ന്യൂഡൽഹി: ഒത്തുകളി വിവാദത്തിൽ ആജീവനാന്ത വിലക്കേർപ്പെടുത്തിയ ബി.സി.സി.ഐ. തീരുമാനം കടുത്തുപോയെന്നും തനിക്ക് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാനാവുന്നില്ലെന്നും ശ്രീശാന്ത് സുപ്രീംകോടതിയിൽ. ഒത്തുകളിക്കേസിൽ വിചാരണക്കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും നാലു വർഷമായി വിലക്കു തുടരുകയാണ്. മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് 2000-ലെ ഒത്തുകളി വിവാദത്തെത്തുടർന്ന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് ഒഴിവാക്കി. തന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ബോർഡ് അതു ചെയ്യാത്തതെന്നും ശ്രീശാന്ത് ചോദിച്ചു. ആജീവനാന്ത വിലക്കേർപ്പെടുത്തിയ ബി.സി.സി.ഐ. നടപടി ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ ശ്രീശാന്ത് നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസ് ജനുവരി മൂന്നാംവാരം പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അജയ് രസ്തോഗി എന്നിവരുടെ ബെഞ്ച് പറഞ്ഞു. വിചാരണക്കോടതിയുടെ കുറ്റവിമുക്തനാക്കിയ ഉത്തരവിലെ അപ്പീൽ ഡൽഹി ഹൈക്കോടതി പരിഗണിച്ചുവരികയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഡൽഹി ഹൈക്കോടതി ജനുവരി രണ്ടാം വാരം കേസ് പരിഗണിക്കും. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി കേസ് മൂന്നാംവാരത്തിലേക്ക് മാറ്റിയത്. ശ്രീശാന്തിന് 35 വയസ്സായെന്നും വിലക്ക് നീക്കിയില്ലെങ്കിൽ ഇംഗ്ലണ്ടിലെ ക്ലബ്ബ് ക്രിക്കറ്റുപോലും കളിക്കാനാവില്ലെന്നും അദ്ദേഹത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വാദിച്ചു. ഇംഗ്ലണ്ടിൽനിന്ന് രണ്ടുമൂന്നു വാഗ്ദാനങ്ങൾ വന്നിട്ടുണ്ട്. ഒത്തുകളി ആരോപണം നേരിട്ട മറ്റാർക്കും ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും ഖുർഷിദ് ചൂണ്ടിക്കാട്ടി. അതേസമയം, ശ്രീശാന്തിന്റെ വാദങ്ങളെ ബി.സി.സി.ഐ.ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ പരാഗ് ത്രിപാഠി എതിർത്തു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയത്. ഇത്തരക്കാരോട് ഒട്ടും ക്ഷമിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ റോയൽസ് ടീമംഗമായിരുന്ന ശ്രീശാന്തിനെ ഒത്തുകളിയുടെ പേരിൽ 2013-ൽ അറസ്റ്റുചെയ്തിരുന്നു. തുടർന്നാണ് ബി.സി.സി.ഐ. ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. വിലക്ക് നീക്കിക്കൊണ്ടുള്ള കേരളഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞവർഷം ഒക്ടോബറിൽ റദ്ദാക്കിയിരുന്നു. Content Highlights:Sreesanth, Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/2Prpt3d
via
IFTTT
No comments:
Post a Comment