തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീകോടതി വിധി വന്നപ്പോഴുള്ള നിലപാടിൽനിന്ന് സർക്കാർ മാറിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പാർട്ടിക്കകത്തെ അഭിപ്രായ വ്യത്യാസം മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിധി നടപ്പാക്കാൻ ശ്രമിച്ചത്. ഹൈക്കോടതി പോലും സർക്കാരിനെ വിമർശിച്ചു. ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്തയാൾ ഇപ്പോൾ വനിതാമതിലിന്റെ പേരിൽ വെള്ളാപ്പള്ളിയെ ഭയക്കുകയാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തനിക്കെതിരെ ഉണ്ടായ കേസ് കെട്ടിച്ചമച്ചതാണ്. കേസിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ചിത്തിര ആട്ടവിശേഷം കഴിഞ്ഞ് 17-ാം ദിവസമാണ് തനിക്കെതിരെ കേസ് വരുന്നത്. പ്രഥമദൃഷ്ട്യാ ജാമ്യം നൽകുന്നതിൽ തെറ്റില്ലെന്ന് കണ്ടാണ് കോടതി വിട്ടയയ്ക്കാൻ സമ്മതിച്ചത്. സന്നിധാനത്ത് പ്രകോപനപരമായി സംസാരിച്ചിട്ടുപോലുമില്ല. തൃശൂരിൽ നിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. സന്നിധാനത്ത് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ മാധ്യമങ്ങൾ ശ്രമിച്ചില്ലെന്ന് സുരേന്ദ്രൻ വിമർശിച്ചു. കൊന്നുകളയെടാ അവളെ എന്നു പറഞ്ഞയാളെ മാധ്യമങ്ങൾ കണ്ടെത്തിയില്ല. സൂരജ് ഇലന്തൂരിനെ കേസിൽ മനപ്പൂർവം കുടുക്കിയതാണ്. അയാൾക്കെതിരെ ഒരു ദൃശ്യം പോലുമില്ല. സൂരജ് തന്നെ നേരത്തെ വിളിച്ചത് സുപ്രീംകോടതി വിധി വരുന്നതിന് മുമ്പാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വത്സൻ തില്ലങ്കേരി സമാധാനമുണ്ടാക്കാനാണ് പോലീസിന്റെ മൈക്കെടുത്തതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. അതേ വത്സൻ തില്ലങ്കേരിയെ ഇപ്പോൾ സർക്കാർ തന്റെ കൂട്ടുപ്രതിയാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു. ഇരുമുടിക്കെട്ട് താഴെ വീണത് പോലീസിന്റെ ബലപ്രയോഗത്തിനിടെയാണ്. സമരം നടത്തുന്നത് ശബരിമല കർമ സമിതിയും വിശ്വാസി സംഘടനകളുമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. കണ്ണൂരിലേക്ക് കൊണ്ടുപോകുംവഴി തനിക്ക് ചായ വാങ്ങിത്തന്നതിന് ഇൻസ്പെക്ടറെ സസ്പെൻഡു ചെയ്ത സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.പി വധക്കേസിലെ പ്രതിക്ക് സർക്കാർ എല്ലാ സൗകര്യങ്ങളുമൊരുക്കുമ്പോഴാണ് തനിക്ക് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. നിരപരാധികൾ ഇനിയും ജയിലിൽ കിടക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. താൻ ബിജെപി അധ്യക്ഷനാകാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന രീതിയുള്ള വാർത്തകൾ ശരിയല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ നേതൃമാറ്റം കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ വെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. Content Highlights: Sabarimala Women Entry, K Surendran, Pinarayi Vijayan
from mathrubhumi.latestnews.rssfeed https://ift.tt/2RJTpJE
via
IFTTT
No comments:
Post a Comment