പ്രതീക്ഷകൾ തെറ്റിയില്ല, കാലാവധി തീരാൻ ഒൻപത് മാസം ബാക്കിനിൽക്കെ സെപ്തംബർ ആറിന് നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പിനെ നേരിട്ട കെ. ചന്ദ്രശേഖർ റാവുവിന് പിഴച്ചില്ല. നേരിയ ഭൂരിപക്ഷം മാത്രം പ്രഖ്യാപിച്ച എക്സിറ്റ് പോളുകളെ പോലും മറികടക്കുന്ന പ്രകടനവുമായി ചന്ദ്രശേഖർ റാവുവിന്റെ ടി.ആർ.എസ് തെലങ്കാനയിൽ അധികാരം നിലനിർത്തി. തെലങ്കാനയിൽ നിറഞ്ഞു നിൽക്കുന്ന ഒരു നേതാവുണ്ടെങ്കിൽ അത് ചന്ദ്രശേഖർ റാവുവാണ് എന്നത് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം, അദ്ദേഹം മുന്നോട്ട് വെച്ച വികസന മാതൃകയ്ക്ക് ജനം നൽകിയ അംഗീകാരം. കെ.സി.ആർ എന്ന ബിഗ്ബ്രദറിന്, തെലങ്കാനയുടെ വല്ല്യേട്ടന് മുന്നിൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിറങ്ങിയ കോൺഗ്രസ് അടിതെറ്റി വീണു. തെലങ്കാന രാഷ്ട്രസമിതിചന്ദ്രശേഖർ റാവുവിന്റെ കുടുംബത്തിന്റെ തുടർച്ചയാണ് എന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ടി.ആർ.എസിന് ഈ വിജയം. പല കാരണങ്ങളാലും രാജ്യം ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പായിരുന്നു തെലങ്കാനയിലേത്. തെലങ്കാന പിടിക്കാൻ കൈവിട്ട കളി കളിക്കുകയും ചെയ്തു കോൺഗ്രസ്. എന്നാൽ കോൺഗ്രസിന്റെ കൈയിലേക്ക് തെലങ്കാന എത്തിയില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബിജെപി കൂടാരത്തിലായിരുന്ന ചന്ദ്രബാബുനായിഡുവിന്റെ ടി.ഡി.പിയും തെലങ്കാന പ്രക്ഷോഭത്തിൽ കെ.സി.ആറിനൊപ്പമായിരുന്ന കോതാണ്ഡരാമന്റെ തെലങ്കാന ജനസമിതിയും തെലുഗു ദേശവും സി.പി.ഐയും ചേർന്ന മഹാകൂടമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്നണിയുമായാണ് കോൺഗ്രസ് ടി.ആർ.എസിനെതിരെ നേരിട്ടത്. കണക്കുകൾ തങ്ങൾക്കൊപ്പമാണെന്നാണ് എന്നതായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നത്. 2014 ലെ തിരഞ്ഞെടുപ്പിൽ ടി.ആർ.എസിന് 34.3 ശതമാനം വോട്ടു കിട്ടിയപ്പോൾ കോൺഗ്രസ്സിന് 25.2 ശതമാനവും ടിഡിപിക്ക് 14.7 ശതമാനവും കിട്ടി എന്ന കണക്കാണ് അവർ ഉയർത്തിക്കാണിച്ചിരുന്നത്. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ കണ്ട കെ.സി.ആർ അല്ല ഇന്നത്തെ കെ.സി.ആർ എന്നകാര്യം കോൺഗ്രസ് മറന്നു. 2014ൽ 63 സീറ്റുകളുമായി കളംപിടിച്ച കെ.സി.ആർ എതിർപക്ഷത്തു നിന്ന് 28 എം.എൽ.എമാരെ ടി.ആർ.എസ് കൂടാരത്തിലെത്തിച്ചിരുന്നു.കോൺഗ്രസിനും ടി.ഡി.പിയ്ക്കും വൈ.എസ് ആർ. കോൺഗ്രസിനുമെല്ലാം ഇക്കാര്യത്തിൽ ഒരു പോലെ നഷ്ടമുണ്ടായി. എതിർപക്ഷത്തുനിന്ന് സ്വന്തം കൂടാരത്തിലെത്തിച്ച എല്ലാ എംഎൽഎമാർക്കും സീറ്റ് നൽകാനും ചന്ദ്രശേഖർ റാവു എന്ന രാഷ്ട്രീയ ചാണക്യൻ മറന്നില്ല. ടി.ഡി.പി കോൺഗ്രസ് സഖ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ശത്രുപക്ഷത്ത് നിന്നിരുന്ന കോൺഗ്രസിന്റെയും ടി.ഡി.