കോഴിക്കോട്: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കെ.എസ്.ആർ.ടി.സി എം.പാനൽ ജീവനക്കാരെ പിരിച്ചു വിടാൻ തുടങ്ങിയതോടെ തിങ്കളാഴ്ച മുതൽമുടങ്ങിയത് ആയിരത്തോളം സർവീസുകൾ. എറണാകുളം സോണിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയത്. അവിടെ 413 സർവീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം സോണിൽ 367 സർവീസുകളും കോഴിക്കോട് സോണിൽ 210 സർവീസുകളും മുടങ്ങുകയോ റദ്ദാകുകയോ ചെയ്തു. അതേസമയം പിരിച്ചു വിടപ്പെട്ട എം.പാനൽ കണ്ടക്ടർമാർ 20-ാം തീയതി മുതൽ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ചിനും ഒരുങ്ങുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാർച്ചിൽ ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും. 20-ാം തീയതി തുടങ്ങി 25-ാം തീയതി സെക്രട്ടേറിയറ്റിൽ അവസാനിക്കുന്ന തരത്തിലായിരിക്കും മാർച്ചെന്ന് സംഘാടകർ അറിയിച്ചു. മാത്രമല്ല ജനുവരി ആദ്യവാരം അവധിക്ക് ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച രാവിലെയായിരുന്നു ഹൈക്കോടതി സർക്കാരിനും കെ.എസ്.ആർ.ടി.സിക്കും താൽക്കാലിക കണ്ടക്ടർമാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകിയത്. തുടർന്ന് തിങ്കളാഴ്ച മുതൽ തന്നെ നടപടി വേഗത്തിലാക്കുകയായിരുന്നു. സമയം നീട്ടിക്കിട്ടാൻ ആവശ്യപ്പെട്ടെങ്കിലും ഇത് ഹൈക്കോടതി അനുവദിച്ചില്ലെന്ന് മാത്രമല്ല രണ്ട് ദിവസത്തിനുള്ളിൽ പി.എസ്.സി ലിസ്റ്റിൽ നിന്ന് കണ്ടക്ടർമാരെ നിയമിക്കാൻ അന്ത്യശാസനവും കോടതി നൽകി. രണ്ട് സ്പെല്ലുകളായിട്ടാണ് കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർമാരുടെ ജോലി ക്രമീകരണം. ഉച്ചയോടെ കഴിയുന്ന ആദ്യ സ്പെല്ലിൽ നിന്നുള്ള കണ്ടക്ടർമാർ തിരിച്ചെത്തുന്നതോടെ മുടങ്ങുന്ന സർവീസുകളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചന. സർവീസുകൾ മുടങ്ങാതിരിക്കാൻ സ്ഥിരം കണ്ടക്ടർമാർക്ക് ഓവർടൈം ജോലി നൽകിയും അവധികൾ റദ്ദാക്കിയും ക്രമീകരണം നടത്തുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും മതിയാവില്ലെന്നാണ് അറിയുന്നത്. പുതിയ കണ്ടക്ടർമാരെ നിയമിച്ചാൽ തന്നെ ഇവർക്ക് ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും പരിശീലനം നൽകേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ ആവശ്യമില്ലെന്നും ടിക്കറ്റ് മുറിച്ച് നൽകി പണം വാങ്ങാൻ വലിയ പരിശീലനത്തിന്റെ ആവശ്യമൊന്നും ഇല്ലെന്നുമാണ് ചൊവ്വാഴ്ച കോടതി വ്യക്തമാക്കിയത്. പുതിയ കണ്ടക്ടർമാരെ പി.എസ്.സിയിൽ നിന്നും നിയമിക്കുക, താൽക്കാലിക ജീവനക്കാരെ ഉടൻ പരിച്ച് വിടുക എന്നീ കർശന നിർദേശമാണ് ഹൈക്കോടതി കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും നൽകിയത്. ഇതിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെ അവധി വെട്ടിക്കുറച്ച് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാൻ ഇതൊന്നും മതിയാകില്ലെന്നാണ് അറിയുന്നത്. ഇതിന് പുറമെ പിരിച്ച് വിടുന്നത്ര താൽക്കാലിക ജീവനക്കാരെ പി.എസ്.സി വഴി നിയമിച്ച് സ്ഥിരപ്പെടുത്തുമ്പോൾ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും വഴിയൊരുക്കും. ഇത് കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥ പരിതാപകരമാക്കുകയും ചെയ്യും. Content Highlights:Dismissal of KSRTC empanel conductors, long march to be held towards Thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/2QD2RlO
via
IFTTT
No comments:
Post a Comment