തിരുവനന്തപുരം: ഡിസംബർ 14 മുതൽ 17 വരെ അഹമ്മദാബാദിൽ വച്ച് നടക്കുന്ന എട്ടാമത് വേൾഡ് ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടിയിൽ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് കേന്ദ്ര സർക്കാറിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയായതിനാലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്. മന്ത്രിയുടെ ഗുജറാത്ത് യാത്ര സംബന്ധിച്ച് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. കേന്ദ്ര ആയുഷ് വകുപ്പിന്റേയും സി.സി.ആർ.എ.എസിന്റേയും നേതൃത്വത്തിൽ നടന്നുവരുന്ന പരിപാടിയാണ് ലോക ആയുർവേദ കോൺഗ്രസ് എന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആയുർവേദ കോൺഗ്രസ് സംഘടിപ്പിച്ചു വരുന്നത്. 2002ലാണ് ഇത്തരത്തിലൊരു ആയുർവേദ കോൺഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ വച്ചാണ് ആദ്യത്തെ വേൾഡ് ആയുർവേദ കോൺഗ്രസ് നടന്നത്. അന്നത്തെ കേന്ദ്രമന്ത്രി ശത്രുഹ്നൻ സിൻഹ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുകയും ചെയ്തു. പിന്നീട് തുടർച്ചയായി വിവിധ സംസ്ഥാനങ്ങളിൽ ആയുഷ് കോൺഗ്രസ് നടന്നിട്ടുണ്ട്. പിന്നീടുള്ള എല്ലാ ആയുർവേദ കോൺഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം പങ്കെടുക്കാറുമുണ്ട്. കേന്ദ്ര ആയുഷ് ഡിപ്പാർട്ടുമെന്റും ഏത് സംസ്ഥാനത്താണോ വേൾഡ് ആയുർവേദ കോൺഗ്രസ് നടക്കുന്നത് ആ സംസ്ഥാനത്തിലെ ആയുഷ് ഡിപ്പാർട്ടുമെന്റും ചേർന്നാണ് പരിപാടി നടത്തുന്നത്. വേൾഡ് ആയുർവേദ കോൺഗ്രസ് നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ചയും കോ ചെയർപേഴ്സൺ കേന്ദ്ര ആയുഷ് മന്ത്രാലയം ജോ. സെക്രട്ടറി പി.എൻ. രഞ്ജിത്ത് കുമാറുമാണ്. സി.എസ്.ഐ.ആർ., സി.സി.ആർ.എ.എസ്. എന്നിവയുടെ അധ്യക്ഷൻമാരും കേന്ദ്ര ഗവൺമെന്റ്, ആയുഷ് അഡൈ്വസർ എന്നിവരും ചേർന്നാണ് നാഷണൽ സ്റ്റിയറിംഗ് കമ്മറ്റി. വേൾഡ് ആയുർവേദ കോൺഗ്രസിന്റെ സംഘാടകസമിതി ചെയർപേഴ്സൺ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് ജനറൽ പ്രൊഫസർ കെ.എസ്. ധീമാൻ ആണ്. കോ ചെയർപേഴ്സൺ ഡോ. പി.എം. വാര്യർ (കോട്ടക്കൽ ആര്യവൈദ്യശാല) ഡോ. തനുജ മനോജ് നൈസരി (ഡയറക്ടർ, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ന്യൂഡൽഹി) എന്നിവരും ജനറൽ സെക്രട്ടറി പ്രൊഫസർ പവൻകുമാർ ഗോഡ്വർ (നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ആയുർവേദ)യും ആണ്. മാത്രമല്ല ഉദ്ഘാടന പരിപാടിയിൽ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായികും ആയുഷ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അതിനാൽതന്നെ തെറ്റായ പ്രചരണം നടത്തരുതെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. content highlights:world ayurveda congress, K.K.Sailaja Teacher, K.K.Shailaja contraversy
from mathrubhumi.latestnews.rssfeed https://ift.tt/2S2fJP1
via
IFTTT
No comments:
Post a Comment