അധ്യാപകരുടെ നിലവാരം അളക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വർഷത്തിൽ മൂന്നുതവണ പരീക്ഷ നടത്തണമെന്ന് നീതി ആയോഗ്. ബുധനാഴ്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുറത്തിറക്കിയ 'സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75' റിപ്പോർട്ടിലാണ് ഈ നിർദേശം. അവർ പഠിപ്പിക്കുന്ന വിഷയത്തിലാണ് പരീക്ഷ നടത്തേണ്ടത്. ഇതുവഴി വിഷയത്തിലുള്ള അധ്യാപകരുടെ മികവ് ഉറപ്പുവരുത്താൻ കഴിയും. പൊതുവിദ്യാഭ്യാസത്തിൽ രണ്ടുതരം പാഠ്യപദ്ധതി വേണമെന്നുമാണ് മറ്റൊരു നിർദേശം. സാമാന്യം (റെഗുലർ), സവിശേഷം (അഡ്വാൻസ്ഡ്) എന്നിങ്ങനെ പാഠ്യപദ്ധതി രണ്ടാക്കണം. സിവിൽ സർവീസ് പരീക്ഷയെഴുതാനുള്ള പരമാവധി പ്രായം 27 ആയി കുറയ്ക്കണമെന്നും റിപ്പോർട്ടിലുണ്ട്. സ്കൂൾ വിദ്യാഭ്യാസം * 2022-ഓടെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് ജി.ഡി.പി.യുടെ ആറു ശതമാനമെങ്കിലും ആക്കുക. നിലവിൽ കേന്ദ്രവും സംസ്ഥാനങ്ങളും വിദ്യാഭ്യാസത്തിന് നീക്കിവെക്കുന്നത് മൂന്ന് ശതമാനംവരെ * കുട്ടികൾ കുറവുള്ള സ്കൂളുകൾ ലയിപ്പിക്കുക. രാജസ്ഥാനിൽ ലയനം വഴി ഒഴിഞ്ഞുകിടന്ന അധ്യാപകതസ്തികകൾ 60 ശതമാനത്തിൽനിന്ന് 33 ശതമാനമാക്കാനായി. * പൊതുവിദ്യാഭ്യാസത്തിൽ സാമാന്യ (റെഗുലർ), സവിശേഷ (അഡ്വാൻസ്ഡ്) തലങ്ങളിൽ പാഠ്യപദ്ധതി തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകണം. ഇതിന് ഒമ്പതാം ക്ലാസിൽ അഭിരുചി പരീക്ഷ നടത്തണം. പത്താംക്ലാസിൽ പുനഃപരിശോധന നടത്തണം. * സെക്കൻഡറിതലം മുതൽ വൊക്കേഷണൽ കോഴ്സുകളിൽ ചേരാനുള്ള അവസരം നൽകണം. പൊതുവിദ്യാഭ്യാസവുമായി മുന്നോട്ടുപോകാൻ താത്പര്യം പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ മാത്രം അത് തുടരാൻ അനുവദിച്ചാൽ മതി * ഒരു കുട്ടിക്കുപോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാൻ പഠനത്തിലെ പോരായ്മ പരിഹരിക്കാനുള്ള നടപടികളുണ്ടാകണം. എട്ടാം ക്ലാസ് പരീക്ഷയ്ക്കുശേഷമോ ഒമ്പതാംക്ലാസിലെ ആദ്യമാസങ്ങളിലോ ബ്രിഡ്ജ് കോഴ്സുകളോ ട്യൂഷനോ നൽകണം * വൊക്കേഷണൽ കോഴ്സുകൾ സ്കൂൾതലത്തിൽ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങൾ മാർഗരേഖ പുറത്തിറക്കണം. അധ്യാപകനിലവാരം * അധ്യാപക യോഗ്യതാപരീക്ഷ പ്രീ സ്കൂളിൽ പഠിപ്പിക്കുന്നവർക്കും 9-12 ക്ലാസുകളിൽ പഠിപ്പിക്കുന്നവർക്കും നിർബന്ധമാക്കണം * ദേശീയതലത്തിൽ അധ്യാപക രജിസ്ട്രി തയ്യാറാക്കണം. ഇതിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധ്യാപകരെ തിരഞ്ഞെടുക്കാം * അധ്യാപകർക്ക് മികവ് വിലയിരുത്തി ഇൻക്രിമെന്റ് * അധ്യാപക പരിശീലന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കാൻ സമിതി. അക്രഡിറ്റേഷൻ സംവിധാനം * രണ്ടായിരംപേർക്ക് പഠിക്കാൻ കഴിയുന്ന അഞ്ചോ ആറോ ശ്രേഷ്ഠപദവിയുള്ള അധ്യാപക പരിശീലനസ്ഥാപനങ്ങൾ ഉന്നത വിദ്യാഭ്യാസം * ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങളുമായിചേർന്ന് വിദേശ സർവകലാശാലകൾക്ക് പ്രവർത്തിക്കാനുള്ള ചട്ടക്കൂട് തയ്യാറാക്കുക * ഗ്രാന്റുകളുടെ ഒരു വിഹിതമെങ്കിലും പഠനഫലത്തിന്റെയും ഗുണമേന്മയുടെയും അടിസ്ഥാനത്തിലാക്കുക * പാഠ്യപദ്ധതിയുടെ കുറഞ്ഞ നിലവാരം നിർണയിക്കാൻ വിദഗ്ധരെ നിയോഗിക്കുക * ബിരുദതലത്തിൽ ഇന്റേൺഷിപ്പ് പ്രോത്സാഹിപ്പിക്കുക. * ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകാൻ അക്രഡിറ്റേഷൻ ഏജൻസികളുടെ പാനൽ * സർവകലാശാലകളിലും കോളേജുകളിലും അധ്യാപകരെ നിയമിക്കുന്നതിന് കർശനമാനദണ്ഡങ്ങൾ * ഇന്ത്യൻ വംശജരായ അധ്യാപകരെ വിദേശത്തുനിന്ന് ആകർഷിക്കാൻ പദ്ധതി * പ്രൊഫഷണൽ മേഖലകളിൽനിന്ന് വിദഗ്ധ ഫാക്കൽറ്റി. ഇതിന് പ്രത്യേക പാനൽ. സിവിൽ സർവീസ് * സിവിൽസർവീസ് പരീക്ഷയെഴുതാനുള്ള പരമാവധി പ്രായം 27 ആയി കുറയ്ക്കുക. 2022-'23-ഓടെ ഘട്ടംഘട്ടമായി പ്രായം കുറയ്ക്കണം. * കേന്ദ്ര, സംസ്ഥാന തലങ്ങളിൽ സിവിൽ സർവീസസ് വിഭാഗങ്ങൾ ക്രമീകരിച്ചും ലയിപ്പിച്ചും എണ്ണം കുറയ്ക്കുക. നിയമനം കേന്ദ്ര ടാലന്റ് പൂളിൽനിന്ന് * വിവിധ സിവിൽ സർവീസ് പരീക്ഷകൾക്കു പകരം അഖിലേന്ത്യാതലത്തിൽ ഒരു പരീക്ഷ. ഇതിൽ വിജയിച്ചവരുടെ പട്ടികയിൽനിന്നാകണം നിയമനം * ഉയർന്ന തസ്തികകളിൽ വിവിധ മേഖലകളിലെ വിദഗ്ധരെ നേരിട്ട് നിയമിക്കണം * സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളിലെ നിയമനം വ്യവസ്ഥാപിതമാക്കുകയും സർക്കാർ ജീവനക്കാർക്ക് തുല്യമാക്കുകയും ചെയ്യണം * മുനിസിപ്പൽ കോർപ്പറേഷനുകളിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം * പുറംജോലിക്കരാർ നൽകാം. ഇത്തരം മേഖലകൾ കണ്ടെത്തണം. പൊതു സ്വകാര്യപങ്കാളിത്തമാതൃക പരീക്ഷിക്കാം.
from mathrubhumi.latestnews.rssfeed http://bit.ly/2rO4myL
via
IFTTT
No comments:
Post a Comment