കോഴിക്കോട്: മനുഷ്യർ വരച്ച അതിരുകൾ ആശയങ്ങൾകൊണ്ടും സംവാദങ്ങൾകൊണ്ടും മായ്ച്ച്, മനുഷ്യനെയും അവരുടെ പ്രശ്നങ്ങളെയും തുറന്നുപറയുന്നതായിരിക്കും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം. ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ തിരുവനന്തപുരത്ത് നടക്കുന്ന അക്ഷരോത്സവത്തിൽ അഞ്ച് വൻകരകളിൽനിന്നുള്ള വ്യത്യസ്തമായ സർഗാത്മകമനസ്സുകൾ യോജിച്ചും വിയോജിച്ചും കനകക്കുന്നിലെ വേദികളെ സമ്പന്നമാക്കും. ഇവിടെ അക്ഷരങ്ങളും ചിന്തയും മനുഷ്യരെ അടുപ്പിക്കുന്ന മോഹനമന്ത്രമാവും. അമേരിക്കൻ ഇറാനിയൻ എഴുത്തുകാരിയായ അസ്റീൻ ഒലൂമി ഇറാൻ, ഇറ്റലി, യു.എ.ഇ. എന്നീ രാജ്യങ്ങൾ തന്നിൽ പകർന്ന അനുഭവങ്ങളും അവയുടെ അക്ഷരരൂപങ്ങളുമായാണ് എത്തുന്നത്. ബാഗ്ദാദിൽ വളർന്ന് സിറിയയിലേക്ക് പോയ ഇറാഖി എഴുത്തുകാരി ഷഹാദ് അൽ റാവിയുടെ ആദ്യ നോവലായ 'ദ ബാഗ്ദാദ് ക്ലോക്ക്' അറബിക് ബുക്കർ സമ്മാനത്തിന് നിർദേശിക്കപ്പെട്ട കൃതിയാണ്. ഈ എഴുത്തുകാരി അക്ഷരോത്സവത്തിലെ മുഖ്യ ആകർഷണങ്ങളിലൊരാളാണ്. 'വെയ്റ്റിങ് അറ്റ് ബ്ലൂംസ്ബറി പാർക്ക്' എന്ന കവിതാസമാഹാരത്തിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ് കവിയും പാട്ടെഴുത്തുകാരനും അവതാരകനുമൊക്കെയായ കേസി ബേലി, ബ്രിട്ടനിൽനിന്നുതന്നെയുള്ള കവിയും പ്രഭാഷകനുമായ ജെ.ജെ. ബോല എന്നിവരും അക്ഷരോത്സവത്തെ സമ്പന്നമാക്കും. ലോകാന്തരങ്ങളുടെ ശബ്ദങ്ങൾക്കൊപ്പം ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തിന്റെ പ്രിയപ്പെട്ട ചില ശബ്ദങ്ങളും അക്ഷരോത്സവത്തിന്റെ സവിശേഷതയാവും. ബാങ്കറായി തുടങ്ങി ജനപ്രിയ എഴുത്തുകളിലൂടെ പ്രിയങ്കരനായ രവി സുബ്രഹ്മണ്യൻ, 'സീരിയസ് മാൻ' എന്ന ഒറ്റപുസ്തകത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ മനുജോസഫ്, കവിയും കഥാകാരിയും ഉപന്യാസകാരിയുമായ ആനി സെയ്ദി, കവിയും മാധ്യമപ്രവർത്തകയുമായ അരുന്ധതി സുബ്രഹ്മണ്യം എന്നിവരും അക്ഷരോത്സവത്തിൽ എഴുത്തിന്റെയും ചിന്തയുടെയും പുതിയ ഊർജവുമായി എത്തും. രണ്ടുലക്ഷം രൂപയുടെ കഥാപുരസ്കാരം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കഥാമത്സരത്തിൽ ഒന്നാംസമ്മാനം കിട്ടുന്ന രചനയ്ക്ക് രണ്ടുലക്ഷം രൂപ സമ്മാനം ലഭിക്കും. മലയാളത്തിൽ ഒരു ചെറുകഥയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് ഇത്. ഒരു ലക്ഷം രൂപയാണ് രണ്ടാംസമ്മാനം. എഴുപത്തി അയ്യായിരം രൂപ മൂന്നാംസമ്മാനവും. എം.ടി. വാസുദേവൻ നായർ രക്ഷാധികാരിയായ വിധിനിർണയസമിതിയിൽ എം. മുകുന്ദൻ, സി.വി. ബാലകൃഷ്ണൻ, ഇ. സന്തോഷ് കുമാർ എന്നിവരാണ് അംഗങ്ങൾ. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മറ്റെങ്ങും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥയുടെ സോഫ്റ്റ്കോപ്പി ജനുവരി 20-നുമുമ്പ് mystory@mbifl.com എന്ന വിലാസത്തിൽ അയക്കണം. വിജയികളെ അക്ഷരോത്സവ വേദിയിൽ പ്രഖ്യാപിക്കും. സമ്മാനാർഹമായ രചനകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. Content Highlights:mbifl 2019, Mathrubhumi International Festival of Letters, MBIFL 2019
from mathrubhumi.latestnews.rssfeed http://bit.ly/2EFS96W
via
IFTTT
No comments:
Post a Comment