മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലാണ് ഇന്ത്യ. 28 റൺസുമായി മായങ്ക് അഗർവാളും ആറു റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ഇന്ത്യയ്ക്കിപ്പോൾ 345 റൺസിന്റെ ലീഡായി. ഹനുമ വിഹാരി (13), പൂജാര (0), വിരാട് കോലി (0), രഹാനെ (1), രോഹിത് ശർമ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസീസിനെ 151 റൺസിന് പുറത്താക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 292 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ചായക്കു ശേഷം ആറു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓസീസിന്റെ ശേഷിച്ച മൂന്നു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഓസീസിനെ തകർത്തത്. മാർക്കസ് ഹാരിസ് (22), ഷോൺ മാർഷ് (19), ട്രാവിസ് ഹെഡ് (20), ക്യാപ്റ്റൻ ടിം പെയ്ൻ (22), നഥാൻ ലിയോൺ (0), ഹേസൽവുഡ് (0) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ആരോൺ ഫിഞ്ച് (8), ഉസ്മാൻ ഖ്വാജ (21), മിച്ചൽ മാർഷ് (9), പാറ്റ് കമ്മിൻസ് (17) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ നാലിന് 89 റൺസ് എന്ന നിലയിലായിരുന്നു ഓസീസ്. ഇന്ത്യയ്ക്കായി ജഡേജ രണ്ടും ഇഷാന്ത്, ഷമി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് സ്കോർ 24-ൽ എത്തിയപ്പോൾ ഓപ്പണർ ഫിഞ്ചിനെ നഷ്ടമായി. ഇഷാന്തിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഫ്ളിക്ക് ചെയ്യാൻ ശ്രമിച്ച ഫിഞ്ചിനെ മിഡ് വിക്കറ്റിൽ മായങ്ക് അഗർവാൾ പിടികൂടി. സ്കോർ 36-ൽ എത്തിയപ്പോൾ മാർക്കസ് ഹാരിസും മടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഇതിനിടെ ക്യാപ്റ്റൻ ടിം പെയ്നും പാറ്റ് കമ്മിൻസും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. നേരത്തെ മെല്ലെപ്പോക്കിനൊടുവിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഏഴിന് 443 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ദിവസത്തെ കളി അവസാനിക്കാൻ പത്തിൽ താഴെ ഓവറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇന്ത്യയുടെ ഡിക്ലറേഷൻ. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര (106), അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലി (82), മായങ്ക് അഗർവാൾ (76), രോഹിത് ശർമ (63*) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ചേതേശ്വർ പൂജാരയുടെ സെഞ്ചുറിയായിരുന്നു രണ്ടാം ദിനത്തിലെ പ്രത്യേകത. 280 പന്തുകളിൽ നിന്നാണ് പൂജാര തന്റെ 17-ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയത്. ഈ പരമ്പരയിലെ പൂജാരയുടെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തേ അഡ്ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിലും പൂജാര സെഞ്ചുറി നേടിയിരുന്നു. ഇതോടെ സെഞ്ചുറിയുടെ എണ്ണത്തിന്റെ കാര്യത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു. ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തിൽ പൂജാര ഇപ്പോൾ മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണൊപ്പമെത്തി. Content Highlights: india vs australia 3rd test day 3
from mathrubhumi.latestnews.rssfeed http://bit.ly/2QUnKJn
via
IFTTT
No comments:
Post a Comment