ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കറെ തോയിബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ പതിനാലു വയസ്സുള്ള ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 18 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിക്കാന്‍ കഴിഞ്ഞത്. നാല് സുരക്ഷാസേനാംഗങ്ങള്‍ക്കും മൂന്ന് നാട്ടുകാര്‍ക്കും ഏറ്റുമുട്ടലില്‍ പരുക്കേറ്റു. ശ്രീനഗറിനെ മുജ്ഗണ്ടില്‍ ഞായറാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്.
മുദസീര്‍ റാഷിദ് പാരേ എന്ന കൗമാരക്കാരനും സാദിഖ് മുഷ്താഖ് , പാകിസ്താന്‍ പൗരനായ അലി ഭായ് എന്നിവരുമാണ് കൊല്ലപ്പെട്ടത്. ഒരു സൈനിക ജവാനും രണ്ട് പോലീസുകാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനുമാണ് പരുക്കേറ്റത്.
ശനിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വിവിധ സേനകള്‍ സംയുക്തമായി പരിശോധനയ്‌ക്കെത്തിയത്.
മുദാസീറിനെ ഓഗസ്റ്റ് 29 മുതല്‍ മന്ദിപോറയിലെ ഹജീനില്‍ നിന്ന് കാണാതായിരുന്നു. സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിലാല്‍ അഹമ്മദിനൊപ്പമാണ് മുദാസീര്‍ വീടുവിട്ടത്. സ്‌കുളില്‍ പോകുന്നുവെന്ന് വീട്ടില്‍ പറഞ്ഞശേഷം പോയ മകനെ പിന്നീട് കണ്ടിട്ടില്ലെന്ന് അമ്മ ഫരീദ ബീഗം പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നവംബര്‍ 29ന് ഒരു എകെ-47 തോക്കുമായി നില്‍ക്കുന്ന മുദാസീറിന്റെ ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മകന്‍ ജീവിപ്പിച്ചിരിപ്പുണ്ടെന്ന് വീട്ടുകാര്‍ അറിഞ്ഞതും അപ്പോഴാണ്.
ചിത്രം കണ്ടതേ, മകനോട് തീവ്രവാദം ഉപേക്ഷിക്കാനും വീട്ടിലേക്ക് തിരിച്ചുവരാനും പറഞ്ഞതായി അമ്മ പറയുന്നു. മകനെ സുരക്ഷിതനാക്കി തിരിച്ചുവിടണമെന്ന് തീവ്രവാദ ഗ്രൂപ്പുകളോടും അഭ്യര്‍ത്ഥിച്ചിരുന്നു. അവന്റെ പിതാവ് സുഖമില്ലാത്ത ആളാണെന്നും തനിക്ക് കേള്‍വി വൈകല്യമുള്ള ഒരു മകനും ഒരു മകളും മാത്രമാണ് ഉള്ളതെന്നും ആ അമ്മ പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മുദസീറിന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും താഴ്‌വരയില്‍ ചിലപ്പോഴൊക്കെ കല്ലേറില്‍ പങ്കെടുത്തിട്ടുണ്ടാവാമെന്നും പോലീസ് പറയുന്നു. ഇയാള്‍ക്കൊപ്പം കൊല്ലപ്പെട്ടവര്‍ മുന്‍പും തീവ്രവാദകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഡിജിപി മുനീര്‍ ഖാന്‍ പറഞ്ഞു.
ഏറ്റുമുട്ടല്‍ വാര്‍ത്ത പരന്നതോടെ ഹജീന്‍ മേഖലയില്‍ സുരക്ഷാസേനയ്ക്കു നേരെ ജനക്കൂട്ടം കല്ലേറ് നടത്തി. ആസാദി, ഇന്ത്യ വിരുദ്ധ മുദ്രാവാക്യവും വിളിച്ചാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. പോലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയാണ് അവരെ പിരിച്ചുവിട്ടത്. ബന്ദിപോറ, ശ്രീനഗര്‍ മേഖലകളില്‍ പോലീസ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്.
from mangalam.com https://ift.tt/2EmzJso
via IFTTT
No comments:
Post a Comment