തിരുവനന്തപുരം/കോട്ടയം/കോഴിക്കോട്: ഹൈക്കോടതിവിധി പാലിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. 3861 താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടു. പി.എസ്.സി. പട്ടികയിലുള്ളവരെ നിയമിക്കാൻ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി തിങ്കളാഴ്ചയും അതൃപ്തി പ്രകടിപ്പിച്ചതിനിടെയാണ് നടപടി. രാവിലെ പതിവുപോലെ ജോലിക്കെത്തിയപ്പോഴാണ് പുറത്തായ വിവരം മിക്കവരും അറിയുന്നത്. പലരും പൊട്ടിക്കരഞ്ഞു. പത്തുവർഷത്തോളം സർവീസുള്ളവർവരെ ജോലി നഷ്ടമായ കൂട്ടത്തിലുണ്ട്. കോട്ടയത്ത് കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് കെട്ടിടത്തിനു മുകളിൽ കയറി ജീവനക്കാരൻ ആത്മഹത്യാഭീഷണി മുഴക്കി. കണ്ടക്ടർ കുട്ടനാട് മിത്രക്കരി വി.എസ്. നിഷാദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപ്രവർത്തകർ ഇടപെട്ട് അനുനയിപ്പിച്ച് താഴെയിറക്കി. പലയിടത്തും സർവീസ് മുടങ്ങി ഒറ്റയടിക്ക് ഇത്രയുംപേർ പുറത്തായതോടെ പലയിടത്തും കെ.എസ്.ആർ.ടി.സി. സർവീസ് മുടങ്ങി. മധ്യ-വടക്കൻ ജില്ലകളിലാണ് കൂടുതൽ ബാധിച്ചത്. ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ മാനേജ്മെന്റ് നടപടി തുടങ്ങി. അധിക ഡ്യൂട്ടിചെയ്യാൻ സ്ഥിരജീവനക്കാരെ പ്രേരിപ്പിക്കാനായി അധിക ഡ്യൂട്ടിക്ക് പ്രതിഫലം ഉൾപ്പെടെ ഉയർത്തി. കൂടുതൽപേരെ (500) ഒഴിവാക്കിയത് എറണാകുളത്തുനിന്നാണ്. പി.എസ്.സി. പട്ടികയിൽപ്പെട്ടവർക്ക് നിയമന ഉത്തരവ് അയക്കാനുള്ള നടപടിയും സർക്കാർ ആരംഭിച്ചു. 4051 പേരാണ് പട്ടികയിലുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും. 1000 പേരെങ്കിലും ജോലിയിൽ പ്രവേശിക്കുമെന്നാണ് നിഗമനം. ഇന്ന് സത്യവാങ്മൂലം നൽകും കെ.എസ്.ആർ.ടി.സി. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം ചൊവാഴ്ച നൽകും. ഹൈക്കോടതിവിധിയിൽ വെള്ളം ചേർക്കുകയോ ധിക്കരിക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ നിയമന ഉത്തരവും പിരിച്ചുവിടൽ നോട്ടീസും കഴിഞ്ഞദിവസംതന്നെ നൽകിത്തുടങ്ങി. സർവീസ് മുടങ്ങൽ, പിരിച്ചുവിടുന്നവരോടുള്ള മാനുഷിക പരിഗണന, എണ്ണായിരം ജീവനക്കാരെ നിയമിക്കുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് സർക്കാരിന്റെ മുമ്പിലുള്ളത്. -എ.കെ. ശശീന്ദ്രൻ, ഗതാഗതമന്ത്രി അപ്പീൽ നൽകും താത്കാലിക കണ്ടക്ടർമാരും ഡ്രൈവർമാരും ഒരിക്കലും കെ.എസ്.ആർ.ടി.സി.ക്ക് ബാധ്യതയല്ല. അവരെ നിലനിർത്താൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ഇപ്പോഴത്തേത് അന്തിമ വിധിയല്ല. സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശം ലഭിച്ചില്ല. ജനുവരി രണ്ടിന് കോടതി തുറക്കുമ്പോൾ അപ്പീൽ നൽകും. -ടോമിൻ ജെ. തച്ചങ്കരി, കെ.എസ്.ആർ.ടി.സി. എം.ഡി. Content Highlights: empanel employees dismisel KSRTC
from mathrubhumi.latestnews.rssfeed https://ift.tt/2Cii0zU
via
IFTTT
No comments:
Post a Comment