തിരുവനന്തപുരം: വനിതാമതിലിൽ നവോത്ഥാനത്തിനായി പങ്കുവഹിച്ച എല്ലാ പ്രസ്ഥാനങ്ങളെയും പങ്കെടുപ്പിക്കേണ്ടതല്ലേ? ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സമൂഹത്തെ ബോധവത്കരിക്കാനാണ് മതിലെങ്കിൽ അത് തുറന്നുപറയണ്ടേ? ഈ രണ്ട് ചോദ്യങ്ങളാണ് വനിതാമതിലിനെതിരേ പ്രതിപക്ഷമുയർത്തുന്നത്. രണ്ട് ചോദ്യത്തിനുംകൂടി സർക്കാർ നൽകുന്നത് ഒരുത്തരം. വനിതാമതിൽ ശബരിമലയുടെ പേരിലുള്ളതല്ല, അത് നവോത്ഥാനം ലക്ഷ്യമിട്ടുള്ളതാണ്. ഫലത്തിൽ, ശബരിമലയിൽനിന്ന് വനിതാമതിലിലേക്ക് സംസ്ഥാനത്തെ രാഷ്ട്രീയ ഏറ്റുമുട്ടൽ മാറുകയുമാണ്. കൃത്യമായ ഉത്തരം ഇതിന് ലഭിക്കാത്തിടത്തുനിന്നാണ് മതിൽ വർഗീയമാണെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നത്. ഈ വിമർശനം മതിലിന്റെ അസ്തിവാരം കുഴിക്കുന്നതായതിനാൽ ഭരണപക്ഷം പ്രകോപിതരാകും. നിയമസഭയിൽ ഭരണപക്ഷംതന്നെ നടുത്തളത്തിലിറങ്ങി ബഹളംവെച്ച് സഭ തടസ്സപ്പെടുത്തുന്നതുവരെ കാര്യങ്ങളെത്തിയത് ഇതുമൂലമാണ്. ശബരിമലയുടെ പേരിലാണ് വനിതാമതിൽ എന്നു പ്രഖ്യാപിച്ചാൽ അതിനോട് സഹകരിക്കുന്ന വെള്ളാപ്പള്ളി നടേശനടക്കമുള്ളവർക്ക് ബുദ്ധിമുട്ടാകും. സാമുദായിക, സാമൂഹിക സംഘടനകളെല്ലാം മതിലിനോട് യോജിക്കാത്തതിനാൽ എല്ലാവരെയും പങ്കെടുപ്പിക്കാൻ സർക്കാരിന് ആവുകയുമില്ല. വനിതാമതിൽ എൽ.ഡി.എഫിന്റെ ബാനറിലുള്ളതാണെങ്കിൽ ഈ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകാതെ സർക്കാരിന് മാറിനിൽക്കാം. എന്നാൽ, മതിൽ സർക്കാർ ഏറ്റെടുത്തതോടെ ഒരു വിഭാഗം സംഘടനകളെമാത്രം പങ്കെടുപ്പിച്ച് നവോത്ഥാന പ്രചാരണം നടത്തുന്നത് ചോദ്യംചെയ്യപ്പെടുന്നു. ഇക്കാര്യത്തിലെ അപകടം മനസ്സിലാക്കിയാണ് സർക്കാർ പണം മതിൽ നിർമാണത്തിന് ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രിക്കു പ്രഖ്യാപിക്കേണ്ടി വന്നത്. വനിതാമതിൽ ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിലാണെന്നതിന് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. യുവതീപ്രവേശത്തിനായി സർക്കാർ മുന്നിട്ടിറങ്ങിയപ്പോൾ ആചാരസംരക്ഷണമെന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം ഉയർത്തിയത്. യുവതീപ്രവേശത്തെ അനുകൂലിക്കുന്നതിലൂടെ പുരോഗമന ചിന്തകരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വലിയ പിന്തുണ സർക്കാർ പ്രതീക്ഷിക്കുന്നു. ആചാരണസംരക്ഷണത്തിനായി നിലകൊള്ളുന്നതിലൂടെ വിശ്വാസികളുടെ പിന്തുണ പ്രതിപക്ഷം ലക്ഷ്യമിടുന്നു. ഈ പോരാട്ടത്തിന്റെ സൃഷ്ടിയാണ് വനിതാമതിലും അതിനോടുള്ള എതിർപ്പും. നിയമസഭയിൽ എം.എൽ.എ.മാർ സമരം തുടങ്ങിയാൽ സഭ അധികനാൾ നീട്ടിക്കൊണ്ടുപോകുക പതിവില്ല. സമരം ഒത്തുതീർപ്പാക്കുകയോ അതിന് കഴിഞ്ഞില്ലെങ്കിൽ സഭ പിരിയുകയോയാണ് കീഴ്വഴക്കം. ഇത്തവണ 13 ദിവസത്തേക്ക് ചേർന്ന സഭയിൽ 11 ദിവസവും സത്യാഗ്രഹം തുടർന്നു. സമരത്തെ സർക്കാർ പാടേ അവഗണിച്ചത് ബി.ജെ.പി. സമരവുമായി അതിനെ തുലനംചെയ്യുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നിയമസഭാ കവാടത്തിലെ സത്യാഗ്രഹം അവസാനിപ്പിച്ചെങ്കിലും ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് യു.ഡി.എഫ്. മതിൽ വർഗീയമെന്ന പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫ്. തീരുമാനം. content highlights:Women wall issue in Assembly
from mathrubhumi.latestnews.rssfeed https://ift.tt/2GeTaoF
via
IFTTT
No comments:
Post a Comment