ഷില്ലോങ്: മേഘാലയയിലെ കിഴക്കൻ ജെയ്ൻഷ്യ പർവ്വതമേഖലയിലുള്ള അനധികൃത കൽക്കരി ഖനിയിൽ മൂന്ന് ദിവസം മുമ്പ് കുടുങ്ങിപ്പോയ 13 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടില്ല. വെള്ളക്കെട്ട് വറ്റിച്ച് ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബുധനാഴ്ച്ച രാത്രി പ്രതീക്ഷിക്കാതെ പെയ്ത അതിശക്തമായ മഴയെത്തുടർന്നാണ് 13 പേർ ഖനിക്കുള്ളിൽ കുടുങ്ങിയത്. സമീപത്തെ നദി കരകവിഞ്ഞതോടെ വെള്ളം ഖനിക്കുള്ളിൽ നിറയുകയായിരുന്നു. കൽക്കരിപ്പൊടിയും ചെളിയും കലങ്ങിയ വെള്ളത്തിലൂടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. ഖനിക്കുള്ളിൽ പല കൈവഴികളുള്ളതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് മണിക്കൂർ ഇടവിട്ട് വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ അറുപതോളം പേർ ഉൾപ്പെട്ട സംഘവും സംസ്ഥാന ദുരന്തനിവാരണസേനയുടെ 12 അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പോലീസ് സംഘവും സ്ഥലത്തുണ്ട.് എലിമടകൾ എന്നറിയപ്പെടുന്ന അനധികൃത ഖനികളിലൊന്നിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. കുട്ടികൾ ഉൾപ്പടെയുള്ളവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഇത്തരം ഖനികളുടെ പ്രവർത്തനം ഭൂഗർഭജലത്തെ മലിനപ്പെടുത്തുന്നതാണെന്ന് കാണിച്ച് ദേശീയ ഹരിതട്രിബ്യൂണൽ 2014ൽ ഇവയുടെ പ്രവർത്തനം നിരോധിച്ചിട്ടുള്ളതാണ്. 370 അടി ആഴത്തിലുള്ള ഖനിയിലാണ് ഇപ്പോൾ 70 അടിയോളം ഉയരത്തിൽ വെള്ളം കയറിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ഗ്രാമീണരിൽ നിന്ന് ശേഖരിച്ച വിവരങ്ങളനുസരിച്ചാണ് 13 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് പറയുന്നത്. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടാകാം എന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2QWweib
via
IFTTT
No comments:
Post a Comment