കൊച്ചി: നടി ലീന മരിയ പോളും അധോലോക നേതാവ് രവി പൂജാരിയും തമ്മിലുള്ള ഫോൺ സംഭാഷണം പോലീസ് പരിശോധിക്കുന്നു. സംഭാഷണത്തിന്റെ ശബ്ദരേഖ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ മലയാളം ചാനലിലേക്ക് വിളിച്ചും രവി പൂജാരി എന്ന് പരിചയപ്പെടുത്തിയയാൾ സംസാരിച്ചിരുന്നു. തന്റെ ലക്ഷ്യം നടിയല്ലെന്നും അയാളെ വകവരുത്തുമെന്നും ഫോൺ സന്ദേശത്തിൽ പറയുന്നു. ഇന്റർനെറ്റ് ഫോൺ കോളുകളാണ് ഇവ എന്നത് പോലീസിന്റെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നേരത്തേ രവി പൂജാരി തന്നെ നിരന്തരം വിളിച്ചിരുന്നതായി ലീന പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ലീന തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്, എന്നാൽ പ്രധാന തട്ടിപ്പുകാരനിലേക്കെത്താനാണ് അവരെ വിളിച്ചത്. വെടിവെപ്പ് നടത്തിയത് തന്റെ ആളുകളാണ് എന്നുമാണ് ചാനലിന് ലഭിച്ച ഫോൺസന്ദേശത്തിൽ പറയുന്നത്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസമാണ് വെടിവെപ്പുണ്ടായത്. ഇതു സംബന്ധിച്ച അന്വേഷണം പോലീസ് മുംബൈയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. രവി പൂജാരി ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നാണ് പറയുന്നത്. അടുത്തകാലത്ത് രവി പൂജാരിയുമായി ബന്ധപ്പെട്ട് മുംബൈയിൽ എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. എന്നാൽ, വെടിവെപ്പ് പ്രൊഫഷണൽ സംഘങ്ങളുടെ രീതിയിലല്ല നടന്നതെന്ന് പോലീസ് ആവർത്തിക്കുന്നുണ്ട്. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് ബ്യൂട്ടി പാർലറിനു സമീപമിട്ടത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നും സംശയിക്കുന്നുണ്ട്. രവി 25 കോടി ആവശ്യപ്പെട്ടെന്നാണ് ലീന പറയുന്നത്. കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. നടിയുടെ മൊഴികൾ വിശദമായി പരിശോധിച്ചു വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. തന്റെ ഭർത്താവ് ശേഖർ ഡൽഹിയിലെ ഒരു കേസിൽപ്പെട്ട് തിഹാർ ജയിലിലാണെന്ന് ലീന സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. നവംബർ മൂന്നിന് തനിക്ക് നിരന്തരം ഭീഷണി സന്ദേശം വന്നുവെന്നാണ് പരാതിയിലുള്ളത്. ലീനയാണോ എന്ന് സ്ഥിരീകരിച്ച ശേഷം കോളുകൾ ആദ്യം കട്ട് ചെയ്തു. പിന്നീട് ഭീഷണി സന്ദേശങ്ങളും വിളികളുമുണ്ടായി. ബ്യൂട്ടി പാർലറിനു സമീപം വെടിയുതിർത്ത രണ്ടുപേർക്കായി തിരച്ചിൽ വ്യാപിപ്പിച്ചതായി ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഏതാനും സൂചനകൾ കിട്ടിയിട്ടുണ്ടെന്നും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു. തോക്ക് വില്പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ 15 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. content highlights:Beauty Parlor shooting; Police probe extends to Mumbai, examines call recordings
from mathrubhumi.latestnews.rssfeed https://ift.tt/2SVSu99
via
IFTTT
No comments:
Post a Comment