പത്തനംതിട്ട: പിറവം, കോതമംഗലം പള്ളികൾ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാത്തതിൽ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. പത്തു വോട്ട് കിട്ടുമെങ്കിൽ ഏതു കോടതിവിധിയെയും ദഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് നിരണം പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ കാതോലിക്കാ ബാവ പറഞ്ഞു.പരമോന്നത നീതിപീഠത്തിന്റെ വിധിയെ വെല്ലുവിളിക്കുന്നവരെ സഹായിക്കുന്ന സർക്കാർ നിലപാട് സഹിക്കാവുന്നതിനുമപ്പുറമാണ്. എൽ.ഡി.എഫ്. സർക്കാർ സഭയ്ക്ക് പല വാഗ്ദാനങ്ങളും നൽകിയിരുന്നെങ്കിലും ഇപ്പോൾ ഇവയെല്ലാം മറന്ന മട്ടാണ്. കോതമംഗലത്ത് നടക്കുന്ന സമരനാടകങ്ങൾക്ക് സർക്കാരിന്റെ ഒത്താശയുണ്ട്. നാട്ടിലെ ക്രമസമാധാനം തകർക്കാൻ സഭയ്ക്ക് ആഗ്രഹമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ക്ഷമയെ ബലഹീനതയായി കാണരുതെന്നും ഈ നിലപാട് തുടർന്നാൽ ചെയ്യേണ്ടത് ചെയ്യുമെന്നും കാതോലിക്കാ ബാവ പറഞ്ഞു. കോടതിവിധി വന്ന കാര്യത്തിൽ ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ല. വിധി നടപ്പാക്കാൻ പറ്റില്ലെങ്കിൽ സർക്കാർ അതു പറഞ്ഞാൽ മതി.പള്ളി വിഷയത്തിൽ സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാർ മുമ്പും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നെങ്കിലും സഭാധ്യക്ഷൻ കാതോലിക്കാ ബാവ സർക്കാരിനെ വിമർശിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സഭയ്ക്ക് സ്വാധീനമുള്ള ആറന്മുള, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ സഭാ നേതൃത്വം നിർണായക പങ്കുവഹിച്ചിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് പിന്തുടർന്നത്. എന്നിട്ടും സർക്കാർ വഞ്ചന കാട്ടുന്നെന്നാണ് വിമർശനം.ഗവർണറെ കാണുമെന്ന് സഭാ മാനേജിങ് കമ്മിറ്റിസഭ നേരിടുന്ന നീതിനിഷേധത്തോടുള്ള പ്രതികരണമായി ഒാർത്തഡോക്സ് സഭയുടെ ഇടവകകളിൽ ഞായറാഴ്ച പ്രതിഷേധ ദിനം ആചരിക്കും. ഗവർണറെ സന്ദർശിച്ച് കോടതിവിധി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും സഭ നേരിടുന്ന നീതിനിഷേധവും ധരിപ്പിച്ച് നിവേദനം നൽകാനും കോട്ടയം പഴയസെമിനാരിയിൽ ചേർന്ന ഒാർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെട്ടതിനാൽ പോലീസ് നിഷ്‌ക്രിയരായി. കോടതിവിധി നടപ്പാക്കാൻ സംസ്ഥാന പോലീസിന് കഴിയുന്നില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. ജനുവരി 3-ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ അടിയന്തര യോഗം കോട്ടയത്ത് ചേർന്ന് തുടർനടപടി തീരുമാനിക്കും. കോതമംഗലം പള്ളിയിൽ പ്രവേശിക്കുന്നതിനെത്തിയ റമ്പാച്ചനെയും സഹായിയെയും അറസ്റ്റ് ചെയ്ത് ബലമായി കോലഞ്ചേരി മെഡിക്കൽ കോളേജിലാക്കിയ പോലീസ് നടപടിയിൽ സഭ പ്രതിഷേധിച്ചു. ഇതിലൂടെ സർക്കാർ അവകാശിയെ തടയുകയും നിരോധനമുള്ളവരെ സംരക്ഷിക്കുകയുമാണ് ചെയ്തത്. യോഗത്തിൽ ഒാർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2Sb5hVb
via
IFTTT
No comments:
Post a Comment