വാഴക്കുളം: കാമുകനൊപ്പം കഴിഞ്ഞിരുന്ന യുവതിയെ പിതാവ് ഇറക്കിക്കൊണ്ടു വന്നു. പിന്നാലെ ആംബുലന്‍സില്‍ എത്തിയ കാമുകനും സംഘവും യുവതിയെ റാഞ്ചി. ഒടുവില്‍ നാട്ടുകാരും പോലീസും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. നായകനും നായികയും നായികയുടെ പിതാവും പോലീസും നാട്ടുകാരും ആംബുലന്‍സും ട്രാഫിക് ബ്ളോക്കുമെല്ലാം ചേര്‍ന്ന സിനിമയെ വെല്ലുന്ന രംഗങ്ങള്‍ നടന്നത് തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ആനിക്കാട് പള്ളിക്കവലയില്‍.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ നടന്ന സംഭവത്തില്‍ മൂന്ന് മാസം മുമ്പ് മുതല്‍ ഒരുമിച്ചുജീവിക്കുകയായിരുന്ന യുവതിയും യുവാവുമാണ് കഥയിലെ നായികാനായകന്മാര്‍. തൊടുപുഴ സ്വദേശിനിയായ യുവതി മണക്കാടുള്ള യുവാവും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ടിക്കുന്നതിനിടെയാണ് പ്രണയത്തിലായത്. ഇരുകുടുംബങ്ങളും ബന്ധത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ മൂന്നുമാസം മുന്‍പ് യുവതിയും യുവാവും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകളെ പിന്‍തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ പലവട്ടം ശ്രമിച്ചിട്ടും പ്രയോജനം ലഭിച്ചില്ല.
ഇന്നലെ രാവിലെ തൊടുപുഴയില്‍ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തിയ പിതാവ് മകളെ അനുനയിപ്പിച്ച് ബൈക്കില്‍ കൊണ്ടുവരികയായിരുന്നു. വിവരം അറിഞ്ഞ കാമുകന്‍ ആംബുലന്‍സില്‍ സുഹൃത്തുക്കളുമായി പിന്‍തുടര്‍ന്നു. ആനിക്കാട് ബൈക്കിനു കുറുകെ ആംബുലന്‍സ് നിര്‍ത്തി യുവതിയെ മടക്കി കൊണ്ടുപോകാന്‍ യുവാവ് ശ്രമിച്ചതോടെ ബഹളമായി. ബഹളം മൂത്തതോടെ കൂടുതല്‍ ആളുകള്‍ തടിച്ചുകൂടിയത് ഈ റൂട്ടില്‍ ഗതാഗതസ്തംഭനത്തിനും ഇടയാക്കി. നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തിയതോടെ വിവരം പോലീസില്‍ അറിയിച്ചു.
ഒടുവില്‍ പോലീസ് സ്ഥലത്തെത്തി യുവതിയേയും പിതാവിനേയും കാമുകനേയും സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി പോലീസിനെ അറിയിക്കുകയായിരുന്നു. തങ്ങള്‍ വിവാഹിതരാണെന്ന് യുവാവും പറഞ്ഞു. എന്നാല്‍ വിവാഹരേഖകള്‍ കാണണമെന്ന ആവശ്യമാണ് പിതാവ് ഉയര്‍ത്തിയത്. യുവതിയുടെ ഇഷ്ടപ്രകാരം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് പോലീസും നിലപാട് സ്വീകരിച്ചു. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ യുവതിയെ കാമുകനൊപ്പം വിടാന്‍ പോലീസ് അനുവദിക്കുകയായിരുന്നു. ഇതോടെ മറ്റുള്ളവര്‍ പിരിഞ്ഞുപോയി. യുവതിയും കാമുകനും ആംബുലന്‍സില്‍ തന്നെ തൊടുപുഴക്ക് മടങ്ങുകയും ചെയ്തു.
from mangalam.com http://bit.ly/2EU0sw0
via IFTTT
No comments:
Post a Comment