മെല്ലെപ്പോക്കിനൊടുവില്‍ ഇന്ത്യയുടെ ഡിക്ലറേഷന്‍; ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റണ്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

മെല്ലെപ്പോക്കിനൊടുവില്‍ ഇന്ത്യയുടെ ഡിക്ലറേഷന്‍; ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റണ്‍സ്

മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഏഴിന് 443 റൺസിന് ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്കെതിരേ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റൺസെന്ന നിലയിൽ. മെല്ലെപ്പോക്കിനൊടുവിൽ ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഏഴിന് 443 റൺസിന് ഡിക്ലയർ ചെയ്തു. രണ്ടാം ദിവസത്തെ കളി അവസാനിക്കാൻ പത്തിൽ താഴെ ഓവറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇന്ത്യയുടെ ഡിക്ലറേഷൻ. രണ്ടാം ദിവസം ആറ് ഓവറുകൾ മാത്രമാണ് ഓസീസ് ബാറ്റു ചെയ്തത്. അഞ്ചു റൺസുമായി മാർക്കസ് ഹാരിസും മൂന്നു റൺസുമായി ആരോൺ ഫിഞ്ചുമാണ് ക്രീസിൽ. സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര (106), അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലി (82), മായങ്ക് അഗർവാൾ (76), രോഹിത് ശർമ (63*) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. അജിങ്ക്യ രഹാനെ 34 ഉം റിഷഭ് പന്ത് 39 ഉം റൺസെടുത്തു. നാലു റൺസെടുത്ത ജഡേജയെ ഹേസൽവുഡ് പുറത്താക്കിയതോടെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 204 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളടക്കം 82 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. റൺറേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ സ്റ്റാർക്കിന്റെ ഷോർട്ട് പിച്ച് പന്തിൽ അപ്പർകട്ടിനു ശ്രമിച്ച കോലിയെ തേർഡ്മാൻ ബൗണ്ടറിയിൽ ഫിഞ്ച് പിടികൂടുകയായിരുന്നു. പൂജാരയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ 170 റൺസ് ചേർത്ത ശേഷമാണ് കോലി മടങ്ങിയത്. പിന്നാലെ പാറ്റ് കമ്മിൻസിന്റെ അപ്രതീക്ഷിതമായി താഴ്ന്നുവന്ന പന്തിൽ പൂജാരയുടെ കുറ്റി തെറിച്ചു. 319 പന്തിൽ 10 ബൗണ്ടറികളടക്കം 106 റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടാമത്തെ സെഷനിലാണ് ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകളും നഷ്ടമായത്. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന രഹാനെ-രോഹിത് സഖ്യം 62 റൺസെടുത്തു. ആറാം വിക്കറ്റിൽ രോഹിത്-ഋഷഭ് പന്ത് സഖ്യം 76 റൺസിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. 31 റൺസാണ് ഓസീസ് ബൗളർമാർ ഇന്ത്യയ്ക്ക് സൗജന്യമായി നൽകിയത്. ചേതേശ്വർ പൂജാരയുടെ സെഞ്ചുറിയായിരുന്നു രണ്ടാം ദിനത്തിലെ പ്രത്യേകത. 280 പന്തുകളിൽ നിന്നാണ് പൂജാര തന്റെ 17-ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയത്. ഈ പരമ്പരയിലെ പൂജാരയുടെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തേ അഡ്ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിലും പൂജാര സെഞ്ചുറി നേടിയിരുന്നു. ഇതോടെ സെഞ്ചുറിയുടെ എണ്ണത്തിന്റെ കാര്യത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു. ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തിൽ പൂജാര ഇപ്പോൾ മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണൊപ്പമെത്തി. ഓസീസ് ബൗളർമാരിൽ നഥാൻ ലിയോണിനെ ആക്രമിച്ചു കളിക്കുന്ന സമീപനമാണ് ഇന്ത്യ ഒന്നാം ദിനം സ്വീകരിച്ചത്. ലിയോണിൽ നിന്നാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ താരതമ്യേന കൂടുതൽ റൺസ് അടിച്ചെടുത്തത്. അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗർവാളിന്റെ ഇന്നിങ്സായിരുന്നു ആദ്യ ദിനത്തിലെ പ്രത്യേകത. അരങ്ങേറ്റക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ കളിച്ച മായങ്ക് 161 പന്തുകളിൽ നിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്സുമടക്കം 76 റൺസെടുത്തു. പാറ്റ് കമ്മിൻസിന്റെ പന്തിന്റെ ബൗൺസ് മനസിലാക്കുന്നതിൽ പിഴച്ച മായങ്ക് വിക്കറ്റ് കീപ്പർ ടിം പെയ്നിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഈ പരമ്പരയിൽ ഒരു ഇന്ത്യൻ ഓപ്പണർ നേടുന്ന ആദ്യ അർധ സെഞ്ചുറിയായിരുന്നു മായങ്കിന്റേത്. വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന നേട്ടം സ്വന്തമാക്കിയ ശേഷമാണ് മായങ്ക് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന 295-ാമത്തെ കളിക്കാരനാണ് മായങ്ക് അഗർവാൾ. എട്ടു റൺസെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ ആരോൺ ഫിഞ്ച് പിടിച്ചാണ് വിഹാരി പുറത്തായത്. മായങ്കിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ 40 റൺസ് ചേർത്ത ശേഷമാണ് വിഹാരി പുറത്തായത്. പിന്നാലെ ഒത്തു ചേർന്ന പൂജാര-മായങ്ക് സഖ്യം രണ്ടാം വിക്കറ്റിൽ 83 റൺസ് ഇന്ത്യൻ സ്കോർബോർഡിൽ ചേർത്തു. സ്കോർ 123-ൽ നിൽക്കെ മായങ്ക് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോലി പൂജാരയ്ക്കൊപ്പം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. മെൽബണിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ബാറ്റിങ് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്ന കെ.എൽ. രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തിയതോടെ ഹനുമ വിഹാരിയും അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗർവാളുമാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മായങ്ക്. മായങ്ക് തുടക്കം മുതൽ തന്നെ റൺസ് സ്കോർ ചെയ്യാനാരംഭിച്ചെങ്കിലും ഏറെ ശ്രദ്ധയോടെയാണ് വിഹാരി തുടങ്ങിയത്. സ്റ്റാർക്കിന്റെയും കമ്മിൻസിന്റെയും ഹേസൽവുഡിന്റെയും ഷോർട്ട് പിച്ച് പന്തുകൾ പലപ്പോഴും വിഹാരിയെ ബുദ്ധിമുട്ടിച്ചു. ഒടുവിൽ കമ്മിൻസിന്റെ ഒരു ബൗൺസറിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് വിഹാരി പുറത്താകുന്നത്. ഗ്ലൗവിൽ തട്ടിയ പന്ത് സ്ലിപ്പിൽ ഫിഞ്ചിന്റെ കൈകളിലെത്തുകയായിരുന്നു. 66 പന്തുകൾ നേരിട്ടാണ് വിഹാരി എട്ടു റൺസെടുത്തത്. ഇന്ത്യൻ നിരയിൽ മായങ്കിന് പുറമെ, ജഡേജയും രോഹിത് ശർമയും തിരിച്ചെത്തി. അതേസമയം ഓസീസ് നിരയിൽ പീറ്റർ ഹാൻഡ്സ്കോമ്പിനു പകരം മിച്ചൽ മാർഷ് ടീമിലെത്തി. ചരിത്രം കുറിച്ച് ആർച്ചി ഷില്ലെർ മത്സരത്തിൽ ടോസിനായി ഏഴു വയസുകാരനായ ആർച്ചി ഷില്ലെറും എത്തിയിരുന്നു. ഓസീസ് ടീമിന്റെ ഉപനായകനായി ക്യാപ്റ്റൻ ടിം പെയ്നിനൊപ്പമാണ് ഷില്ലെർ എത്തിയത്. ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞ് ഷില്ലെറുടെ മോഹങ്ങൾ തല്ലിക്കെടുത്തിയത് അപൂർവമായ ഹൃദ്രോഗമായിരുന്നു. ജനിച്ച് മൂന്നാം മാസത്തിലാണ് കുഞ്ഞു ഷില്ലെറുടെ ഹൃദയത്തിന് വലിയ തകരാറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുന്നത്. ഓപ്പൺ ഹാർട്ട് സർജറിക്ക് അടക്കം വിധേയനായ ഈ ഏഴു വയസുകാരൻ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ ഷില്ലെറുടെ ക്രിക്കറ്റ് സ്നേഹം അറിഞ്ഞ ഓസീസ് കോച്ച് അവന്റെ മാതാപിതാക്കളെ ബന്ധപ്പെടുകയും ഷില്ലെറെ ടീമിനൊപ്പം കൂട്ടുകയുമായിരുന്നു. സ്പിന്നർ നഥാൻ ലിയോണിന്റെ കടുത്ത ആരാധകനാണ് ലെഗ് സ്പിന്നർ കൂടിയായ ഷില്ലെർ. നേരത്തെ ഓസീസ് ടീമിനൊപ്പം പരിശീലിക്കാനും ഷില്ലെർക്ക് അവസരം ലഭിച്ചിരുന്നു. ഇതിനിടെ ഓസീസിനെ നയിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും ഷില്ലെർ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോൾ സാധിച്ചുകൊടുക്കുന്നത്. Content Highlights: india vs australia 3rd test day 2


from mathrubhumi.latestnews.rssfeed http://bit.ly/2Q5ox4E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages