പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി. ശബരിമല ദര്‍ശനത്തിനായി എത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ടയില്‍ കയറരുതെന്നാണ് ഉപാധികളില്‍ ഒന്ന്. 21 ദിവസത്തിന് ശേഷമാണ് കെ സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്.
രണ്ടുലക്ഷം രൂപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും കെട്ടിവെയ്ക്കണം രണ്ടുപേരുടെ ആള്‍ജാമ്യവും വേണം, സമാനമായ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നിങ്ങിനെയാണ് ജാമ്യം നല്‍കാന്‍ കോടതി മുമ്പോട്ട് വെച്ച മറ്റു ഉപാധികള്‍. ജാമ്യ ഉത്തരവ് ഉച്ചയോടെ കിട്ടിയാല്‍ ഇന്ന് തന്നെ പുറത്തിറങ്ങാം.
പല കാലങ്ങളിലായി വിവിധ സ്‌റ്റേഷനുകളില്‍ സുരേന്ദ്രനെതിരേ 15 കേസുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ ജാമ്യം എടുക്കാതിരുന്ന എട്ടു കേസുകള്‍ വാറന്റായിരുന്നു. സംഘംചേരല്‍, വഴിതടയല്‍, വിവിധ പ്രതിഷേധങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വിവിധ കേസുകള്‍ സര്‍ക്കാര്‍ പുറകേ പുറകേ എടുക്കുകയായിരുന്നു. ഇതിനെല്ലാം ജാമ്യം എടുക്കേണ്ടി വന്നതാണ് സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ അവസരം കിട്ടാതിരുന്നത്.
ശബരിമല വിഷയത്തോടെ ഓരോ കേസുകളില്‍ വീതം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതില്‍ കോടതി പരിഗണിക്കുന്ന ഏറ്റവും അവസാനത്തെ കേസാണ് തൃശൂര്‍ സ്വദേശിനിയെ അക്രമിക്കാന്‍ ശ്രമിച്ചത് എന്നത്. ഗൂഡാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് സുരേന്ദ്രനെതിരേ ചുമത്തിയിരുന്നത്. കോഴിക്കോട്, പത്തനംതിട്ട കോടതികളിലും പൂജപ്പുര ഉള്‍പ്പെടെയുള്ള ജയിലുകളിലുമായി 21 ദിവസമായി ജയിലില്‍ കിടക്കുന്ന സുരേന്ദ്രന് പുതിയ കേസുകളില്‍ കേസെടുക്കാത്ത സാഹചര്യത്തില്‍ ഇന്നുതന്നെ മോചിതനാകാമെന്നാണ് സൂചനകള്‍.
ശബരിമലയില്‍ പോയതിന് കോടതി കഴിഞ്ഞ ദിവസം സുരേന്ദ്രനെ വിമര്‍ശിച്ചിരുന്നു. സുരേന്ദ്രന്‍ സുപ്രീംകോടതിയെ മാനിക്കാതെ പ്രക്ഷോഭം നടത്താന്‍ ശ്രമിച്ചു. 52 കാരിയെ വധിക്കാന്‍ ശ്രമിച്ചു. സന്നിധാനത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവരില്‍ പ്രധാന ആളാണ് സുരേന്ദ്രന്‍ മണ്ഡലകാലം തുടരുന്നതിനാല്‍ ഇനിയും പ്രക്ഷോഭത്തിന് സാധ്യതയുണ്ട് എന്നിവയായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.
എന്നാല്‍ തനിക്കെതിരേയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് സുരേന്ദ്രന്‍ നേരത്തേ കോടതിയില്‍ പറഞ്ഞത്. എത്രകാലം സുരേന്ദ്രനെ ജയിലില്‍ ഇടാന്‍ കഴിയുമെന്ന് കോടതി സര്‍ക്കാരിനോടും ചോദിച്ചിരുന്നു. വധശ്രമം ആരോപിക്കപ്പെട്ട കേസില്‍ ഇരയ്ക്ക് കാര്യമായ പരിക്ക് ഏറ്റിട്ടില്ലെന്നതും ഇതിന് വധശ്രമത്തിന് കേസെടുക്കേണ്ട സാഹചര്യമില്ല എന്നുമായിരുന്നു സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചത്.
from mangalam.com https://ift.tt/2EfTmT3
via IFTTT
No comments:
Post a Comment