കോഴിക്കോട്: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിൽ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായം നിലനിൽക്കുന്നതിനിടെ വിശദീകരണവുമായി കുടുംബശ്രീ സ്റ്റേറ്റ് മിഷൻ രംഗത്തെത്തി. വനിതാ മതിലിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായി പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ഔദ്യോഗികമായി ഒരറിയിപ്പും നൽകിയിട്ടില്ലെന്ന് കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ഓഫീസ് അറിയിച്ചു. എന്നാൽ ഇത് സർക്കാർ പരിപാടിയാണെന്നും കുടുംബശ്രീയുടെ നയപരമായ തീരുമാനമാണെന്നും പറഞ്ഞ് ചില ജില്ലകളിൽകുടുംബശ്രീ അംഗങ്ങളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കുന്നുണ്ട്. ഇത് പലയിടങ്ങളിലും എതിർപ്പുകൾക്കും വഴിവെക്കുന്നുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസിന് കീഴിൽ നിന്ന് മാത്രം കുടുംബാംഗങ്ങളെ അടക്കം ഉൾപ്പെടുത്തി ഒരു ലക്ഷം പേരെ അണിനിരത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുടുംബശ്രീ അംഗങ്ങൾ ഉള്ള സി.ഡി.എസുകളിൽ ഒന്നാണിത്. 3500 അയൽകൂട്ടങ്ങളുള്ള ഇവിടെ നിന്ന് ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും 30 ൽ കുറയാത്ത അംഗങ്ങളെ പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ നയപരമായ തീരുമാനമാണ് എന്നിരിക്കെ പങ്കെടുത്തില്ലെങ്കിൽ നടപടി അടക്കമുള്ള കാര്യങ്ങളിലേക്ക് പോവുമെന്ന സൂചനയും അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. വനിതാ മതിൽ സിപിഎം നടത്തുന്ന പാർട്ടി പരിപാടിയാണെന്ന ആരോപണമുണ്ടായിരുന്നു. ഇതോടെ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബശ്രീ അംഗങ്ങൾ മുന്നോട്ട് വന്നിരുന്നു. യു.ഡി.എഫ് അടക്കമുള്ളവർ പരിപാടിക്ക് പിന്തുണയും നൽകുന്നില്ല. തുടർന്നാണ് സർക്കാർ പരിപാടിയെന്ന നിലയ്ക്ക് കുടംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണം എന്ന് ചൂണ്ടിക്കാട്ടി പല കുടുംബശ്രീ യൂണിറ്റുകളിലും നിർദേശം ലഭിച്ചിരിക്കുന്നത്. വനിതാ മതിലിന് മുന്നോടിയായി കോഴിക്കോട് ഓരോ അയൽക്കൂട്ടങ്ങളിലും പ്രത്യേക വിളംബര ജാഥ അടക്കം നടത്തിയാണ് കുടുംബശ്രീ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നത്. ഡിസംബർ 29,30 തീയ്യതികളിലാണ് വിളംബര ജാഥ സംഘടിപ്പിക്കുന്നത്. ഇതിന് മുന്നെ ഡിസംബർ 22-ന് കോർപ്പറേഷൻ പരധിയിലും പ്രത്യേകം വിളംബര ജാഥയുണ്ട്. വനിതാ മതിൽ സർക്കാർ പരിപാടിയല്ലെന്നും സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് സർക്കാറിന്റെ ഭാഗത്ത് നിന്ന് പിന്തുണ നൽകുകയാണ് ചെയ്യുന്നത് എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നാം മുന്നോട്ട് ടെലിവിഷൻ പരിപാടിയിൽ അഭിപ്രായപ്പെട്ടിരുന്നത്. പരിപാടിക്ക് സർക്കാരിന്റെ പണം ചെലവഴിക്കില്ലെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് പരമാവധി കുടുംബശ്രീ അംഗങ്ങളെ പരിപാടിക്കെത്തിക്കാൻ ശ്രമം നടത്തുന്നത്. ഇതിന് പുറമെ സർക്കാർ പദ്ധതിയെന്ന നിലയ്ക്ക് വനിതാ മതിലിൽ പങ്കെടുക്കണം എന്ന നിർദേശം തൊഴിലുറപ്പ് വനിതകൾക്കും നൽകിയിട്ടുണ്ട്. Content Highlights:Womens wall kerala; Contradiction among Kudumbasree members
from mathrubhumi.latestnews.rssfeed https://ift.tt/2AhGpEH
via
IFTTT
No comments:
Post a Comment