 2500 രൂപയാക്കി ഉയർത്തും എന്ന് പ്രഖ്യാപിച്ചു. ഇതാദ്യമായി ഛത്തിസ്ഗഢിൽ സർക്കാരിന്റെ നെല്ല് സംഭരണം പാളി. ഗ്രാമങ്ങളിൽ പലയിടത്തും കർഷകർ നെല്ല് സൂക്ഷിച്ചു. കോൺഗ്രസ് അധികാരമേറിയ ശേഷം വിൽക്കാൻ വേണ്ടി. ആ വോട്ടുകൾ ഇത്തവണ ബി.ജെ.പി. കൊയ്തില്ല. ഒന്നര പതിറ്റാണ്ടിന്റെ ഭരണവിരുദ്ധവികാരത്തിന് അങ്ങനെ പല തലങ്ങളുണ്ടായി. ഒപ്പം താമ്രധ്വജ് സാഹു എന്ന ദുർഗ് എം.പിയുടെ കടന്നുവരവും. ഇത്രനാളും ഛത്തിസ്ഗഢിലെ പ്രമുഖ നേതാവൊന്നും ആയിരുന്നില്ല താമ്രധ്വജ്. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സാഹുവിന് ഭാഗ്യം നൽകി. മറ്റെല്ലായിടത്തും ബി.ജെ.പി. ജയിച്ചപ്പോൾ ദുർഗിൽ താമ്രധ്വജ് ജയിച്ചു. ഏക കോൺഗ്രസ് എം.പിയായി മാറി. രണ്ടു വട്ടം നിയമസഭാംഗമായിട്ടുള്ള സാഹു ഒ.ബി.സി. കമ്മീഷൻ ചെയർമാനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് മാവോയിസ്റ്റ് ആക്രമണത്തിൽ നിരവധി നേതാക്കളെ നഷ്ടപ്പെട്ട കോൺഗ്രസിന് താമ്രധ്വജ് പുതിയ സാരഥിയായി. സാഹു വിഭാഗത്തിൽ ഇതു വലിയ ചലനമുണ്ടാക്കി. എണ്ണ ആട്ടുന്നവരാണ് പരമ്പരാഗതമായി സാഹുക്കൾ. എണ്ണ വ്യാപാരികളും. എള്ളിൽനിന്നും കടുകിൽനിന്നും മാത്രമല്ല മഹുവമരത്തിന്റെ കായ്കളാട്ടിയും എണ്ണ എടുക്കും ഛത്തിസ്ഗഢിൽ. 35 ശതമാനത്തോളം വരുന്ന സാഹുക്കൾ ഛത്തിസ്ഗഢിലെ പ്രബല സമുദായാണ്. ജി.എസ്.ടിയും നോട്ടു നിരോധനവും വലിയ തോതിൽ ബാധിച്ച വിഭാഗമാണിത്. അതു കൊണ്ടു കൂടിയാണ് പരമ്പരാഗതമായി ബി.ജെ.പിക്കൊപ്പം നിൽക്കാറുള്ളവർ ഇത്തവണ കൂറുമാറി. ആ ചക്കുകളിൽ കോൺഗ്രസ് നാലും ആറും ആട്ടി. ഒപ്പം ബാഗേലിന്റെ കുർമി സമുദായവും കോൺഗ്രസിന് തുണയായി. അജിത് ജോഗി മാറിയത് ബി.ജെ.പിയോടുള്ള വെറുപ്പിനിടെ കോൺഗ്രസിനെ ബാധിച്ചില്ല. 2003-ൽ വി.സി. ശുക്ല എൻ.സി.പിയുമായി വന്നപ്പോഴത്തെ പോലെ ജോഗിയും പിടിച്ചു 7.9% ശതമാനം വോട്ടുകളും അഞ്ചു സീറ്റുകളും. ബി.എസ്.പി. ജോഗിക്കൊപ്പം നിന്നു. കഴിഞ്ഞ തവണ നേടിയ ഒരു സീറ്റ് ഇത്തവണ രണ്ടായി. പക്ഷേ കഴിഞ്ഞ തവണ നേടിയ 4.3% വോട്ട് ഇക്കുറി 3.9 ആയി കുറഞ്ഞു. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കഴിഞ്ഞ തവണ അകലം 0.7 ശതമാനം മാത്രമായിരുന്നു. ബിജെപിക്ക് 41%. കോൺഗ്രസിന് 40.3% ശതമാനം. എന്നിട്ടും അന്ന് 49 സീറ്റുകൾ ബി.ജെ.പിക്ക് കിട്ടി. കോൺഗ്രസിന് 39 സീറ്റുകൾ കിട്ടി. ഇത്തവണ ഇരുപാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം 10 ശതമാനമായി. കോൺഗ്രസിന് മുൻ വർഷത്തേക്കാൾ 2.7% വോട്ട് കൂടുതൽ കിട്ടി. 