തിരുവനന്തപുരം: സി.പി.ഐയും എൽ.ജെ.ഡി നേതാവ് എം.പി വീരേന്ദ്രകുമാറും ശബരിമല വിഷയത്തിലെ പിടിവാശി ഒഴിവാക്കാൻ മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമപ്രവർത്തകരം ബുദ്ധിജീവികളും വിഷയത്തിൽ ഇടപെടണം. മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാനത്ത് ശുദ്ധ ഫാസിസം നടപ്പാക്കിയിരിക്കയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു ശബരിമലയിൽ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഉളളത്. സ്ഫോടനാത്മകവും അതീവ സങ്കീർണവുമായ സ്ഥിതി വിശേഷമാണ് ഉള്ളത്. അത് അർഹിക്കുന്ന ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണ്. ആയിരക്കണക്കിന് പോലീസുകാരെ വിന്യസിപ്പിച്ചുകൊണ്ട് വിശ്വാസികളെ വെല്ലുവിളിക്കുകയും അടിച്ചമർത്തുകയുമാണ് സർക്കാർ ചെയ്യുന്നത്. ശരണം വിളി മുഴങ്ങേണ്ട പൂങ്കാവനത്തിൽ ഇപ്പോൾ മുഴങ്ങുന്നത് പോർവിളികളാണ്. ശബരിമലയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണിത്. എല്ലാ മലയാളികളുടെയും ഹൃദയം പൊട്ടുകയാണ്. വിശ്വാസികളുടെ ഹൃദയം പൊട്ടുകയാണ്. സാമുദായിക ചേരിതിരിവിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുക എന്നാണ് സി.പി.എമ്മിന്റെ ലക്ഷ്യം. മുഖ്യമന്ത്രി സവർണ്ണ അവർണ്ണ യുദ്ധമായാണ് ശബരിമലയെ വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാനാവില്ല. ജാതി രാഷ്ട്രീയത്തിലേക്ക് വീണ്ടും വലിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണിത്. പിടിവാശിയും മർക്കട മുഷ്ടിയും ഉപേക്ഷിച്ച് സമാധാനത്തിന്റെ മാർഗത്തിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാൻ മുഖ്യമന്ത്രി തയ്യാറാവണം. കണ്ണൂരിലെ ചാവ് നിലങ്ങളിൽ നിന്ന് ചാവേറുകൾക്ക് പരിശീലനം നൽകി ശബരിമലയിലെത്തിക്കാനാണ് സി.പി.എമ്മും ആർ.എസ്.എസും ശ്രമിക്കുന്നത്. സുപ്രീം കോടതി വിധി ആർ.എസ്.എസും ബി.ജെ.പിയും പിടിവള്ളിയായി ഉപയോഗിക്കുകയാണ്. അമിത് ഷാ കേരളത്തിലെത്തിയത് യാദൃശ്ചികമായല്ല. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സി.പി.എം അനുഭാവികൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. എന്നും വിവേകപൂർണമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള സി.പി.ഐ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. മൗനം വെടിയാൻ സി.പി.ഐ തയ്യാറാവണം. സി.പി.ഐയും എൽ.ജെ.ഡിയും മാതൃകാപരമായ നിലപാട് സ്വീകരിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/2DkpK6i
via
IFTTT
No comments:
Post a Comment