ധാക്ക: ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏകദിന ടീം നായകൻ മഷ്റഫെ മൊർതാസയ്ക്ക് തകർപ്പൻ ജയം. നരെയ്ൽ സ്വദേശിയായ മൊർതാസ, അവിടെ നിന്നുതന്നെയാണ് ജനവിധി തേടിയത്. മണ്ഡലത്തിലെ മുഴുവൻ വോട്ടിൽ 96 ശതമാനവും സ്വന്തമാക്കി വൻ ഭൂരിപക്ഷത്തിലാണ് മൊർതാസ പാർലമെന്റിലെത്തുന്നത്. അവാമി ലീഗ് സ്ഥാനാർഥിയായ മൊർതാസയ്ക്ക് 274,418 വോട്ട് ലഭിച്ചപ്പോൾ ജെ.ഒ.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഫരീദുസ്മാന് 8,006 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ദേശീയ ടീമിൽ കളിക്കുന്ന താരം ഇതാദ്യമായാണ് പാർലമെന്റ് അംഗമാകുന്നത്. ബംഗ്ലാദേശ് പാർലമെന്റിലെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് മൊർതാസ. നയ്മൂർ റഹ്മാനായിരുന്നു മൊർതാസയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. പൊതു തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും മൂന്നാം വട്ടവും ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗ് തന്നെ അധികാരത്തിലേറുമെന്നാണ് ഫലസൂചനകൾ. നവംബറിൽ മൊർതാസയുടെ സ്ഥാനാർഥിത്വം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അംഗീകരിച്ചിരുന്നു. ഷെയ്ഖ് ഹസീനയ്ക്കൊപ്പമുള്ള മൊർതാസയുടെ ചിത്രവും വൈറലായിരുന്നു. ഇതാദ്യമായല്ല ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയത്തിൽ പുതിയ ഇന്നിങ്സ് കളിക്കാനിറങ്ങുന്നത്. ക്രിക്കറ്റ് കരിയറിനു ശേഷം ഇമ്രാൻ ഖാൻ പാക്കിസ്ഥാനിലും നവ്ജ്യോത് സിങ് സിദ്ധു ഇന്ത്യയിലും രാഷ്ട്രീയത്തിൽ സജീവമാണ്. ഇതിൽ ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിപദത്തിലുമെത്തി. ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും മഹേന്ദ്ര സിങ് ധോനിയും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2019-ലെ ഏകദിന ലോകകപ്പിനു ശേഷം മൊർതാസ വിരമിക്കുമെന്നാണ് സൂചന. 2009-ൽ അദ്ദേഹം ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. Content Highlights: mashrafe mortaza registers landslide win in bangladesh elections
from mathrubhumi.latestnews.rssfeed http://bit.ly/2CG6AGy
via
IFTTT
No comments:
Post a Comment