തിരുവനന്തപുരം: പുറത്തുനടക്കുന്ന ബഹളവും ഹർത്താൽ ആഹ്വാനവുമൊന്നും മുട്ടട അഞ്ചുമുക്കിന് സമീപത്തെ കൊച്ചുവീട്ടിലേക്ക് എത്തിയിട്ടില്ല. നാട്ടുകാരും ബന്ധുക്കളും അന്വേഷിച്ചുവരുന്നവരുമൊക്കെ പുറത്ത് മാറിനിന്ന് കാരണങ്ങൾ തിരയുന്നു. ബി.ജെ.പി. സമരപ്പന്തലിനു മുന്നിൽ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലൻ നായരുടെ മരണവിവരം വ്യാഴാഴ്ച രാത്രിയും അമ്മ രാധയെ അറിയിച്ചിട്ടില്ല. അമ്മ രോഗക്കിടക്കയിലായതിനാലാണ് മരണവിവരം ഇപ്പോളറിയിക്കേണ്ടന്ന് ബന്ധുക്കൾ തീരുമാനിച്ചത്. സഹോദരങ്ങളടക്കമുള്ള ബന്ധുക്കൾ തൊട്ടടുത്ത് തന്നെയാണ് താമസം. അച്ഛൻ ശിവൻനായർ നേരത്തേ മരിച്ചു. നാട്ടുകാർക്കും ബന്ധുക്കൾക്കുമൊന്നും പിടികൊടുക്കാത്ത പെരുമാറ്റമായിരുന്നു വേണുഗോപാലന്റേത്. പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനമൊന്നും ഇല്ലായിരുന്നു. പ്ലംബിങ്, കാറ്ററിങ്, ഓട്ടോ ഡ്രൈവർ തുടങ്ങി പല പണികളും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ശബരിമലയിൽ അപ്പം, അരവണ പാക്കിങ് പണിക്കും പോയി. ജീവിതത്തിൽ പലപ്രശ്നങ്ങൾ ഉണ്ടായിട്ടും ആത്മഹത്യാ പ്രവണതയൊന്നും കാട്ടാത്ത ഇയാൾ തീകൊളുത്തി മരിച്ചത് ബന്ധുക്കൾക്ക് നടുക്കമായി. വേണുഗോപാലന്റെ പേരിൽ വെള്ളിയാഴ്ച സംസ്ഥാനവ്യാപക ഹർത്താൽപോലും നടക്കുമ്പോഴും മരണത്തിന്റെ യഥാർഥകാരണം തിരയുകയാണ് ഇവർ. content highlights:venugopalan nair,bjp,hartal
from mathrubhumi.latestnews.rssfeed https://ift.tt/2QTbSX5
via
IFTTT
No comments:
Post a Comment