‘പിരിഞ്ഞതല്ലല്ലോ, നമ്മളെ പിരിച്ചതല്ലേ...’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

‘പിരിഞ്ഞതല്ലല്ലോ, നമ്മളെ പിരിച്ചതല്ലേ...’

കണ്ണൂർ: ശാരദ പുറത്തേക്ക് വരുന്നതുംകാത്ത് ആൺവീട്ടുകാർ അക്ഷമരായി കാത്തുനിന്നു. അകത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ശാരദ. 'എന്തിനാ നാണിക്കുന്നത്, പുറത്തുവാ...' ബന്ധുക്കളുടെ ഏറെനേരത്തെ നിർബന്ധത്തിനൊടുവിൽ എൺപത്താറുകാരി ശാരദ വന്നു. നാരായണൻ നമ്പ്യാരാകട്ടെ അന്നേരം സ്വന്തം ജീവചരിത്രാഖ്യാനംകൂടിയായ 'ഡിസംബർ' എന്ന നോവലിൽ എന്തോ പരതുന്നതായി നടിച്ചു. ഇരുവർക്കുമിടയിൽ ഏഴുപതിറ്റാണ്ടിലേറെ നീണ്ട മൗനം തളംകെട്ടിനിന്നു. മൗനം മുറിക്കാൻ ബന്ധുകൂടിയായ നോവലിസ്റ്റ് ശാന്ത കാവുമ്പായിയുടെ ചോദ്യം '72 കൊല്ലമായി അല്ലേ?'. 'ങേ' എന്ന ശബ്ദം ഇരുവരിൽനിന്നുമുണ്ടായി, ഒന്നിച്ച്. ഏറെനേരം പരസ്പരം നോക്കാതെ അവർ അടുത്തുനിന്നു. 1946-ൽ വിവാഹിതരായതാണ് നാരായണൻ നന്പ്യാരും ശാരദയും. അതേവർഷം ഡിസംബറിൽ നടന്ന കാവുമ്പായി കർഷക കലാപത്തിന് പിന്നാലെ നാരായണൻ നന്പ്യാർ സേലം ജയിലിലായി. ജീവപര്യന്തമായിരുന്നു ശിക്ഷ. അതോടെ ശാരദയെ വീട്ടുകാർ വേറെ വിവാഹം ചെയ്തയച്ചു. പിന്നീട് ഇരുവരും കണ്ടിട്ടേയില്ല. പറശ്ശിനിക്കടവ് കോടല്ലൂരിലെ വീട്ടിലായിരുന്നു 72 വർഷത്തിനുശേഷമുള്ള കൂടിക്കാഴ്ച. ശാരദയുടെ മകനും ജൈവകർഷകനുമായ കെ.കെ. ഭാർഗവന്റെ വീട്ടിൽ. നാരായണൻ നമ്പ്യാരുടെ സഹോദരന്റെ മക്കളായ ശാന്ത കാവുമ്പായി, ആർക്കിടെക്ട് ടി.വി. മധുകുമാർ എന്നിവരെ ഭാർഗവൻ പരിചയപ്പെട്ടതാണ് ഇതിന് നിമിത്തമായത്. അമ്മയുടെ ആദ്യ ഭർത്താവ് ജീവിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ഭാർഗവൻ പുനഃസമാഗമത്തിന് അവസരമൊരുക്കുകയായിരുന്നു. 1946 ആദ്യമാണ് മുറപ്പെണ്ണായ ശാരദയെ നാരായണനെക്കൊണ്ട് വിവാഹം ചെയ്യിച്ചത്. വിവാഹം കഴിച്ചെങ്കിലും ഫലത്തിൽ അപരിചിതരെപ്പോലെയായിരുന്നു ഇരുവരും. 