ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലമായ ബോഗിബീൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ബ്രഹ്മപുത്ര നദിക്ക് കുറുകേ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്റർ നീളമാണുള്ളത്.അരുണാചലുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് ധേമാജി. പാലം തുറന്നുകൊടുക്കുന്നതോടെ അസമിലെ ടിൻസുക്യയിൽനിന്ന് അരുണാചൽ പ്രദേശിലെ നഹർലഗൂണിലേക്കുള്ള ട്രെയിൻ യാത്രാസമയം പത്ത് മണിക്കൂറിലേറെ കുറയും. യാത്രാ സൗകര്യത്തിന് പുറമേ വടക്ക് കിഴക്കൻ അതിർത്തി പ്രദേശങ്ങളിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതുവഴിയാകും. രണ്ട് തട്ടുകളായുള്ള പാലം നിർമ്മിച്ചത് ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിലാണ്. താഴത്തെ തട്ടിൽ ഇരട്ട റെയിൽ പാതയും മുകളിൽ മൂന്ന് വരി റോഡുമാണുള്ളത്. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ധേമാജിയിൽ നിന്ന് ദീബ്രുഗഡിലേക്കുള്ള ദൂരം 500ൽനിന്ന് 100 കിലോമീറ്ററായി കുറയും. ഭാരം കൂടിയ സൈനിക ടാങ്കുകൾക്ക് ഉൾപ്പെടെ കടന്നുപോകാനുള്ള കരുത്ത് പാലത്തിനുണ്ട്. ഫണ്ടിന്റെ അപര്യാപ്തത ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ കാരണം 1997ൽ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ബോഗിബീൽ പാലം 21 വർഷത്തിന് ശേഷമാണ് പണി പൂർത്തിയാക്കുന്നത്. 1997ൽ അന്നത്തെ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ തറക്കല്ലിടുമ്പോൾ 1,767 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. ഇടയ്ക്ക് നിർമ്മാണ പ്രവൃത്തികൾ നിന്നു പോകുകയും 2007ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ബോഗിബീൽ പാലം ദേശീയ പദ്ധതിയായി ഉയർത്തുകയും ചെയ്തു. 2014 ആയപ്പോഴേക്കും നിർമാണച്ചെലവ് 3230 കോടിയായി പുനർ നിശ്ചയിച്ചു. എന്നാൽ പാലം പണി പൂർത്തിയാക്കാൻ വീണ്ടും 2600 കോടി കൂടി വേണ്ടിവന്നു. 2002ൽ അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്ത ബോഗിബീൽ പാലം 5920 കോടി രൂപ മുതൽമുടക്കിലാണ് പണി പൂർത്തിയാക്കിയത്. വാജ്പേയിയുടെ ജന്മദിനം കൂടിയായ ഡിസംബർ 25ന് പാലം തുറക്കുന്നതോടെ ദിബ്രുഗഡിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നാണ് പ്രദേശവാസികളും വ്യവസായികളും പ്രതീക്ഷിക്കുന്നത്. Content Highlights:Indias Longest Railroad Bridge Ready to Open, Bogibeel Bridge
from mathrubhumi.latestnews.rssfeed http://bit.ly/2EJIEUY
via
IFTTT
No comments:
Post a Comment