തിരുവനന്തപുരം: മാധ്യമ നിയന്ത്രണ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.സി. ജോസഫ് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്തരവിനെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഭേദഗതി. മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല ഭേദഗതി കൊണ്ടുവന്നതെന്നും കൂടതൽ സൗകര്യമൊരുക്കാൻ വേണ്ടിയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇക്കാര്യത്തിൽ ചില മാനദണ്ഡങ്ങൾ നേരത്തെ നിലവിലുണ്ടായിരുന്നതായും നിർദ്ദേശങ്ങളിൽ ചിലർ ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് യുക്തമായ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയിൽ നിന്ന് അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് ഫലപ്രദമായി അവരുടെ ധർമം നിർവ്വഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും സെക്രട്ടേറിയറ്റിലുൾപ്പെടെ ഒരുക്കുന്നതിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനെ ചുമതലപ്പെടുത്തിക്കൊണ്ട് പുതിയ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനല്ല, മറിച്ച്, മാധ്യമങ്ങൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയാണ് ഉദ്ദേശ്യം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും സംസ്ഥാന-ജില്ലാതലങ്ങളിൽ നടത്തുന്ന പത്രസമ്മേളനങ്ങൾ, പ്രതികരണങ്ങൾ എന്നിവയെല്ലാം എല്ലാ മാധ്യമങ്ങൾക്കും ഒരുപോലെ ലഭിക്കുന്നതിനുള്ള ക്രമീകരണമാണ് ലക്ഷ്യം വച്ചത്. അതിന് നിലവിലുള്ള തടസം ഒഴിവാക്കുന്നതിനായി എല്ലാ മാധ്യമങ്ങൾക്കും കൃത്യമായ അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംവിധാനമൊരുക്കും. ഇതിനായി ഒരു മൊബൈൽ ആപ്പ് തയ്യാറാക്കാൻ സർക്കുലറിൽ നിർദ്ദേശമുണ്ട്. ഔദ്യോഗിക പരിപാടികളിലും മറ്റും അക്രഡിറ്റേഷനോ എൻട്രി പാസ്സോ ഉള്ള എല്ലാ മാധ്യമ പ്രവർത്തകർക്കും പ്രവേശനം നൽകും. യഥാർത്ഥ മാധ്യമപ്രവർത്തകർക്ക് ഇക്കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ദൃശ്യ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും കൂടുതൽ സജീവമായ ഇക്കാലത്ത് മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾക്കായി മാധ്യമപ്രവർത്തകർക്ക് ഏതു സമയത്തും അവരെ സമീപിക്കേണ്ടിവരുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് സുരക്ഷാ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങൾ എല്ലാവർക്കും സുഗമമായി ലഭിക്കുന്നതിന് മുൻകൂട്ടി എല്ലാവർക്കും അറിയിപ്പ് ലഭ്യമാക്കുക എന്ന ഒരു നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. പത്രസമ്മേളനങ്ങൾക്ക് പുറമേ സർക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെയും ഫലപ്രദമായും മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി.ആർ.ഡി മുഖേന ഏകോപിപ്പിക്കുന്നതിനുള്ള പൊതു നിർദ്ദേശമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ ചില മാനദണ്ഡങ്ങൾ നേരത്തെ നിലവിലുണ്ടായിരുന്നു. ഇപ്പോൾ പുറപ്പെടുവിച്ച സർക്കുലറിലെ നിർദ്ദേശങ്ങളിൽ ചിലർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് യുക്തമായ ഭേദഗതി വരുത്തുന്നതാണ്. Content Highlights: Does not want to Controll Media CM In Niyamasabha,Media Regulation order
from mathrubhumi.latestnews.rssfeed https://ift.tt/2U9WTXJ
via
IFTTT
No comments:
Post a Comment