'എനിക്കന്ന് 14 വയസ്സേയുള്ളൂ. ഇവരുടെ (നാരായണൻ നമ്പ്യാരുടെ) അമ്മയുടെ മോളായാണ് ഞാനാ വീട്ടിൽ വളർന്നത്. കാവുമ്പായി കുന്നിനുമേൽ തുരുതുരാ വെടിപൊട്ടിയത് രാത്രിയാണ്. ഇവരെ പിന്നെ കണ്ടില്ല. ഇവരുടെ അമ്മയെ പോലീസ്... എന്റെ നേരെ പോലീസ് വന്നെങ്കിലും അമ്മ വാരിപ്പിടിച്ചുനിന്നു. അവർ എന്നെ ഒന്നും ചെയ്തില്ല... പിന്നെ വീട് കത്തിച്ചു. എന്നെ ഇവരുടെ അമ്മ എന്റെ വീട്ടിലാക്കി... അവിടെയും ആദ്യമെല്ലാം പോലീസ് വന്നിരുന്നു' ശാരദ പഴയകാര്യങ്ങൾ ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു. കാവുമ്പായി സമരത്തിൽ പങ്കെടുത്തതിന് സേലം ജയിലിൽ അച്ഛൻ തളിയൻ രാമൻ നമ്പ്യാരോടൊപ്പമാണ് നാരായണനെ അടച്ചത്. സേലം ജയിൽ വെടിവെപ്പിൽ അച്ഛൻ മരിച്ചുവീഴുമ്പോൾ തൊട്ടടുത്ത് വെടിയേറ്റ് പിടയുകയായിരുന്നു നാരായണൻ. ഇപ്പോഴും ശരീരത്തിൽ വെടിച്ചില്ലോടെയാണ് അദ്ദേഹം ജീവിക്കുന്നത്. 1954-ൽ ജയിൽമോചിതനായി. വിവാഹം കഴിച്ച അദ്ദേഹത്തിന് ഏഴുമക്കളുണ്ട്. തൊണ്ണൂറു പിന്നിട്ട നാരായണൻ കാവുമ്പായിയിലെ വീട്ടിൽനിന്ന് സഹോദരഭാര്യ ടി.വി. ലക്ഷ്മിയമ്മ, അവരുടെ മക്കൾ എന്നിവർക്കൊപ്പമാണ് ആദ്യഭാര്യയുടെ വീട്ടിലെത്തിയത്. പുഴുക്കും ഇരുപതോളം ഇലകൾ അരച്ചുണ്ടാക്കിയ ചമ്മന്തിയും കഞ്ഞിയുമാണ് ശാരദയുടെ വീട്ടുകാർ നാരായണനായി ഒരുക്കിവെച്ചത്. കഞ്ഞി കുടിച്ചശേഷം ഇറങ്ങുമ്പോൾ ശാരദയോട് നാരായണന്റെ ചോദ്യം. 'നീ വരുന്നോ കാവുമ്പായിയിലേക്ക്... മച്ചുനിച്ചിയല്ലേ, അങ്ങനെ വരാലോ...' 'എനിയെന്തിനാപ്പാ വരുന്ന'തെന്ന ചോദ്യമായിരുന്നു ആ ഭംഗിവാക്കിനുള്ള മറുപടി. 'നമ്മൾ തമ്മിൽ ഒരു വിരോധോമില്ല. വേണ്ടാന്ന് വെച്ചതല്ലല്ലോ'യെന്നും ശാരദ കൂട്ടിച്ചേർത്തു.'സാഹചര്യമാണ് ഇങ്ങനെയൊക്കെയാക്കിയത്. ആരും ഉത്തരവാദിയല്ല' -നാരായണൻ അത്രയും പറഞ്ഞപ്പോഴേക്കും ശാരദ ഒന്നും പറയാതെ അകത്തേക്ക് നടന്നു. Content Highlights: Kavumbayi Protest Nrayanan Nambiar See her first Wife after 72 Years


from mathrubhumi.latestnews.rssfeed http://bit.ly/2ER0xBm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages