ലഖ്നൗ: ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണം നിയന്ത്രിക്കുന്നതിനിടെ പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. പ്രശാന്ത് നാട്ട്എന്നയാളാണ് വ്യാഴാഴ്ച അറസ്റ്റിലായത്. താനാണ് സുബോധ് കുമാറിനെ വെടിവച്ചതെന്ന് പ്രശാന്ത് കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. നോയിഡയ്ക്കു സമീപത്തുനിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ബുലന്ദ്ശഹർ ജില്ലയിലെ സിയാന ഗ്രാമത്തിൽ ഡിസംബർ മൂന്നിന് ആൾക്കൂട്ട ആക്രമണമുണ്ടായത്. ഇത് നിയന്ത്രിക്കുന്നതിനിടെയാണ് സുബോധ് കുമാർ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ സുമിത് എന്ന ഇരുപത്തൊന്നുകാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പ്രശാന്തിന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ദാദ്രിയിൽ അഖ്ലാക്ക് എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. സുബോധിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സുബോധിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ബജ്രംഗ്ദൾ നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കാൻ പോലീസിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ടെന്ന് ആരോപിച്ച് സുബോധിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്ത് അറസ്റ്റിലായിരിക്കുന്നത്. content highights;taxi driver arrested in connection with buland shahar police inspector killing
from mathrubhumi.latestnews.rssfeed http://bit.ly/2Vhh06y
via
IFTTT
No comments:
Post a Comment