ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിൽ ന്യൂ ക്യാമ്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയെ സമനിലയിൽ പിടിച്ച് ടോട്ടൻഹാം നോക്കൗട്ടിൽ. തോറ്റാൽ പുറത്താകുമെന്ന ഘട്ടത്തിൽ 85-ാം മിനിറ്റിൽ ലൂക്കാസ് മോറയുടെ ഗോളിലാണ് ടോട്ടൻഹാം സ്പാനിഷ് വമ്പന്മാരെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചത്. ഇതോടെ ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തിയ ടോട്ടൻഹാം നോക്കൗട്ടിൽ കടക്കുകയായിരുന്നു. ടോട്ടൻഹാമിന്റെ മുന്നേറ്റത്തോടെ ഇന്റർ മിലാൻ നോക്കൗട്ട് കാണാതെ പുറത്തായി. ഏഴാം മിനിറ്റിൽ ഡെംബലെയുടെ ഗോളിലാണ് ബാഴ്സ മുന്നിലെത്തിയത്. ഗോൾ തിരിച്ചടിക്കാനുള്ള ടോട്ടനത്തിന്റെ ശ്രമം പലപ്പോഴും പരാജയപ്പെടുകയായിരുന്നു. പന്ത് കൂടുതൽ സമയം കൈവശം വെച്ചെങ്കിലും അവർക്ക് ബാഴ്സ പ്രതിരോധം ഭേദിക്കാനായില്ല. ഒടുവിൽ 85-ാം മിനിറ്റിൽ ലൂക്കാസ് മോറ ലക്ഷ്യം കണ്ടതോടെ ടോട്ടൻഹാമിന് ശ്വാസം തിരികെ കിട്ടി. നേരത്തെ തന്നെ നോക്കൗട്ടിൽ കടന്നതിനാൽ പിക്വെ, ടെർസ്റ്റേഗൻ എന്നിവർക്ക് ബാഴ്സ കോച്ച് വിശ്രമം അനുവദിച്ചിരുന്നു. മെസ്സി 63-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി. തുല്യ പോയിന്റുമായി അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയതായിരുന്നു ടോട്ടൻഹാമും ഇന്ററും. പി.എസ്.വി ഐന്തോവനായിരുന്നു ഇന്ററിന്റെ എതിരാളി. 13-ാം മിനിറ്റിൽ ഹിർവിങ് ലൊസാനോയിലൂടെ പി.എസ്.വിയാണ് ആദ്യം സ്കോർ ചെയ്തത്. ഇന്ററിന്റെ പ്രതീക്ഷകൾ അവസാനിക്കാൻ പോകുന്നുവെന്ന ഘട്ടത്തിൽ ക്യാപ്റ്റൻ മൗറോ ഇകാർഡി 73-ാം മിനിറ്റിൽ അവരെ ഒപ്പമെത്തിച്ചു. ഈ സമയം ടോട്ടനം, ബാഴ്സയോട് ഒരു ഗോളിനു പിന്നിലായിരുന്നു. ഇന്റർ നോക്കൗട്ടിലേക്ക് കണ്ണുംനട്ടിരിക്കവെ ടോട്ടനം സമനില നേടി, ഇതോടെ ഇന്റർ പുറത്തായി. സലായുടെ ഗോളിൽ നാപ്പോളിയെ തകർത്ത് ചെമ്പട ആൻഫീൽഡ്: നിർണായക മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയെ ഒരു ഗോളിന് മറികടന്ന് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ കടന്നു. 34-ാം മിനിറ്റിൽ മുഹമ്മദ് സലായാണ് അവരുടെ ഗോൾ നേടിയത്. ജയത്തോടെ ലിവർപൂളിനും നാപ്പോളിക്കും ഒമ്പത് പോയിന്റ് വീതമായി. ഗോൾ വ്യത്യാസവും പരസ്പരം കളിച്ചപ്പോഴുള്ള ഗോളുകളും തുല്യം. ഒടുവിൽ കൂടുതൽ ഗോൾ നേടിയതിന്റെ ആനുകൂല്യത്തിൽ ലിവർപൂൾ നോക്കൗട്ടിലെത്തുകയായിരുന്നു. അതേസമയം ഇൻജുറി ടൈമിൽ നാപ്പോളിയുടെ മിലിക്കിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തിയ ആലിസനാണ് ലിവർപൂളിനെ രക്ഷപ്പെടുത്തിയത്. തകർപ്പൻ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി പി.എസ്.ജി ബെൽഗ്രേഡ്: അവസാന ഗ്രൂപ്പ് മത്സരത്തിൽ റെഡ് സ്റ്റാറിനെ പരാജയപ്പെടുത്തി പി.എസ്.ജി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരേ നാലു ഗോൾകൾക്കായിരുന്നു അവരുടെ ജയം. എഡിൻസൻ കവാനി (9), നെയ്മർ (40), മാർക്കിന്യോസ് (74), കൈലിയൻ എംബാപ്പെ (90+2) എന്നിവരാണ് പി.എസ്.ജിക്കായി സ്കോർ ചെയ്തത്. 56-ാം മിനിറ്റിൽ മാർക്കോ ഗൊബെൽജിക്കിന്റെ വകയായിരുന്നു റെഡ് സ്റ്റാറിന്റെ ഏക ഗോൾ. വിജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി പി.എസ്.ജി ഗ്രൂപ്പിൽ ഒന്നാമതെത്തി. Content Highlights: psg liverpool tottenham qualify for the last 16
from mathrubhumi.latestnews.rssfeed https://ift.tt/2ryGnmY
via
IFTTT
No comments:
Post a Comment