ന്യൂഡൽഹി: കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവ് അല്ലാതെ മറ്റൊന്നുമല്ല അഞ്ച് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാതിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത്. ഒന്നരപ്പതിറ്റാണ്ട് കൈവശമിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും ബിജെപിക്ക് കൈവിട്ടുപോയിരിക്കുന്നു. മധ്യപ്രദേശിൽ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയും കൈവിട്ടുപോയി. കോൺഗ്രസ്സാവട്ടെ ഇവിടങ്ങളിലെല്ലാം അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചാഞ്ഞും ചരിഞ്ഞും കളിക്കുന്ന മധ്യപ്രദേശ് ഒഴിച്ച് നിർത്തിയാൽ രണ്ട് സംസ്ഥാനങ്ങളിലുംകേവലഭൂരിപക്ഷം കോൺഗ്രസ് നേടിക്കഴിഞ്ഞു. മധ്യപ്രദേശിൽ ചിലപ്പോൾ ബിഎസ്പിയുടെ പിന്തുണ കോൺഗ്രസിന് തേടേണ്ടി വന്നേക്കാം. എന്തായാലും സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് വെല്ലുവിളിയൊന്നും ഇല്ലെന്ന് തന്നെപറയാം. രാഷ്ട്രീയ ഭാരതത്തിന്റെ ഒരരിക് ചേർന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ശക്തമായി തിരിച്ചുവരുന്നുണ്ടെന്ന അവകാശവാദങ്ങളെ തള്ളിക്കളയാനാണ് ബിജെപി എപ്പോഴും ശ്രമിച്ചത്. എന്നാൽ അതൊന്നും വെറും വാചാടോപം അല്ലായിരുന്നെന്ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. ഗുജറാത്തിൽ നിന്ന് കളി തുടങ്ങിയതാണ് കോൺഗ്രസ്. അഹമ്മദ് പട്ടേലിന്റെ രാജ്യസഭാംഗത്വമായിരുന്നു ആദ്യ പോരാട്ടം. അന്ന് കൃത്യം വോട്ടുകൾ നേടി പട്ടേലിനെ രാജ്യസഭയിലെത്തിക്കാനായത് രാഹുലിന്റെ കുശാഗ്രബുദ്ധിയിൽ തെളിഞ്ഞ അടവ് നയത്തിലൂടെയായിരുന്നു. ബിജെപിയുടെ റിസോർട്ട് രാഷ്ട്രീയത്തെപ്പോലും അതിവിദഗ്ധമായി മറികടന്നാണ് അന്ന് കോൺഗ്രസ് വിജയം തേടിയത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആയിരുന്നു അടുത്ത തട്ടകം.മൃദുഹിന്ദുത്വ സമീപനമെന്ന തേരിൽ കയറി രാഹുൽ ഗാന്ധി നടത്തിയ ക്ഷേത്രസന്ദർശനങ്ങളെ വരെ ബിജെപി ഭയക്കുന്ന അവസ്ഥ വന്നു. ആരോപണപ്രത്യാരോപണങ്ങളുടെ ശരമുനയേറ്റ് ഗുജറാത്ത് തളർന്നു. അവസാനനിമിഷം വരെ ബിജെപിയെ മുൾമുനയിൽ നിർത്താൻ അന്ന് കോൺഗ്രസിന് കഴിഞ്ഞു. ഭരണം നേടാനായില്ലെങ്കിലും രാഹുൽ ഗാന്ധി അതിശക്തനായി മാറിക്കൊണ്ടിരിക്കുകയാണെന്ന തോന്നൽ ശത്രുക്യാമ്പിൽ സജീവമാക്കാൻ ഗുജറാത്ത് തിരഞ്ഞെടുപ്പിനായി. പിന്നെ കളി കണ്ടത് കർണാടകത്തിലാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കഴിഞ്ഞില്ലെങ്കിലും ജെഡിഎസുമായി സഖ്യം ചേർന്ന് ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസിനായി. കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് ഭരണം എന്നതിനൊപ്പം വിശാലപ്രതിപക്ഷസഖ്യം എന്ന മോദിവിരുദ്ധ മുന്നണിക്ക് ആക്കം പകരാനും കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കൊണ്ട് കഴിഞ്ഞു. അതിനിടെ നടന്ന പല ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് മുന്നേറുന്ന കാഴ്ചയും കാണാനായി. മറ്റൊന്ന് പല കക്ഷികളെയും ഒന്നിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്ന രാഹുൽ മാജിക് ആയിരുന്നു. ആശയഭിന്നതയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടെങ്കിലും 2019 തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ ചേരി ശക്തമായിരിക്കുമെന്ന സൂചന തന്നെയാണ് ആ രാഹുൽ മാജികിലൂടെ വെളിവായത്. കോൺഗ്രസിനെ തകർക്കാൻ വേണ്ടി ഉണ്ടാക്കിയ പാർട്ടിയായ തെലുങ്കദേശം പാർട്ടി കോൺഗ്രസിനൊപ്പം ഈ തിരഞ്ഞെടുപ്പിൽ കൈകോർത്തത് തന്നെ ഉദാഹരണം. മോദിപ്രഭാവത്തെ ഒന്നുമല്ലാതാക്കിത്തീർക്കാൻ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന് സാധിച്ചിരിക്കുന്നു. പ്രചാരണഘട്ടത്തിലും എക്സിറ്റ് പോളുകളിലുമെല്ലാം രാഷ്ട്രീയവിചക്ഷണർ ആവർത്തിച്ച് പറഞ്ഞ ആ അട്ടിമറി സംഭവിച്ചിരിക്കുന്നു. മോദിയും ബിജെപിയും പിന്നോട്ടും രാഹുലും കോൺഗ്രസും മുന്നോട്ടും എത്തിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിനെ 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി വിലയിരുത്തുമ്പോൾ ഭാരതഹൃദയഭൂമിയിൽ ബിജെപി പിന്നാക്കം പോയതിനെ ദേശീയതലത്തിലുള്ള മാറ്റത്തിന്റെ ചൂണ്ടുപലകയായി തന്നെ കണക്കാക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/2rxpZD4
via
IFTTT
No comments:
Post a Comment