ബുലന്ദ്ശഹർ:പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിന്റെ പേരിലുണ്ടായ സംഘർഷത്തെ തുടർന്ന് ഉത്തർപ്രദേശിൽ ഒഴിവായത് വൻ വർഗീയകലാപം. ബജ്റംഗ്ദളിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ തടഞ്ഞത് പോലീസിന്റെ സമയോചിതമായ ഇടപെടലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഗോഹത്യയുടെ പേരിലുള്ള പ്രതിഷേധം സംഘർഷത്തിലേക്കു മാറിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു. ബുലന്ദ്ശഹറിൽ നടന്നുവന്ന 'തബ് ലീഗി ജമായത്ത്' സമ്മേളനം കഴിഞ്ഞ് ആളുകൾ മടങ്ങുന്ന സമയവും അതായിരുന്നു. ഇവരെ ലക്ഷ്യമിട്ട് ബജ്റംഗ്ദൾ പ്രവർത്തകർ ദേശീയപാതയിൽ ഗതാഗതം തടഞ്ഞു. എന്നാൽ, പോലീസുകാരും സാമൂഹിക പ്രവർത്തകരും ചേർന്ന് ഇവരെ വഴിതിരിച്ചുവിട്ടതോടെ വലിയ സംഘർഷം ഒഴിവായി. മാത്രവുമല്ല, നാട്ടുകാരനായ സുമിത്തും ഇൻസ്പെക്ടറും കൊല്ലപ്പെട്ടതോടെ ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിരോധത്തിലായി. അതോടെ, ഗോഹത്യയുടെ പേരിലുള്ള പ്രചാരണവും പ്രതിഷേധവും അവസാനിപ്പിക്കേണ്ടിയും വന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ അർധസൈനികർ ഉൾപ്പെടെ കനത്ത കാവലിലാണ് മുസ്ലിം ജനസംഖ്യ ഏറെയുള്ള ബുലന്ദ്ശഹർ പട്ടണവും പരിസരപ്രദേശങ്ങളും. കൊല്ലപ്പെട്ട സുമിത്തിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനാൽ സംഘർഷസ്ഥലത്തേക്ക് ചൊവ്വാഴ്ച പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിച്ചില്ല. അക്രമം ആസൂത്രിതം അതേസമയം, അക്രമം ആസൂത്രിതമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന സംഭവവികാസങ്ങൾ. ബുലന്ദ്ശഹറിന് 40 കിലോമീറ്റർ ദൂരത്തുള്ള സ്യാന താലൂക്കിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടത്താണ് കന്നുകാലി അവശിഷ്ടം കണ്ടെത്തിയത്. വയലുടമ ഉടൻ പോലീസിനെ അറിയിക്കുകയും അവർ എത്തുകയും ചെയ്തു. എന്നാൽ, വൈകാതെതന്നെ ഗ്രാമത്തിനു പുറത്തുനിന്നും ബജ്റംഗ്ദൾ പ്രവർത്തകർ എത്തുകയായിരുന്നു. വയലുടമ അറിയിച്ചാണ് എത്തിയതെന്നാണ് പ്രതിഷേധക്കാർ പറഞ്ഞതെങ്കിലും താൻ ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നാണ് അയാളുടെ വിശദീകരണം. പശുവിനെ അറുത്തെന്നു പറഞ്ഞാണ് ബജ്റംഗ് ദളുകാർ പ്രശ്നമുണ്ടാക്കിയത്. എന്നാൽ, അറവുകാർ ഉപേക്ഷിക്കുന്നപോലുള്ള അവശിഷ്ടമല്ല വയലിൽ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിലൊന്നും അറവുശാലകളില്ലെന്ന് മഹാവ് ഗ്രാമത്തിന് അകലെയല്ലാതെ താമസിക്കുന്ന സത്യപാൽ സിങ് 'മാതൃഭൂമി'യോടു പറഞ്ഞു. മഹാവിൽനിന്നും ചിംഗ് രാവതി പോലീസ് പോസ്റ്റിനു സമീപത്തെത്തിയ ബജ്റംഗ്ദളുകാർ കേസെടുക്കാൻ ആവശ്യപ്പെട്ടു പ്രതിഷേധം തുടങ്ങി. പിന്നീട് പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമായി. ഇരുഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. ഇൻസ്പെക്ടർ സുബോധ് കുമാറിനെ ലക്ഷ്യമിട്ട അക്രമികൾ അയാളെ പിടിക്കൂ, വെടിവയ്ക്കൂവെന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങളും പ്രാദേശിക ചാനലുകൾക്ക് ലഭിച്ചു. ദാദ്രിയിലെ അഖ് ലാഖ് വധം അന്വേഷിച്ച ഇൻസ്പെക്ടർ സുബോധിനെ അക്രമികൾ ലക്ഷ്യമിട്ടതിന് ഈ ദൃശ്യങ്ങളാണ് സാക്ഷി. പ്രതിഷേധത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന യോഗേഷ് രാജ്, മഹാവിൽനിന്ന് നാലു കിലോമീറ്റർ അകലെയുള്ള നയാബാസ് ഗ്രാമക്കാരനാണ്. യോഗേഷ് ഉൾപ്പെടെ മഹാവിന് പുറത്തുനിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരിൽ ഭൂരിപക്ഷവും. ബൈക്കിൽ കൂട്ടുകാരനെ കൊണ്ടുവിടാൻ വന്നപ്പോഴാണ് ചിംഗ് രാവതിയിൽനിന്ന് അരക്കിലോമീറ്റർ അകലെ താമസിക്കുന്ന ബിരുദവിദ്യാർഥിയായ സുമിത്തിന് വെടിയേറ്റതെന്നും പ്രദേശവാസികൾ പറയുന്നു. content highlights:Bulandshahr Violence,up, cow politics
from mathrubhumi.latestnews.rssfeed https://ift.tt/2QHjc8l
via
IFTTT
No comments:
Post a Comment