തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ച വിദ്യാർഥികളെ തടഞ്ഞ പോലീസുകാരെ മർദിച്ച രണ്ട് എസ്.എഫ്.ഐ.ക്കാരെ കസ്റ്റഡിയിലെടുത്തു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളാണ് പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. പോലീസുകാരുടെ പരാതിയിൽ ആറുപേർക്കെതിരേ കേസെടുത്തു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ നിസ്സാര വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. എന്നാൽ, ആക്രമണത്തിൽ ഒട്ടേറെ പേരുണ്ടായിരുന്നുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. ശരത് എന്ന പോലീസുകാരന് സാരമായ പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഉന്നത പോലീസുകാരുടെ ഇടപെടൽ കാരണം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റിട്ടും കേസിൽ നിസ്സാരവകുപ്പുകൾ ചുമത്തിയതായി പോലീസുകാർ പരാതിപ്പെടുന്നു. പോലീസ് കസ്റ്റഡിയിലെടുത്തതിൽ ഒരു വിദ്യാർഥിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ട്രാഫിക് നിയമം തെറ്റിച്ച് ഇയാൾ ബൈക്ക് ഓടിച്ചത് പോലീസ് ചോദ്യംചെയ്തു. ഇതേച്ചൊല്ലി വിദ്യാർഥികൾ പോലീസുമായി സംഘർഷത്തിലായി. ഇതിൽ എസ്.എ.പി.യിലെ പോലീസുകാരായ വിനയചന്ദ്രൻ, ശരത്, അമൽ കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. അക്രമികളെല്ലാം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥികളാണെന്നും ഇവരെ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് തിരിച്ചറിയാൻ ശ്രമം നടക്കുന്നതായും പോലീസ് പറഞ്ഞു. പാളയം യുദ്ധസ്മാരകത്തിനു സമീപം ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ട്രാഫിക് നിയമം ലംഘിച്ച് യു-ടേൺ എടുത്ത ബൈക്ക് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അമൽ കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. തർക്കത്തിനിടെ യുവാവ് പോലീസുകാരനെ പിടിച്ചുതള്ളിയതായി പരാതിയിൽ പറയുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന പോലീസുകാരായ വിനയചന്ദ്രനും ശരതും പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് യുവാവ് ഇരുവരെയും മർദിച്ചു. സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽനിന്നെത്തിയ വിദ്യാർഥികൾ പോലീസുകാരെ മർദിക്കാൻ തുടങ്ങി. യാത്രക്കാർ നോക്കിനിൽക്കേയായിരുന്നു ഇത്. സംഘർഷത്തിനിടെ വിദ്യാർഥികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽനിന്ന് കൂടുതൽ വിദ്യാർഥികളെത്തി. ഇവരും പോലീസിനെ കൈയേറ്റം ചെയ്യാൻ കൂടെക്കൂടി. content highlights:two booked for beating police officers at trivandrum
from mathrubhumi.latestnews.rssfeed https://ift.tt/2GeKr5P
via
IFTTT
No comments:
Post a Comment