ശബരിമല: ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല നടതുറക്കുന്നതിനു മുന്നോടിയായി ശനിയാഴ്ചമുതൽ പത്തനംതിട്ട സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. ഇതോടെ മേഖല കടുത്ത പോലീസ് നിയന്ത്രണത്തിലാകും. ശനിയാഴ്ച അർധരാത്രിമുതൽ ചൊവ്വാഴ്ച അർധരാത്രിവരെ ഇലവുങ്കൽ മുതൽ സന്നിധാനംവരെ ജില്ലാ കളക്ടർ പി.ബി. നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മാത്രമേ തീർഥാടകരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും അവിടെനിന്ന് സന്നിധാനത്തേക്കും കടത്തിവിടൂ. സുരക്ഷാ പരിശോധനകൾക്കുശേഷമാകും ഇത്. ഭക്തരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാൻ അനുവദിക്കുകയോ ചെയ്യില്ല. വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവ പ്രത്യേക സുരക്ഷാമേഖലയാക്കി പ്രഖ്യാപിച്ചു. ഇൗ പ്രദേശങ്ങളുടെ നിയന്ത്രണം ശനിയാഴ്ച പോലീസ് ഏറ്റെടുക്കും. ദക്ഷിണമേഖലാ എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ രണ്ട് ഐ.ജി.മാർ, അഞ്ച് എസ്.പി.മാർ, 10 ഡിവൈ.എസ്.പി.മാർ എന്നിവരുൾപ്പെടെ 1200 പോലീസുകാരെയാണ് നിയോഗിച്ചത്. ശനിയാഴ്ചമുതൽ വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ നാല് സെക്ടറുകളിലാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. യുവതികൾ ദർശനത്തിനു വന്നാൽ സുപ്രീംകോടതി വിധി പാലിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് എസ്.പി. ടി. നാരായണൻ അറിയിച്ചു. യുവതീപ്രവേശം തടയാൻ വിവിധ സംഘടനകൾ ഒരുങ്ങുന്നതിനാൽ നിലയ്ക്കലിലേക്ക് വരുന്ന വാഹനങ്ങൾ പോലീസ് പരിശോധിക്കും. എരുമേലി, ളാഹ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പോലീസ് യാത്രക്കാരുടെ വാഹന നമ്പറും വിവരങ്ങളും ശേഖരിക്കും. യുവതീപ്രവേശം തടയാൻ ആർ.എസ്.എസ്. നേതൃത്വത്തിലുള്ള കൂട്ടായ്മയും സന്നിധാനത്തും പരിസരത്തുമുണ്ടാകും. മുതിർന്ന ആർ.എസ്.എസ്. നേതാവാണ് നീക്കങ്ങൾ ഏകോപിപ്പിക്കുന്നത്. തുലാമാസപൂജാ സമയത്ത് ചെയ്തതുപോലെ ശരണംവിളിച്ചുള്ള സമരമാണ് ആലോചിക്കുന്നത്. ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകരെ 24 മണിക്കൂർ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്നതിനാൽ പ്രതിരോധം എളുപ്പമാണെന്നാണ് അവരുടെ വിലയിരുത്തൽ. നട തിങ്കളാഴ്ച തുറക്കും-ചിത്തിര ആട്ടവിശേഷത്തിന് ശബരിമലനട അഞ്ചിന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേകപൂജകൾ ഒന്നുമില്ല. ആറിന് സഹസ്രകലശം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. രാത്രി 10-ന് നട അടയ്ക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2zs0mXN
via
IFTTT
No comments:
Post a Comment