ഭുവനേശ്വർ: ജീവൻ അവസാനിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ട്പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാരിയായ നരസിംഹ പൂജാപാണ്ഡ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഭക്തരിൽ നിന്ന് ദക്ഷിണയോ സംഭാവനകളോ സമ്മാനങ്ങളോ ക്ഷേത്രപൂജാരിമാർ സ്വീകരിക്കുതെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് നിത്യവൃത്തിക്കായി കഷ്ടപ്പെടേണ്ടി വരികയാണെന്നും അതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഒഡിഷയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരിമാരുടെ നിയമനത്തെക്കുറിച്ചും ചുമതലകളെക്കുറിച്ചും 2018 ജൂലായിൽ സുപ്രീംകോടതി നിർണായക വിധി പ്രസ്താവിച്ചിരുന്നു. സന്ദർശകരുടെ തിരക്ക് നിയന്ത്രണാതീതമായ ക്ഷേത്രത്തിൽ പ്രവേശനത്തിനുള്ള മുൻഗണനക്കായി പൂജാരിമാർക്കും സഹായികൾക്കും പണം നൽകാവുന്ന സൗകര്യം സുപ്രീം കോടതി വിധിയോടെ നിർത്തലാക്കി. ദർശനത്തിനുള്ള സൗകര്യം സുതാര്യമാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഈ വിധിയിലൂടെ പൂജാരിമാരുടെ നിയമനരീതികളിലും ഭേദഗതി വരുത്തിയിരുന്നു. ക്ഷേത്രപൂജാരിമാരും സംസ്ഥാനസർക്കാരും തമ്മിൽ ശീതയുദ്ധത്തിന് സുപ്രീംകോടതിയുടെ വിധി വഴി തെളിക്കുകയും ചെയ്തു.വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധസമരങ്ങൾ നടക്കുകയും ചെയ്തു. ഭക്തരിൽ നിന്നും സന്ദർശകരിൽ നിന്നുമുള്ള വരുമാനം നഷ്ടമായതോടെ ജീവിതമാർഗം തടസപ്പെട്ടുവെന്നാണ് ക്ഷേത്രജീവനക്കാരുടെ പരാതി. വിധിയെ തുടർന്ന് ക്ഷേത്രഭരണസമിതി ഒക്ടോബർ ഒന്നു മുതൽ പുതിയ പരിഷ്കാരം നടപ്പിലാക്കി. സന്ദർശകർക്ക് ഇതോടെ ക്യൂ നിലവിൽ വരികയും ചെയ്തു. പുരി ക്ഷേത്രത്തിലെ രത്നഭണ്ഡാർ എന്ന നിലവറയിൽ പരിശോധന നടത്താനുള്ള പുരാവസ്തുവിഭാഗത്തിന്റെ തീരുമാനത്തെ എതിർത്ത് ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിനരസിംഹപൂജാപാണ്ഡ ഇതിനു മുമ്പെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭക്തരിൽ നിന്ന് ദക്ഷിണ സ്വീകരിക്കാനുള്ള അനുമതി സുപ്രീം കോടതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നരസിംഹ വീണ്ടും മാധ്യമശ്രദ്ധാകേന്ദ്രമാകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2yJ7waA
via
IFTTT
No comments:
Post a Comment