കൊച്ചി:ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആർ.ബി.ഐ.യുടെ ഗവർണർ ഉർജിത് പട്ടേൽ അപ്രതീക്ഷിതമായി രാജിവച്ചത് ചൊവ്വാഴ്ച രൂപയുടെ മൂല്യം കൂപ്പുകുത്താൻ ഇടയാക്കി. ഒരവസരത്തിൽ തിങ്കളാഴ്ചത്തെക്കാൾ 110 പൈസയുടെ ഇടിവാണ് ഇന്ത്യൻ കറൻസി നേരിട്ടത്. 72.42 എന്ന നിലയിലേക്ക് ഇതോടെ രൂപയെത്തി. എന്നാൽ, പുതിയ ആർ.ബി.ഐ. ഗവർണറെ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി എ.എൻ. ജാ പ്രസ്താവിച്ചതോടെ നഷ്ടം പകുതിയോളം നികത്താനായി. ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയതും രൂപയുടെ വിലത്തകർച്ച പിടിച്ചുനിർത്താൻ സഹായിച്ചു. ഒടുവിൽ തിങ്കളാഴ്ചത്തെക്കാൾ 53 പൈസയുടെ നഷ്ടവുമായി 71.85 എന്ന നിലയിൽ ക്ലോസ് ചെയ്തു. അതായത്, ഒരു ഡോളറിന് 71.85 രൂപ. രൂപയെ വലിയ തകർച്ചയിൽനിന്ന് രക്ഷിക്കാനായി പൊതുമേഖലാ ബാങ്കുകൾ ഡോളർ വൻതോതിൽ വിറ്റഴിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം പോലുമില്ലാത്തതും അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം ബി.ജെ.പി.ക്ക് തിരിച്ചടിയായി മാറിയതും വരും ദിവസങ്ങളിൽ ഓഹരി വിപണിയെ പിന്നോട്ടടിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയുണ്ടായാൽ രൂപയുടെ മൂല്യത്തകർച്ചയും തുടരും.
from mathrubhumi.latestnews.rssfeed https://ift.tt/2QSb6K8
via
IFTTT
No comments:
Post a Comment