43% ശതമാനം. ബി.ജെ.പിക്ക് വോട്ട് നില 33%. സീറ്റുകൾ കോൺഗ്രസിന് 68. ബി.ജെ.പിക്ക് 15. വിജയം അറിഞ്ഞപ്പോൾ രാഹുൽ ഗാന്ധി മുമ്പെന്നത്തേക്കാൾ മികച്ച രാഷ്ട്രീയക്കാരനായി. എന്തൊക്കെ ചെയ്യരുത് എന്ന് ഞാൻ പഠിച്ചത് മോദിയെ കണ്ടാണ്. ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് പഠിച്ചതും പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിൽ നിന്നാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്ന് തിരിച്ചു പിടിച്ച സ്വാതന്ത്ര്യം പുത്തൻ കോർപറേറ്റുകൾ കവരുന്നത് ഛത്തിസ്ഗഢിനോളം കണ്ട നാടില്ല. അവിടത്തെ ജനങ്ങളിലേക്കാണ് പുത്തൻ വാഗ്ദാനങ്ങളുമായി രാഹുൽ ചെന്നിട്ടുള്ളത്. നിവൃത്തിയില്ലാതെ വിശ്വസിക്കുകയാണ് അവർ. എന്നിട്ടും കഴിഞ്ഞ വട്ടത്തേക്കാൾ രണ്ടേമുക്കാൽ ശതമാനത്തോളം വോട്ടുകളേ പുതുതായി ആകർഷിച്ചിട്ടുള്ളൂ എന്നതോർക്കുക. എന്നാൽ ഒന്നര പതിറ്റാണ്ടായി രമൺ സിങ് നൽകിയ നൈരാശ്യത്തേക്കാൾ എത്രയോ വലുതായിരുന്നു നാലരക്കൊല്ലത്തിനുള്ളിൽ മോദി നൽകിയ നിരാശ. മുൻവർഷങ്ങളെ പോലെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ ബി.ജെ.പി. സംസ്ഥാനങ്ങളെ അവഗണിക്കുന്നു എന്ന വാദം ഇത്തവണ ഉന്നയിക്കാനാവാതെ വിളറി നിൽപായിരുന്നു ജനങ്ങൾക്ക് മുന്നിൽ ബി.ജെ.പി. ആത്മഹത്യ ചെയ്യുന്ന കർഷകന് ആത്മവിശ്വാസം പകരുകയെന്ന വലിയ ദൗത്യമാണ് കോൺഗ്രസിന് ഏറ്റെടുക്കേണ്ടത്. മോദിയെ രാഷ്ട്രീയമായി കടന്നാക്രമിക്കാൻ കാണിക്കുന്ന വൈഭവം തീർച്ചയായും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വളർച്ചയാണ്. പക്ഷേ ഇന്ത്യ കണ്ടിട്ടുള്ളത് മറ്റൊന്നാണ്. രാഹുൽ പറയുന്ന വിനയവും ധാർഷ്ട്യവും തന്നെ. രണ്ടും അധികാരത്തിന്റെ സന്തതികളാണ്. അടുപ്പത്തിൽനിന്നും അകലത്തിൽനിന്നും പിറക്കുന്ന ഇരട്ടക്കുട്ടികൾ. അധികാരത്തെ വൈയക്തികമായും രാഷ്ട്രീയമായും മാറ്റി നിർത്തിയ മറ്റൊരു ഗാന്ധിയുണ്ട്. ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു എന്ന് പറഞ്ഞ മോഹൻദാസ് കരംചന്ദ് ഗാന്ധി. രാഹുൽ ഗാന്ധി ശരിക്കും പഠിക്കേണ്ടത് ഇനി ആ ഗാന്ധിയിൽനിന്നാണ്. എന്തെന്നാൽ ആത്മഹത്യ ചെയ്ത കർഷകന്റെ ചിതകളാണെങ്ങും. നിർഭാഗ്യവശാൽ അധികാരം ഒരിടത്തും അവന് തുണയാകുന്നതേയില്ല. content highlights:Chhattisgarh state assembly election result 2018
from mathrubhumi.latestnews.rssfeed https://ift.tt/2Px4vzR
via
IFTTT
No comments:
Post a Comment