പിയുടെയും നേതാക്കൾ തമ്മിൽ കൈകോർത്തുവെങ്കിലും അണികൾക്കിടയിൽ അത് എത്രമാത്രം വിജയിക്കുമെന്നത് ഒരു ചോദ്യമായിരുന്നു. ആ കൂട്ടുകെട്ട് വിജയിച്ചില്ല എന്ന് വ്യക്തം. ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ കോൺഗ്രസിന് ഇതിലധികം സീറ്റുകൾ ലഭിക്കുമായിരുന്നു എന്ന വിലയിരുത്തലുമുണ്ട്. ടി.ഡി.പിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ നേടിയ പാർട്ടി ഇത്തവണ തകർന്നടിഞ്ഞു. ബിജെപിയും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് എന്നിവയും കളത്തിലുണ്ടായിരുന്നുവെങ്കിലും കളംപിടിക്കാൻ സാധിച്ചില്ല. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തെലങ്കാനയിൽ ഭരണം പിടിക്കുക എന്നത് അവരുടെ വിദൂര പ്രതീക്ഷ പോലുമായുരുന്നില്ല. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ വിലപേശാൻ കുറച്ച് സീറ്റുകൾ എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷം. ആർക്കും ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ തന്നെ ഇതിനുള്ള ശ്രമങ്ങൾ ബി. ജെ.പി നടത്തിയിരുന്നു. ഒവൈസിയുടെ എഐഎംഐഎമ്മിനെ ഉപേക്ഷിച്ചാൽ പിന്തുണയ്ക്കാമെന്ന് പറഞ്ഞത് പോലും ഇത് ലക്ഷ്യമിട്ടായിരുന്നു. 8 മണ്ഡലങ്ങളിൽ മത്സരിച്ച എ.ഐ.എം.ഐ.എം മറ്റു മണ്ഡലങ്ങളിൽ ടി.ആർ.എസിനു പിന്തുണ പ്രഖ്യാപിച്ചിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ്- ബി.ജെ.പി ഇതര മതേതര മുന്നണി ലക്ഷ്യമിട്ടാണ് എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി ടി.ആർ.എസിന് പിന്തുണ പ്രഖ്യാപിച്ചത്. സഖ്യത്തിന് കോൺഗ്രസിന്റെ ആശീർവ്വാദം വേണ്ടെന്നും കോൺഗ്രസ്സിനു പുറത്തും ജനാധിപത്യത്തിന് പ്രകാശമാനമായ ഭാവിയുണ്ടെന്നുമാണ് ഒവൈസി വ്യക്തമാക്കിയിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ബിജെപി വിരുദ്ധ വിശാലസഖ്യത്തിന്റെ പരീക്ഷണശാല കൂടിയായിരുന്നു കോൺഗ്രസിന് തെലങ്കാന. 119 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ടിആർഎസിനെതിരെയും ബിജെപിക്കെതിരെയും മികച്ച വിജയം നേടാനായാൽ കോൺഗ്രസ് സഖ്യത്തിനു കൂടുതൽ ആത്മവിശ്വാസത്തോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യം രൂപീകരിക്കാനാകുമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ അവരുടെ കണക്കൂട്ടലുകൾ അപ്പാടെ തകർത്തുകൊണ്ടാണ് കെ.സി.ആർ. വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഈ വിജയം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അതുവഴി ദേശീയ രാഷ്ട്രീയത്തിലും ശക്തിപരീക്ഷിക്കാൻ കെ.സി.ആറിന് ആത്മവിശ്വാസം നൽകിയേക്കും. Content Highlights:K Chandrashekar Rao, Assembly Election 2018, Telangana Assembly Election, mahakutami alliance
from mathrubhumi.latestnews.rssfeed https://ift.tt/2QpAg3j
via
IFTTT
No comments:
Post a Comment