ന്യൂഡൽഹി: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും വടംവലിക്കൾക്കുമൊടുവിൽ അശോക് ഗെഹ്ലോട്ട് തന്നെ രാജസ്ഥാനിൽ മുഖ്യമന്ത്രിയാകുമെന്ന് സൂചന. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റുമായും ഗെഹ്ലോട്ടുമായി ഒന്നിച്ചും വെവ്വേറെയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം അശോക് ഗെഹ്ലോട്ട് ജയ്പൂരിലേക്ക് തിരിച്ചു. നാല് മണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 67-കാരനായ ഗെഹ്ലോട്ട് മൂന്നാം തവണയാണ് രാജസ്ഥാൻ മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. മുഖ്യപദത്തിനായി ഗെഹ്ലോട്ടിനൊപ്പം അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്ന യുവനേതാവ് സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. എന്നാൽ മുതിർന്ന നേതാവ് സി.പി.ജോഷി ഇതിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിലവിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ ഗെഹ്ലോട്ട് സർദാർപുരയിൽ നിന്നാണ് വിജയിച്ചത്. രാഹുൽ ഗാന്ധിയുടെ വലംകൈയായി കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ കരുത്തനായിപാർട്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനിടെയിലാണ് വീണ്ടും രാജസ്ഥാനിലേക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്. ദേശീയ നേതൃത്വനിരയിൽ ഗെഹ്ലോട്ട് ഡൽഹിയിൽ തുടരണമെന്ന് ഒരു വിഭാഗം വാദിച്ചെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രിപദം വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മറുഭാഗത്ത് യുവാക്കളുടെ കരുത്തായി സച്ചിൻ പൈലറ്റും നിലയുറപ്പിച്ചതോടെ ഹൈക്കമാൻഡും ആശയക്കുഴപ്പത്തിലായി. തിരഞ്ഞെടുപ്പ് ഫലംവരുന്നതിനിടയിൽ തന്നെ രാജസ്ഥാനിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസം ജയ്പൂരിൽ എംഎൽഎമാരുടെ അഭിപ്രായം തേടിയിരുന്നു. സംസ്ഥാനത്തെ പൊതുവെയുള്ള അഭിപ്രായം സ്വരൂപിച്ച കെ.സി.വേണുഗോപാൽ ഇന്നലെ തന്നെ രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിനിടെ രാഹുൽ പാർട്ടി പ്രവർത്തകരുടെ അഭിപ്രായം സ്വന്തം നിലക്കും ശേഖരിച്ചിരുന്നു. തുടർന്ന് സച്ചിൻ പൈലറ്റിനോടും ഗെഹ്ലോട്ടിനോടും രാഹുൽ ഗാന്ധി ഇന്ന് രാവിലെ ഡൽഹിയിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പൈലറ്റിന് അനുകൂലമായി അനുയായികൾ മുദ്രാവാക്യം വിളിക്കുയും ചെയ്തു. അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിനായുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. പി.സി.സി അധ്യക്ഷൻ കമൽനാഥിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. Content Highlights: Ashok Gehlot, Rajasthan Chief Minister,Congress
from mathrubhumi.latestnews.rssfeed https://ift.tt/2RYy2oi
via
IFTTT
No comments:
Post a Comment