ചൊല്ലിനും ചെയ്തിക്കുമിടയിൽ അകലം വർദ്ധിക്കുന്നതാണ് മോദി സർക്കാർ നേരിടുന്ന പ്രശ്നം. പറഞ്ഞത് ചെയ്യാനാവാതെ വരുമ്പോൾ സത്യസന്ധമായി ചെയ്യാവുന്ന കാര്യം മാപ്പു പറയുക എന്നതാണ്. പക്ഷേ, പഴയൊരു തമിഴ് സിനിമയിൽ നടൻ വിജയകാന്ത് പറയുന്നത് പോലെ മോദിജിക്ക് പിടിക്കാത്ത ഒരു വാക്കുണ്ടെങ്കിൽ അത് മാപ്പ് മാത്രമാകുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിൽ ഖേദം തോന്നുന്നുണ്ടോ എന്ന് കരൺതാപ്പർ ചോദിച്ചപ്പോൾ ഇന്റർവ്യു ഇടയ്ക്കു നിർത്തി ഇറങ്ങിപ്പോയ പാർട്ടിയാണ് മോദിജി. അതുകൊണ്ട് ഒരു നിവൃത്തിയുണ്ടെങ്കിൽ മോദിജി മാപ്പ് പറയുന്ന പ്രശ്നം ഉദിക്കുന്നില്ല. അപ്പോൾ പിന്നെ ചെയ്യാവുന്ന ഒരു കാര്യം ഭാഷയുടെ മെക്കിട്ടു കയറുകയാണ്. റഫാൽ കരാറിലെ സുപ്രീംകോടതി വിധി തിരുത്തണമെന്ന് മോദി സർക്കാർ ആവശ്യപ്പെടുന്നത് ഈ പരിസരത്തിലാണ്. ഭാഷയുടെ കരുത്തും അർത്ഥവും നഷ്ടപ്പെടുന്നത് ഭാഷയുടെ പ്രശ്നമല്ലെന്നും അത് ഉപയോഗിക്കുന്നവരുടെ പ്രശ്നമാണെന്നും ഇംഗ്ളീഷ് എഴുത്തുകാരൻ ജോർജ് ഓർവെൽ രാഷ്ട്രീയവും ഇംഗ്ളീഷ് ഭാഷയും എന്ന ലേഖനത്തിൽ കിറു കൃത്യമായി പറയുന്നുണ്ട്. കാര്യങ്ങൾ നേരെചൊവ്വെ പറയുന്നതിനു പകരം വളച്ചുകെട്ടി പറയുന്നത് ഒന്നുകിൽ പറയാൻ ഒന്നുമില്ലാതെ വരുമ്പോഴോ അല്ലെങ്കിൽ നമുക്കു തന്നെ പിടിയില്ലാത്ത കാര്യം പറയാൻ ശ്രമിക്കുമ്പോഴോ ആണ്. റഫാൽ കരാറിൽ സുപ്രീംകോടതി ചോദിച്ച ചോദ്യങ്ങൾക്കുളള മറുപടിയിൽ ചില വ്യാകരണ പ്രശ്നങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്നും ഈ പിഴവുകൾ സുപ്രീംകോടതി തിരുത്തണമെന്നുമാണ് മോദിജിയുടെ സർക്കാർ ഇപ്പോൾ പറയുന്നത്. റഫാൽ കരാർ തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളിക്കൊണ്ടുള്ള വിധിയിൽ 25 ാമത്തെ ഖണ്ഡികയിൽ സുപ്രീംകോടതി പറയുന്നതാണ് മോദിജി സർക്കാർ ഇപ്പോൾ വ്യാകരണപ്പിശകിനു മേൽ ചാർത്തുന്നത്. റഫാൽ കരാർ സി എ ജി ( കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ) പരിശോധിച്ചിരുന്നെന്നും ഇതിനെക്കുറിച്ച് അദ്ദേഹം എഴുതിയ റിപ്പോർട്ട് പി എ സി ( പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ) കണ്ടിട്ടുണ്ടെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. ഈ ധാരണയുടെ വെളിച്ചത്തിലാണ് സുപ്രീംകോടതി റഫാൽ വിഷയത്തിലുള്ള ഹർജികൾ തള്ളുന്നത്. പക്ഷേ, ഇപ്പോൾ മോദിജിയുടെ സർക്കാർ പറയുന്നത് സിഎജി റിപ്പോർട്ട് പി എ സി വായിക്കുക എന്നത് ഒരു നടപടിക്രമമാണെന്നും അത് സൂചിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നുമാണ്. അതായത് റഫാൽ വിഷയത്തിൽ സി എ ജിയുടെ റിപ്പോർട്ട് ഇനിയുമുണ്ടായിട്ടില്ല , ഇല്ലാത്ത റിപ്പോർട്ട് പി എ സി വായിക്കുന്ന പ്രശ്നവുമില്ല. സംഗതി വ്യാകരണവുമായി ബന്ധപ്പെട്ടതാണെന്നും തങ്ങളുദ്ദേശിച്ച അർത്ഥത്തിലല്ല സുപ്രീംകോടതി കാര്യങ്ങൾ കണ്ടതെന്നുമാണ് മോദിജിയുടെ സർക്കാർ നിലവിളിക്കുന്നത്. വാസ്തവത്തിൽ ഭാഷയോ വ്യാകരണമോ അല്ല പ്രശ്നം. സത്യവും ധർമ്മവുമാണ് പ്രശ്നം. ഭരണകാലം കഴിയാറായിട്ടും ഭരണനേട്ടമെന്ന് എടുത്തുകാട്ടാൻ കാര്യമായൊന്നും ഇല്ലാത്തതാണ് മോദിജിയുടെ സർക്കാരിനെ അലട്ടുന്നത്. അധികാരത്തിൽ കയറുന്നതിനു മുമ്പ് വലിയ വായിൽ പറഞ്ഞുവെച്ച കാര്യങ്ങൾ ഒന്നും തന്നെ നിറവേറ്റാനാവാത്തതിന്റെ ജാള്യതയും മോദിജിയുടെ സർക്കാരിനെ ഇപ്പോൾ വേട്ടയാടുന്നുണ്ട്. റഫാലിലാണെങ്കിൽ മലക്കം മറിച്ചിലുകളുടെ പരമ്പര തന്നെയുണ്ടായി. ചൊല്ലിനും ചെയ്തിക്കുമിടയിലുള്ള ഈ അകലമാണ് വ്യാകരണപ്പിശകാവുന്നത്. ഭാഷ അറിയാത്തവർ ഭാഷ തെറ്റിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ഒരു സർക്കാർ തന്നെ ഭാഷ തെറ്റിക്കുമ്പോൾ അതുയർത്തുന്ന ചോദ്യങ്ങൾ വളരെ വലുതാണ്. നുണകളുടെ അസ്തിവാരത്തിൽ പടുത്തുയർത്തപ്പെടുമ്പോൾ അത് സർക്കാരായാലും കമ്പനിയായാലും ഒരു ദിവസം പൊളിഞ്ഞുവീഴും. കർമ്മങ്ങളുടെ തിരിച്ചടിയാണിത്. വ്യാകരണങ്ങളുടെ തമ്പുരാനായ സാക്ഷാൽ പാണിനിക്ക് പോലും ഈ പ്രതിസന്ധിയിൽ നിന്ന് മോദിജിയുടെ സർക്കാരിനെ കരകയറ്റാനാവില്ല. വഴിയിൽ കേട്ടത് : ശുംഭൻ എന്നുപറഞ്ഞാൽ പ്രകാശം പരത്തുന്നവൻ എന്നാണർത്ഥമന്നെ് പറഞ്ഞ ആ മഹാനുഭാവനെ ഈ ഘട്ടത്തിൽ മോദിജി ഓർത്തുപോയാൽ കുറ്റം പറയാനാവില്ല. content highlightes:Govt gives grammar lesson to Supreme Court on Rafale, Narendera modi,bjp
from mathrubhumi.latestnews.rssfeed https://ift.tt/2Lnf343
via
IFTTT
No comments:
Post a Comment