കോഴിക്കോട്: ശബരിമല, വനിതാ മതിൽ വിഷയങ്ങളിൽ എൻഎസ്എസിനെതിരെയും ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും രൂക്ഷ വിമർശനമുയർത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമദൂരം പക്ഷം ചേരലോ എന്ന പേരിൽ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി വിമർശന ശരങ്ങൾ. വനിതാമതിൽ തകർക്കാൻ ഏറ്റവും മുന്നിൽ നിൽക്കുന്നത് ബിജെപി-ആർഎസ്എസ് ശക്തികളാണ്. അവർക്ക് ഒത്താശ നൽകുകയാണ് യുഡിഎഫും എൻഎസ്എസ് പോലുള്ള ചില സാമൂഹ്യസംഘടനകളും. വനിതാമതിൽ പൊളിക്കുമെന്ന് എത്ര ഉച്ചത്തിൽ ഇക്കൂട്ടർ വിളിച്ചുപറയുന്നുവോ അത്രമാത്രം ആവേശത്തോടെ വനിതകൾ നവോത്ഥാന മതിലിൽ ഭാഗഭാക്കാകുമെന്ന് കോടിയേരി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും തന്നെ ഏൽപ്പിച്ച പ്രധാനപ്പെട്ട മൂന്ന് ദൗത്യത്തിലൊന്ന് ഇതിനകം നിറവേറ്റിയെന്നും അത് പരസ്യപ്പെടുത്തുന്നില്ലായെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു. ദൗത്യനിർവഹണം താൻ വിജയകരമായി പൂർത്തിയാക്കിയതിൽ മോഡിയും അമിത് ഷായും തൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നവോത്ഥാന പാരമ്പര്യമുള്ള എൻഎസ്എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയിൽ എത്തിച്ചൂവെന്നതാണോ തൃപ്തിക്ക് കാരണം. കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരിൽ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയിൽനിന്നുള്ള വ്യതിചലനമാണ് എൻഎസ്എസ് നേതാവിൽ ഇന്നുകാണുന്നത്. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നയിച്ച എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ നോക്കുന്നു. മന്നം പത്മനാഭന്റെ നവോത്ഥാന വഴികൾ ഇവർ മറക്കുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ, വനിതാമതിലിനെ തുടക്കംമുതൽ എതിർക്കുകയും, ഇതിന്റെ മറവിൽ മുഖ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിക്കുകയുമാണ്. എന്നിട്ട് ഒരു ഉഗ്രശാപവും വർഷിച്ചിട്ടുണ്ട്. ഇതിനെല്ലാം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുഭവിക്കുമെന്നാണത്. തിരഞ്ഞെടുപ്പുകളിൽ പുലർത്തിവന്ന സമദൂരമെന്നത് ശരിദൂരമാക്കി കമ്യൂണിസ്റ്റ് വിരുദ്ധശക്തികളെ സഹായിക്കുമെന്ന സന്ദേശമാണ് എൻഎസ്എസ് നേതാവ് നൽകുന്നതെന്ന് ചില മാധ്യമനിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. എന്തായാലും, സ്ത്രീപുരുഷ സമത്വമെന്ന ആശയത്തിലും ലിംഗതുല്യതയിലും ശബരിമല സ്ത്രീ പ്രവേശനത്തിലും നവോത്ഥാനമൂല്യ സംരക്ഷണത്തിലും കമ്യൂണിസ്റ്റുകാരും എൽഡിഎഫും നിലപാട് സ്വീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടും സീറ്റും നോക്കിയല്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ധാർഷ്ട്യമാണെന്ന അധികപ്രസംഗവും സുകുമാരൻനായർ നടത്തിയിട്ടുണ്ട്. എൻഎസ്എസിനോടോ മറ്റ് സാമൂഹ്യ സംഘടനകളോടോ അവർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോടോ കാലോചിതമായ അഭിപ്രായങ്ങളോടോ എൽഡിഎഫ് സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു അകൽച്ചയോ വിദ്വേഷമോ ഇല്ല. എന്നാൽ, സ്ത്രീപുരുഷ സമത്വം, ഭരണഘടനാ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല. അതിനെ ധാർഷ്ട്യമെന്ന് മുദ്രകുത്തുന്നത് മറുകണ്ടം ചാടലാണ്. ആർഎസ്എസ് ബിജെപിയുടെ വർഗീയസമരങ്ങൾക്ക് തീ പകരാനുള്ള നടപടിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയിൽ നിന്നുമുണ്ടായിരിക്കുന്നത്. ഡിസംബർ 26ന് ആർഎസ്എസ് നടത്തുന്ന അയ്യപ്പജ്യോതി യിൽ പങ്കെടുക്കാനുള്ള സുകുമാരൻനായരുടെ ആഹ്വാനം എൻഎസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല. മന്നത്തിന്റെയും ചട്ടമ്പിസ്വാമിയുടേയുമെല്ലാം ആശയമാണ് വനിതാമതിലിൽ തെളിയുന്നത്. മതിലിൽ വിള്ളൽ വീഴ്ത്താനുള്ള ആർഎസ്എസ് ശ്രമത്തിന് കൂട്ടുനിൽക്കുന്ന എൻഎസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണ്. ഈ വഴിതെറ്റലിൽനിന്ന് മോചിതമാകാൻ വീണ്ടുവിചാരത്തിന് എൻഎസ്എസ് നേതൃത്വം തയ്യാറാകണമെന്നും കോടിയേരി ലേഖനത്തിൽ പറഞ്ഞു. Content Highlights:Kodiyeri balakrishnan-NSS-women wall-sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2Ab6bua
via
IFTTT
No comments:
Post a Comment