ന്യൂഡൽഹി: വായുമലിനീകരണത്തെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ വിവിധ മാർഗങ്ങൾ തേടുന്നതിനിടെ വീടുകളിൽ നിന്ന് പുറന്തള്ളുന്ന പുകയിലും വിഷാംശമുണ്ടെന്ന കണ്ടെത്തലുമായി യുഎൻ റിപ്പോർട്ട്. ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിൽ 22 മുതൽ 55 ശതമാനം വരെ പങ്ക് വീടുകളിൽ നിന്ന് പുറന്തള്ളുന്ന പുകയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ പുകമഞ്ഞ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ നേരിടാൻ ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങൾ പൊട്ടിക്കുന്നതിന് വരെ സർക്കാരും സുപ്രീംകോടതിയും നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പൊതുഇടങ്ങളിൽ നിന്നുള്ളതു മാത്രമല്ല വീടുകളിൽ നിന്നുയരുന്ന പുകയും അന്തരീക്ഷവായുവിനെ വിഷലിപ്തമാക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വായുവിനെ വിഷരഹിതമാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. വിഷപ്പുക നിയന്ത്രിക്കാൻ വിവിധ മാർഗങ്ങളും റിപ്പോർട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. ശുദ്ധമായ ഇന്ധനങ്ങൾ ഉപയോഗിക്കണമെന്നും പ്രകൃതിവാതകം,എൽപിജി ഉപയോഗം എന്നിവയിൽ ശുദ്ധി ഉറപ്പ് വരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക എന്നീ പരിഹാര മാർഗങ്ങളും റിപ്പോർട്ടിലുണ്ട്. ഇതുവരെ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടില്ലെങ്കിലും പൊതുഇടങ്ങളിൽ നിന്നുയരുന്ന വിഷവാതകങ്ങൾക്കൊപ്പം തന്നെ അപകടകരമാണ് വീടുകളിൽ നിന്ന് പുറന്തള്ളുന്ന വാതകങ്ങളുമെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. വീടുകളിൽ നിന്നുള്ള വിഷപ്പുക ശ്വസിക്കുന്ന കുട്ടികളിൽ പഠനവൈകല്യം വരെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2OZqsw2
via
IFTTT
No comments:
Post a Comment