തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച കൊടിയിറങ്ങുമ്പോൾ സുവർണചകോരം മലയാളത്തിലേയ്ക്ക് എത്തുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പതിനാല് ചിത്രങ്ങൾ മാറ്റുരച്ച മത്സരവിഭാഗത്തിൽ ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ എന്നിവയിലൊന്നിന് പുരസ്കാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ. മത്സരചിത്രങ്ങളുടെ പ്രദർശനം ബുധനാഴ്ചയാണ് പൂർത്തിയായത്. മിക്കവാറും എല്ലാ ചിത്രങ്ങളും ശരാശരിക്കു മുകളിൽ നിന്നതായാണ് പൊതുവിലുള്ള അഭിപ്രായം. ശക്തമായ അവതരണംകൊണ്ട് പ്രേക്ഷകരുടെ പ്രശംസ നേടിയ ഈ.മ.യൗവിന് പുരസ്കാരം ലഭിക്കുമെന്ന് പ്രേക്ഷകരിൽ വലിയൊരു വിഭാഗം കരുതുന്നു. അന്താരാഷ്ട്ര മാനമുള്ള പ്രമേയം കൈകാര്യംചെയ്ത സുഡാനി ഫ്രം നൈജീരിയയും മത്സരവിഭാഗത്തിൽ മലയാളത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. ബ്രസീൽ ചിത്രം ദ സൈലൻസ്, അർജന്റീനയിൽനിന്നുള്ള ദ ബെഡ് എന്നിവയും തുർക്കി ചിത്രമായ ഡെബ്റ്റ്, സ്പാനിഷ് ചിത്രമായ എൽ ഏഞ്ചൽ എന്നിവയും മത്സര വിഭാഗത്തിൽ സാധ്യത കൽപ്പിക്കപ്പെടുന്ന ചിത്രങ്ങളാണ്. സാധാരണയായി ചലച്ചിത്രമേളകളിൽ പ്രേക്ഷരെ കൈയ്യിലെടുക്കാറുള്ളവയാണ് ഇറാനിൽ നിന്നുള്ള ചിത്രങ്ങൾ. മൂന്നു സിനിമകളാണ് ഇക്കുറി ഇറാനിൽനിന്നുള്ളത്. ഇതിൽ ഡാർക്ക് റൂം, ഗ്രേവ്ലെസ് എന്നീ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കിർഗിസ്ഥാൻ ചിത്രം നൈറ്റ് ആക്സിഡന്റ്, ഈജിപ്റ്റിൽനിന്നുള്ള പോയ്സണസ് റോസസ്, ഭൂട്ടാൻ ചിത്രം റെഡ് ഫാലസ്, ഇറാൻ ചിത്രം ടേൽ ഓഫ് ദ സീ എന്നിവയും ഇന്ത്യൻ ചിത്രങ്ങളായ വിഡോ ഓഫ് സൈലൻസ്, ടേക്കിങ് ദ ഹോഴ്സസ് ടു ഈറ്റ് ജിലേബിസ് എന്നിവയുമാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങൾ. Content Highlights: Who Will Win Golden Peacock Award IFFK 2018
from mathrubhumi.latestnews.rssfeed https://ift.tt/2Qu90kd
via
IFTTT
No comments:
Post a Comment