ന്യൂയോർക്ക്: അമേരിക്കയുടെ ജിംനാസ്റ്റിക്സ് ടീം ഡോക്ടറായിരുന്ന ലാറി നാസർ വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ മാപ്പപേക്ഷയുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് കമ്മിറ്റി. അത്ലറ്റുകളെ സംരക്ഷിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അവരോടും കുടുംബങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. അധികൃതരുടെ കഴിവുകേടാണ് ഇത്രയും നീചമായ പ്രവൃത്തി ചെയ്യാൻ നാസറിന് തുണയായതെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ പ്രതികരണം. 265 പെൺകുട്ടികളെങ്കിലും നാസറിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അറസ്റ്റിലായ നാസറിന് പല കേസുകളിലായി കോടതി വിധിച്ചത് 300 വർഷത്തിലേറെ ജയിൽശിക്ഷയാണ്. സംഭവത്തിൽ ഒട്ടേറെ പെൺകുട്ടികൾ കോടതിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുള്ള അമേരിക്കയിലെ പ്രശസ്തരായ താരങ്ങൾ വരെ നാസറിന്റെ ചൂഷണത്തിനിരയായിട്ടുണ്ട്. ഒരു കേസിൽ 175 വർഷം ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞതിങ്ങനെ - നിങ്ങളുടെ മരണവാറണ്ടിലാണ് ഞാൻ ഒപ്പിട്ടിരിക്കുന്നത്. 1986-ലാണ് യു.എസ്.എ ജിംനാസ്റ്റിക്സുമായി ഡോ. നാസർ സഹകരിക്കുന്നത്. ഒളിമ്പിക് ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതല ഈ സംഘടനയ്ക്കാണ്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂളിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു. 1996, 2000, 2008, 2012 ഒളിമ്പിക്സുകളിൽ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. മിഷിഗണിൽ വെച്ചാണ് പെൺകുട്ടികൾ കൂടുതലും ചൂഷണത്തിനിരായത്. 2016-ൽ ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നത് അമേരിക്കയെ ഞെട്ടിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2SFmXIt
via
IFTTT
No comments:
Post a Comment