ന്യൂഡൽഹി: ശബരിമലയിൽ മാസ്റ്റർപ്ലാൻ അനുസരിച്ച് നിയമവിധേയമായ നിർമാണ പ്രവർത്തനങ്ങളാകാമെന്ന് സുപ്രീംകോടതി. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനൽകി. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച അനധികൃതമല്ലാത്ത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താമെന്നും ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലെ വനഭൂമിയിലും പമ്പാതീരത്തും നിയമവിരുദ്ധമായാണ് ഒട്ടേറെ കെട്ടിടങ്ങൾ നിർമിച്ചത്. അതിനാൽ പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്താനോ പുതിയത് നിർമിക്കാനോ അനുവദിക്കരുത്. പമ്പാതീരത്തുള്ള നിർമാണങ്ങളെല്ലാം നിയമവിരുദ്ധമാണെന്നും ഉന്നതാധികാരസമിതി (സെൻട്രൽ എംപവേഡ് കമ്മിറ്റി)യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമിക്കസ് ക്യൂറി വാദിച്ചു. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തടയാൻ ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. പലതും അടിസ്ഥാന സൗകര്യങ്ങൾക്കുള്ളതാണെന്നും ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന സീസൺ ആരംഭിക്കുകയാണെന്നും സംസ്ഥാനസർക്കാരും ദേവസ്വംബോർഡും ചൂണ്ടിക്കാട്ടി. മണ്ഡലകാലത്ത് എത്തുന്ന തീർഥാടകർക്ക് സൗകര്യമൊരുക്കണമെന്നും അവർ വ്യക്തമാക്കി. റിപ്പോർട്ടിൻമേൽ മറുപടി നൽകാൻ നാലാഴ്ച സമയം വേണമെന്ന് ദേവസ്വംബോർഡ് ആവശ്യപ്പെട്ടു. പ്രളയത്തിൽ തകർന്ന ശൗചാലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെങ്കിലും പുനർനിർമിക്കാൻ അനുവദിക്കണമെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ െജയ്ദീപ് ഗുപ്ത ആവശ്യപ്പെട്ടു. പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ വീണ്ടും നിർമിച്ചാൽതന്നെ, അവ നിയമവിരുദ്ധമാണെന്ന് പിന്നീട് കണ്ടെത്തിയാൽ പൊളിച്ചുകളയാമെന്ന് സർക്കാർ ഉറപ്പു നൽകണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടത്താൻ പണം ചെലവിട്ടു എന്ന കാരണത്താൽ അനധികൃത നിർമാണം സംരക്ഷിക്കാനാവില്ല -ബെഞ്ച് ചൂണ്ടിക്കാട്ടി. അനധികൃതമാണെങ്കിൽ പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ജസ്റ്റിസ് ഖൻവിൽക്കർ മുന്നറിയിപ്പ് നൽകി. അനധികൃതമായ കെട്ടിടങ്ങളാണെങ്കിൽ എങ്ങനെയാണ് അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിൽ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്നല്ല, മറിച്ച് മാസ്റ്റർ പ്ലാൻ ലംഘിക്കരുതെന്നാണ് പറയുന്നതെന്ന് ഹർജിക്കാരനായ പ്രൊഫ. ടി. ശോഭീന്ദ്രൻ വ്യക്തമാക്കി. ശബരിമലയിലെ ലേ ഔട്ട് പ്ലാൻ ഏതാണ്ട് തയ്യാറായിക്കഴിഞ്ഞതായി ദേവസ്വംബോർഡിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേസ് ജനുവരി പകുതിക്കുശേഷം വീണ്ടും പരിഗണിച്ചേക്കും. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വനഭൂമിയിൽ നിർമാണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിറക്കണമെന്നാണ് ഉന്നതാധികാരസമിതിയുടെ റിപ്പോർട്ടിലെ മുഖ്യ ശുപാർശ. ലേഔട്ട് പ്ലാനിന് അന്തിമ രൂപമാകുംവരെ വനഭൂമിയിൽ നിർമാണങ്ങളൊന്നും പാടില്ല. കുടിവെള്ള വിതരണം, ശൗചാലയങ്ങൾ, അഴുക്കുചാലുകൾ എന്നിവയുടെ പ്രവർത്തനങ്ങളാകാം. വെള്ളപ്പൊക്കത്തിൽ തകർന്ന പമ്പാതീരത്തെ കെട്ടിടങ്ങളൊന്നും പുതുക്കിപ്പണിയുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യരുതെന്നും സമിതി ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2CZPDaM
via
IFTTT
No comments:
Post a Comment