പാലാ: പാലാ ലിസ്യൂ കാർമലെറ്റ് കോൺവെന്റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി കാസർകോട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു(സതീഷ് നായർ-38) കുറ്റക്കാരനെന്ന് കോടതി. ഇയാൾക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. പാലാ അഡീഷണൽ സെക്ഷൻസ് കോടതിയാണ് സതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.65 സാക്ഷികളെ വിസ്തരിച്ച കേസിൽ 87 പ്രമാണങ്ങളും 24 തൊണ്ടിസാധനങ്ങളും ഹാജരാക്കിയിരുന്നു. അതേസമയം താൻ നിരപരാധിയാണെന്നും ജയിലിൽ നിരാഹാരമിരിക്കുമെന്നും സതീഷ് ബാബു മാധ്യമങ്ങളോടു പ്രതികരിച്ചു. കോടതി വിധി തെറ്റാണ്. ജഡ്ജിയും പ്രോസിക്യൂട്ടറും ചേർന്നു കളിച്ച കളിയാണെന്നും സതീഷ് ബാബു പറഞ്ഞു. 2015 സെപ്റ്റംബർ 16-ന് അർധരാത്രിക്ക് ശേഷമാണ് സിസ്റ്റർ അമല മഠത്തിൽ കൊലചെയ്യപ്പെട്ടത്. മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈത്തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. നിലവിൽ മറ്റൊരുകേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ സെൻട്രൽ ജയിലിലാണ്. 2015-ൽ ഭരണങ്ങാനം അസീസി സ്നേഹഭവനിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ ഏഴുമാസം മുമ്പ് പാലാ കോടതി ആറുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. നിരവധി കന്യാസ്ത്രീ മഠങ്ങളിൽ കവർച്ച നടത്തിയ കേസിൽ സതീഷ് ബാബു പ്രതിയാണ്. മോഷണവും റിപ്പർ മോഡലിൽ തലയ്ക്കടിച്ചുള്ള ആക്രമണവും നടത്തിയതിന് പ്രതിക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കേസുകളെടുത്തിരുന്നു. ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങൾക്കുനേരെ രാത്രിയിൽ നടന്ന ആക്രമണങ്ങളും ഇതിൽപെടുന്നു. തെളിവുകളുടെ അഭാവത്തിൽ 22 കേസുകളിൽ പ്രതിയെ വെറുതെവിട്ടു. പിണ്ണാക്കനാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ചേറ്റുതോട് എസ്.എച്ച്. മഠാംഗമായ സിസ്റ്റർ ജോസ് മരിയ ഇരുപ്പക്കാട്ട് (81) 2014 ഏപ്രിൽ 17-ന് മരിച്ച സംഭവത്തിലും സതീഷ് ബാബു പ്രതിയാണ്. സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സതീഷ്ബാബുവിനെ ചോദ്യം ചെയ്തപ്പോൾ സിസ്റ്റർ ജോസ് മരിയയുടെ മരണവും കൊലപാതകമാണെന്ന് വെളിവാക്കിയിരുന്നു. ഈ കേസിൽ വിചാരണ നടക്കുകയാണ്. content highlights:Satheesh babu found guilty of murdering sister amala, sister amala murder
from mathrubhumi.latestnews.rssfeed https://ift.tt/2SaiQV1
via
IFTTT
No comments:
Post a Comment