പാരീസ്: പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇന്ധന നികുതി വർധിപ്പിക്കുന്നത് താത്കാലികമായി പിൻവലിക്കുമെന്ന് ഫ്രാൻസ്. ഇന്ധന നികുതി വർധിപ്പിക്കാനുള്ള തീരുമാനം ആറുമാസത്തേക്ക് റദ്ദാക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാ ഫിലിപ്പ് ചൊവ്വാഴ്ച പറഞ്ഞു. ജനങ്ങളുടെ രോഷം കണക്കിലെടുക്കേണ്ടതുണ്ടെന്നും വിലവർധന ബാധിച്ച ജനങ്ങളുമായി നേരിട്ടുള്ള സംവാദം സാധ്യമാകുന്നതുവരെ നികുതിവർധന നടപ്പിൽവരുത്തില്ലെന്നും ടെലിവിഷൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധമെന്ന പേരിൽ മൂന്നാഴ്ചയായി ഫ്രാൻസിന്റെ വിവിധ നഗരങ്ങളിൽനടക്കുന്ന പ്രക്ഷോഭങ്ങളിൽ മൂന്നുപേർ മരിക്കുകയും ആയിരക്കണക്കിനുപേർക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. ജനങ്ങളുടെ പ്രതിഷേധം കാണാതെയും കേൾക്കാതെയുമിരിക്കണമെങ്കിൽ തങ്ങൾ അന്ധരോ ബധിരരോ ആയിരിക്കണം. നികുതികുറയ്ക്കാനും ന്യായമായ കൂലി ലഭിക്കാനുമാണ് ജനങ്ങൾ മഞ്ഞക്കുപ്പായമണിഞ്ഞ് തെരുവിലിറങ്ങിയത്. സർക്കാരും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. ഒരു നികുതിക്കും രാജ്യത്തിൻറെ ഐക്യത്തെ അട്ടിമറിക്കാനാവില്ല -ഫിലിപ്പ് പറഞ്ഞു. ഇന്ധനനികുതി കൂടാതെ വൈദ്യുതി, ഗ്യാസ് വിലവർധനയും വാഹനപുകനിയന്ത്രണങ്ങളും റദ്ദാക്കുന്നതായും ഫിലിപ്പ് കൂട്ടിച്ചേർത്തു. എന്നാൽ, ഇക്കാര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ പ്രതികരിച്ചിട്ടില്ല. ഫ്രാൻസിൽ ഒരുവർഷത്തിനിടെ ഡീസൽവില 23 ശതമാനമാണ് വർധിച്ചത്. ഇതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മക്രോൺ രാജിവെക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. content highlights:France suspends fuel tax rises
from mathrubhumi.latestnews.rssfeed https://ift.tt/2E1Y1qz
via
IFTTT
No comments:
Post a Comment